Image

അബ്ദുൽ റഹീമിന്റെ മോചനം അനിശ്ചിതത്വത്തിൽ; എക്സിറ്റ് ഉത്തരവ് വൈകുന്നു, പെരുന്നാൾ അവധി പ്രതിസന്ധിയായേക്കും

Published on 21 May, 2026
അബ്ദുൽ റഹീമിന്റെ മോചനം അനിശ്ചിതത്വത്തിൽ; എക്സിറ്റ് ഉത്തരവ് വൈകുന്നു, പെരുന്നാൾ അവധി പ്രതിസന്ധിയായേക്കും

റിയാദ്: സൗദി ബാലന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിനായുള്ള കാത്തിരിപ്പ് നീളുന്നു. കോടതി വിധിച്ച 20 വർഷത്തെ തടവുശിക്ഷാ കാലാവധി കഴിഞ്ഞ ദിവസം പൂർത്തിയായെങ്കിലും, ജയിൽ മോചനത്തിനാവശ്യമായ ഫൈനൽ എക്സിറ്റ് ഉത്തരവ് ലഭ്യമാകാത്തതാണ് നിലവിലെ പ്രതിസന്ധി. റഹീമിനെ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി റിയാദ് നിയമസഹായ സമിതി ഭാരവാഹികൾ ഇന്നും ജയിലിലെത്തി അധികൃതരുമായി ചർച്ചകൾ നടത്തി. എന്നാൽ, പെരുന്നാൾ അവധിക്ക് മുന്നോടിയായുള്ള ഓഫീസ് തിരക്കുകൾ കാരണം സാങ്കേതിക നടപടിക്രമങ്ങൾ ഇന്ന് പൂർത്തിയാകാൻ സാധ്യത കുറവാണെന്നാണ് ജയിൽ വൃത്തങ്ങളിൽ നിന്നുള്ള വിവരം.

​സൗദി അറേബ്യയിൽ നാളെ മുതൽ ഔദ്യോഗികമായി വലിയ പെരുന്നാൾ (ബലിപെരുന്നാൾ) അവധി ആരംഭിക്കുന്നതാണ് മോചന സമിതിയെയും റഹീമിന്റെ കുടുംബത്തെയും ഇപ്പോൾ ആശങ്കയിലാക്കുന്നത്. പെരുന്നാൾ പ്രമാണിച്ച് നീണ്ട ദിവസങ്ങളിൽ സർക്കാർ ഓഫീസുകളും കോടതികളും അടഞ്ഞുകിടക്കുമെന്നതിനാൽ, ഇന്നത്തെ ദിവസത്തിനുള്ളിൽ എക്സിറ്റ് വിസ നടപടികൾ പൂർത്തിയായില്ലെങ്കിൽ മോചനം ഇനിയും രണ്ടാഴ്ചയോളം നീണ്ടുപോയേക്കും. യാത്രയ്ക്കായി ഇന്ത്യൻ എംബസി താൽക്കാലികമായി അനുവദിച്ച എമർജൻസി സർട്ടിഫിക്കറ്റ് (പാസ്‌പോർട്ട്) ഉപയോഗിച്ചാണ് നിലവിൽ എക്സിറ്റിനായുള്ള അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. ഇന്ന് തന്നെ ഇതിൽ അനുമതി ലഭിച്ചാൽ മാത്രമേ പെരുന്നാളിന് മുൻപ് റഹീമിന് ജയിലിന് പുറത്തിറങ്ങാനും നാട്ടിലേക്ക് വിമാനം കയറാനും സാധിക്കൂ.

​2006 നവംബറിലാണ് സ്പോൺസറുടെ ഭിന്നശേഷിക്കാരനായ മകൻ അനസ് അൽ ശഹ്രി മരിച്ചതിനെ തുടർന്ന് ഡ്രൈവറായിരുന്ന അബ്ദുൽ റഹീം റിയാദിൽ അറസ്റ്റിലാകുന്നത്. തുടർന്ന് കോടതി വധശിക്ഷ വിധിച്ച റഹീമിന്റെ മോചനത്തിനായി ലോകമെമ്പാടുമുള്ള മലയാളി സമൂഹം ഒത്തൊരുമിച്ച് 34 കോടിയോളം രൂപയാണ് ദിയാധനമായി (ബ്ലഡ് മണി) സമാഹരിച്ചു നൽകിയത്. പണം സ്വീകരിച്ച കോടതി വധശിക്ഷ റദ്ദാക്കുകയും, പൊതുനിയമപ്രകാരം 20 വർഷത്തെ തടവുശിക്ഷ പൂർത്തിയാക്കാൻ ഉത്തരവിടുകയുമായിരുന്നു. രണ്ട് പതിറ്റാണ്ടുകാലത്തെ നീണ്ട ജയിൽവാസം പൂർത്തിയാക്കി മകൻ ഉടൻ കൈയെത്തും ദൂരത്ത് എത്തുമെന്ന പ്രതീക്ഷയിൽ പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് കോടമ്പുഴയിലെ ഉമ്മയും കുടുംബാംഗങ്ങളും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക