Image

രാഷ്ട്രീയ വൈരി ജി സുധാകരന് മുമ്പാകെ പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്തു; ഇത് കാലത്തിന്റെ കാവ്യ നീതി

എ.എസ് ശ്രീകുമാര്‍ Published on 21 May, 2026
രാഷ്ട്രീയ വൈരി ജി സുധാകരന് മുമ്പാകെ പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്തു; ഇത് കാലത്തിന്റെ കാവ്യ നീതി

''ഇത് കാലത്തിന്റെ കാലത്തിന്റെ കാവ്യ നീതിയാണ്...'' എന്ന് നമ്മള്‍ പറയാറുള്ളത് ചിലപ്പോഴൊക്കെ സത്യമായി വരാറുണ്ട്. കാലത്തിന്റെ കാവ്യനീതി എന്നത്, കാലം അതിന്റേതായ രീതിയില്‍ കര്‍മ്മഫലം നല്‍കുന്നതിനെ സൂചിപ്പിക്കുന്ന സാഹിത്യ-ദാര്‍ശനിക പ്രയോഗമാണ്. സാഹിത്യത്തില്‍ ഈ ആശയത്തിന് സമാനമായി, ദുഷ്ടര്‍ക്ക് അര്‍ഹമായ ശിക്ഷയും, നീതിനിഷ്ഠയുള്ളവര്‍ക്ക് ഒടുവില്‍ പ്രതിഫലവും ലഭിക്കുന്നുവെന്നാണര്‍ത്ഥം. രാഷ്ട്രീയമായി പിണറായി വിജയന്റെ തോല്‍വിയാണ് ഇന്ന് ഈ ദര്‍ശനത്തെ സാധൂകരിക്കുന്നത്. രാഷ്ട്രീയ കേന്ദ്രങ്ങള്‍ ആകാംക്ഷയോടെ ഉറ്റുനോക്കിരുന്ന കൗതുക നിമിഷങ്ങള്‍ക്ക് നിയമസഭാ മന്ദിരം ഇന്ന് സാക്ഷ്യം വഹിച്ചു. സി.പി.എം ക്യാമ്പ് വിട്ട് യു.ഡി.എഫ് പിന്തുണയോടെ നിയമസഭയിലെത്തുകയും പ്രോടേം സ്പീക്കാറായി ചുമതലയേല്‍ക്കുകയും ചെയ്ത മുതിര്‍ന്ന നേതാവ് ജി സുധാകരന് മുന്നില്‍ മുന്‍ മുഖ്യമന്ത്രിയും പുതിയ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍ എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്തതിനെയാണ് ''ഇത് കാലത്തിന്റെ കാലത്തിന്റെ കാവ്യ നീതി...'' എന്ന് വിശേഷിപ്പിക്കപ്പെട്ടത്.

നിയമസഭാ തിരഞ്ഞെടുപ്പിന്  മുമ്പ് സി.പി.എം നേതൃത്വവുമായി കടുത്ത ഭിന്നതയിലായിരുന്ന ജി സുധാകരനെ അനുനയിപ്പിക്കാന്‍ പാര്‍ട്ടി അഖിലേന്ത്യാ സെക്രട്ടറി എം.എ ബേബിയടക്കം പല മുതിര്‍ന്ന നേതാക്കളും അദ്ദേഹത്തിന്റെ അമ്പലപ്പുഴയിലുള്ള വീട്ടിലെത്തിയിരുന്നു. ഇതിനിടെ പിണറായി വിജയന്‍ നേരിട്ടെത്തുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എങ്കിലും, ആലപ്പുഴയിലെത്തിയിട്ടും സുധാകരനെ കാണാന്‍ പിണറായി എത്താതിരുന്നത് വലിയ ചര്‍ച്ചയായി. അതിനാല്‍ തന്നെ പ്രോടേം സ്പീക്കര്‍ സുധാകരന് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ പിണറായി വിജയന്‍ എത്തുമോ എന്നതായിരുന്നു രാഷ്ട്രീയ കേരളം ഉറ്റുനോക്കിയിരുന്നത്. പക്ഷേ, എം.എല്‍.എ ലിസ്റ്റിലെ അക്ഷരമാലാ ക്രമമനുസരിച്ച് 133-ാം് പേരുകാരനായി വേദിയിലെത്തിയ പിണറായി വിജയന്‍ സഗൗരവം സത്യപ്രതിജ്ഞ പൂര്‍ത്തിയാക്കി. തുടര്‍ന്ന് ജി സുധാകരന് നിറഞ്ഞ ചിരിയോടെ ഹസ്തദാനം നല്‍കി പരസ്പരം സൗഹൃദം പങ്കുവെച്ച ശേഷം പിണറായി വിജയന്‍ തന്റെ സീറ്റിലേക്ക് മടങ്ങുകയായിരുന്നു.

രാഷ്ട്രീയത്തില്‍ വ്യക്തിപരമായ ശത്രുതയ്‌ക്കോ വൈരാഗ്യങ്ങള്‍ക്കോ യാതൊരുവിധ സ്ഥാനവുമില്ലെന്ന് നിയമസഭയുടെ പ്രോടേം സ്പീക്കറായി മെയ് 20-ാം തീയതി ബുധനാഴ്ച ചുമതലയേറ്റ ജി സുധാകരന്‍ അഭിപ്രായപ്പെട്ടിരുന്നു. സി.പി.എം ടിക്കറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടി വിടുകയും അമ്പലപ്പുഴ മണ്ഡലത്തില്‍ നിന്ന് യു.ഡി.എഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിക്കുകയും ചെയ്ത സുധാകരന്‍, പിണറായി വിജയനുമായി തനിക്ക് യാതൊരുവിധ വ്യക്തിവൈരാഗ്യവുമില്ലെന്നാണ് പറഞ്ഞത്. നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മറ്റ് ജനപ്രതിനിധികളെപ്പോലെ തന്നെയാണ് താന്‍ പിണറായി വിജയനെയും കാണുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി.

അതേസമയം, പതിനാറാം നിയമസഭയിലെ നിയുക്ത എം.എല്‍.എമാര്‍ എല്ലവരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇന്ന് രാവിലെ ഒന്‍പതുമണിയോടെയായിരുന്നു ചടങ്ങുകള്‍. അംഗങ്ങളുടെ പേരിന്റെ അക്ഷരമാലാക്രമത്തിലായിരുന്നു സത്യപ്രതിജ്ഞ. പ്രോടേം സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ജി സുധാകരനാണ് സഭാനടപടികള്‍ നിയന്ത്രിച്ചത്. ആദ്യം സത്യപ്രതിജ്ഞ ചെയ്തത് കളമശ്ശേരി എം.എല്‍.എയും ഫിഷറീസ് വകുപ്പുമന്ത്രിയുമായ വി.ഇ അബ്ദുള്‍ ഗഫൂര്‍ ആയിരുന്നു. ബുധനാഴ്ച ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്ക് മുന്‍പാകെയാണ് സുധാകരന്‍ സത്യവാചകം ചൊല്ലിയത്. ഇനി 22-ാം തീയതിയിലുള്ള സ്പീക്കര്‍ തിരഞ്ഞെടുപ്പ് ചട്ടപ്രകാരമുള്ള സാങ്കേതിക നടപടിയാണ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് നിയുക്ത സ്പീക്കര്‍.

ജി സുധാകരന്റെ സി.പി.എം ബന്ധമുപേക്ഷിക്കല്‍ തിരഞ്ഞടുപ്പുകാലത്തെ വലിയ പൊട്ടിത്തെറികളിലൊന്നായിരുന്നു. ഒടുവില്‍ അദ്ദേഹം കളം മാറിയപ്പോള്‍  തോല്‍പ്പിക്കാനും കൊണ്ടുപിടിച്ച ശ്രമങ്ങളുണ്ടായി. സാഹിത്യത്തില്‍ കഥാപാത്രങ്ങളുടെ സ്വഭാവത്തിനും പ്രവൃത്തികള്‍ക്കുമനുസരിച്ച് നന്മയോ തിന്മയോ സംഭവിക്കുന്നത് നാം വായിച്ചറിഞ്ഞിട്ടുണ്ട്. ചെയ്ത തെറ്റുകള്‍ക്ക് അതേ നാണയത്തില്‍ തന്നെയുള്ള പ്രതിഫലം കഥാപാത്രങ്ങള്‍ക്ക് ഒടുവില്‍ ലഭിക്കുന്നു. ദൈനംദിന ജീവിതത്തിലും കാലത്തിന്റെ കാവ്യ നീതി എന്ന പ്രയോഗത്തിന്റെ അര്‍ത്ഥവ്യാപ്തി പ്രതിഫലിക്കുന്നു. ഇന്നിപ്പോള്‍ രാഷ്ട്രീയത്തിലും അത് സംഭവിച്ചു. ഒരുപാട് പേരെ വേദനിപ്പിച്ചവര്‍ക്ക്, കാലം മുന്നോട്ട് പോകുമ്പോള്‍ തക്കതായ തിരിച്ചടികള്‍ ഈ ജീവിതത്തില്‍ തന്നെ ലഭിക്കുന്നു. പ്രതിസന്ധികളിലും വേദനകളിലും നീതി നിഷേധിക്കപ്പെട്ടവര്‍ക്ക്, കാലക്രമേണ കാലം തന്നെ അര്‍ഹമായ അംഗീകാരവും വിജയവും തിരികെ നല്‍കും. ധാര്‍മ്മികതയുടെയും, കാലത്തിന്റെ അലംഘനീയമായ നിയമത്തിന്റെയും വിജയത്തെയാണ് ഇത് എപ്പോഴും ഓര്‍മ്മിപ്പിക്കുന്നത്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക