Image

ഗാസയിലേക്കു പോയ ആക്ടിവിസ്റ്റുകളെ ഇസ്രയേൽ തടവിലാക്കി പീഡിപ്പിച്ചതിൽ വ്യാപകമായ രോഷം (പിപിഎം)

Published on 21 May, 2026
 ഗാസയിലേക്കു പോയ ആക്ടിവിസ്റ്റുകളെ ഇസ്രയേൽ തടവിലാക്കി പീഡിപ്പിച്ചതിൽ വ്യാപകമായ രോഷം (പിപിഎം)

ഗാസയിലേക്കു മാനുഷിക സഹായവുമായി പോയ അന്താരാഷ്ട്ര ആക്ടിവിസ്റ്റുകളെ ഇസ്രയേലി സൈനികർ പീഡിപ്പിക്കുന്നതിന്റെ വീഡിയോ വ്യാപകമായ രോഷം ക്ഷണിച്ചു വരുത്തി. ഏഴു യൂറോപ്യൻ രാജ്യങ്ങൾ ഉൾപ്പെടെ 10 രാജ്യങ്ങളിൽ ഇസ്രയേലി അംബാസഡർമാരെ വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ചു.

ഇസ്രയേലിന്റെ ദേശരക്ഷാ മന്ത്രി ഇത്തമാർ ബെൻ-ഗ്വിർ പുറത്തു വിട്ട  വീഡിയോയിൽ  ആക്ടിവിസ്റ്റുകളെ നാണം കെടുത്തുന്നത് കാണാം.

കാനഡ, ഇറ്റലി, ഫ്രാൻസ്, സ്പെയ്ൻ, ബെൽജിയം, നെതർലൻഡ്‌സ്‌, പോർച്ചുഗൽ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ്, പോളണ്ട് എന്നീ രാജ്യങ്ങളാണ് അംബാസഡർമാരെ വിളിച്ചു വരുത്തിയത്.

ഗാസയിലേക്കു പോയ ഗ്ലോബൽ സമുദ് എന്ന ഫ്ലോട്ടിലയിൽ ഉണ്ടായിരുന്ന ഈ രാജ്യങ്ങളിലെ മാനുഷിക പ്രവർത്തകരെ തടഞ്ഞു വച്ചു പീഡിപ്പിക്കയാണ് ഇസ്രയേൽ ചെയ്തത്.

കാനഡയുടെ നടപടി പ്രധാനമന്ത്രി മാർക്ക് കാർണി തന്നെ എക്‌സിൽ അറിയിച്ചു. കനേഡിയൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ ഇസ്രയേലിനോട് വിദേശകാര്യ മന്ത്രി ആവശ്യപ്പെട്ടെന്നു അദ്ദേഹം വെളിപ്പെടുത്തി.

മന്ത്രി ബെൻ-ഗ്വിറിന്റെ ആസ്തികൾ കാനഡ മരവിപ്പിച്ചു, യാത്രാ വിലക്കു ഏർപ്പെടുത്തുകയും ചെയ്തു. അദ്ദേഹം അക്രമത്തിനു ആവർത്തിച്ച് പ്രകോപനം നൽകുന്നു എന്ന് കാർണി ചൂണ്ടിക്കാട്ടി.

ഫ്ലോട്ടിലയിൽ 11 കനേഡിയൻ പൗരന്മാർ ഉണ്ടായിരുന്നുവെന്ന് 'അൽ ജസീറ' പറഞ്ഞു.

പലസ്തീൻ അനുകൂലികളായ ആക്ടിവിസ്റ്റുകളെ മന്ത്രി പരിഹസിക്കുന്നത് 62 സെക്കൻഡ് വിഡിയോയിൽ കാണാം. അവരെ പ്ലാസ്റ്റിക് കേബിൾ കൊണ്ട് കെട്ടി മുട്ടു കുത്തി നിർത്തിയിരിക്കയാണ്.

44 രാജ്യങ്ങളിൽ നിന്നായി 428 സമാധാന പ്രവർത്തകരാണ് ഫ്ലോട്ടിലയിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ വ്യാഴാഴ്ച്ച തുർക്കിയിൽ നിന്ന് അവർ യാത്ര ആരംഭിച്ചു.

അവരെ പീഡിപ്പിച്ചതറിഞ്ഞു യൂറോപ്യൻ രാജ്യങ്ങൾ നയതന്ത്ര നീക്കങ്ങൾ നടത്തി. ഇസ്രയേലിന്റെ അംബാസഡറെ ഇറ്റലി വിളിച്ചു വരുത്തി തങ്ങളുടെ പൗരന്മാരെ ഉടൻ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ടു.

ഏറ്റവും നിന്ദ്യമായ രീതിയിൽ ആക്ടിവിസ്റ്റുകളെ പീഡിപ്പിച്ചതിൽ രോഷം അറിയിച്ചെന്നു പോളണ്ട് വ്യക്തമാക്കി.

സ്‌പെയ്‌നിൽ ഇസ്രയേലി എംബസി ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തിയ വിദേശകാര്യ മന്ത്രി ഹോസെ മാനുവൽ അൽബറാസ് 'പ്രാകൃതവും മനുഷ്യത്വ രഹിതവുമായ' പെരുമാറ്റത്തെ പരസ്യമായി അപലപിച്ചു.

ഫ്രാൻസ് ഇസ്രയേലി അംബാസഡറെ രോഷം അറിയിച്ചെന്നു വിദേശകാര്യ മന്ത്രി ജീൻ-നോവൽ ബാരോത് അറിയിച്ചു. ടെൽ അവീവിനോട് സമഗ്രമായ വിശദീകരണം ആവശ്യപ്പെട്ടു.

ബെൻ-ഗ്വിറിന്റെ നടപടി അഗാധമായ അസ്വസ്ഥത ഉണർത്തുന്നുവെന്നു ബെൽജിയൻ ഗവൺമെന്റ് പറഞ്ഞു. അംബാസഡറെ അക്കാര്യം അറിയിക്കയും തങ്ങളുടെ പൗരന്മാരെ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. മനുഷ്യവകാശ പ്രവർത്തകരെ ബന്ധിച്ചു തടവിൽ വച്ച നടപടി ഒരു മന്ത്രി നിരന്തരം ബ്രോഡ്കാസ്റ്റ് ചെയ്തു കൊണ്ടിരുന്നത് അപലപനീയമാണ്.

ഞെട്ടിക്കുന്നതും അസ്വീകാര്യവുമായ നടപടി എന്നാണ് ഡച് വിദേശകാര്യ വകുപ്പ് അതിനെ വിശേഷിപ്പിച്ചത്. പോർച്ചുഗലും അംബാസഡറെ വരുത്തി പ്രതിഷേധം അറിയിച്ചു.

ന്യൂസിലൻഡ് വിദേശകാര്യ മന്ത്രി വിൻസ്റ്റൺ പീറ്റേഴ്‌സ് പ്രതിഷേധം അറിയിച്ചു. ബെൻ-ഗ്വിറിനെ നേരത്തെ നിരോധിച്ചിരുന്നു എന്നദ്ദേഹം ചൂണ്ടിക്കാട്ടി.

ഓസ്‌ട്രേലിയ ഇസ്രയേലിന്റെ അംബാസഡറെ വിദേശകാര്യ വകുപ്പിൽ വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ചു.

10 nations protest Israel's abuse of flotilla activists 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക