
തിരുവനന്തപുരം: പുതിയ സംസ്ഥാന സർക്കാരിന്റെ ഭരണശൈലി അതീവ ആശങ്കയുണ്ടാക്കുന്നതാണെന്ന് കഴക്കൂട്ടം എം.എൽ.എയും ബി.ജെ.പി നേതാവുമായ വി. മുരളീധരൻ. മുസ്ലീംലീഗിന്റെ പിടിവാശികൾക്ക് അനുസരിച്ചാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും പി.കെ കുഞ്ഞാലിക്കുട്ടിയാണ് മന്ത്രിസഭയിൽ യഥാർത്ഥത്തിൽ രണ്ടാമനെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ മൂന്നാമനാക്കിയതിലൂടെ സർക്കാർ നൽകുന്ന സന്ദേശം വളരെ ഗൗരവതരമാണ്. 21 അംഗ മന്ത്രിസഭയിൽ 12 പേരും ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ളവരാണ്. ന്യൂനപക്ഷങ്ങളെ പരിഗണിക്കുന്നതിൽ തെറ്റില്ലെന്നും എന്നാൽ അതിന്റെ പേരിൽ ഭൂരിപക്ഷ സമുദായങ്ങളെ അവഗണിക്കരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് പ്രഖ്യാപിച്ച വി.ഡി. സതീശൻ ബിഷപ്പ് ഹൗസുകൾ സന്ദർശിക്കുകയും ജമാഅത്തെ ഇസ്ലാമി നേതാക്കളുമായി ചർച്ച നടത്തുകയുമാണെന്ന് മുരളീധരൻ കുറ്റപ്പെടുത്തി. എൻ.എസ്.എസ്, എസ്.എൻ.ഡി.പി നേതൃത്വങ്ങളോട് മാത്രമാണോ മുഖ്യമന്ത്രിക്ക് അവമതിപ്പുള്ളതെന്ന് അദ്ദേഹം ചോദിച്ചു. ശബരിമല നാമജപ പ്രതിഷേധവുമായി ബന്ധപ്പെട്ട് വിശ്വാസികൾക്കെതിരെ എടുത്ത മുഴുവൻ കേസുകളും സർക്കാർ അടിയന്തരമായി പിൻവലിക്കണമെന്നും, ശബരിമല സന്നിധാനത്തെ സ്വർണക്കൊള്ളയെക്കുറിച്ച് അന്വേഷണം ഉടൻ പൂർത്തിയാക്കി ഇതിന് പിന്നിലെ രാഷ്ട്രീയ നേതൃത്വത്തിന്റെ പങ്ക് പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിയമസഭയിലെ വന്ദേമാതര ആലാപനവുമായി ബന്ധപ്പെട്ട് സി.പി.എം കൈക്കൊണ്ട നിലപാട് അങ്ങേയറ്റം നിന്ദ്യമാണെന്നും വി. മുരളീധരൻ പറഞ്ഞു. ദേശീയഗീതത്തെ തള്ളിപ്പറയുന്നവർ രാജ്യവിരുദ്ധതയാണ് പ്രകടിപ്പിക്കുന്നത്. അങ്ങനെയുള്ളവരെ എന്ത് പേരിട്ട് വിളിക്കണമെന്ന് ജനങ്ങൾ തീരുമാനിക്കട്ടെ. ഭരണഘടനയെയും രാജ്യത്തിന്റെ അഖണ്ഡതയെയും മാനിക്കാൻ സർക്കാർ തയ്യാറാകണമെന്നും വി. മുരളീധരൻ തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.