
ഡൽഹി: ആഫ്രിക്കയിൽ പടർന്നുപിടിക്കുന്ന എബോള വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ, ഡൽഹിയിൽ നടക്കേണ്ടിയിരുന്ന നാലാമത് ഇന്ത്യ-ആഫ്രിക്ക ഫോറം ഉച്ചകോടി മാറ്റിവെച്ചു. നിലവിലെ പൊതുജനാരോഗ്യ സാഹചര്യം വിലയിരുത്തിയ ശേഷം, ഉച്ചകോടി മറ്റൊരു തീയതിയിലേക്ക് മാറ്റുന്നതാണ് ഉചിതമെന്ന് ഇന്ത്യയും ആഫ്രിക്കൻ യൂണിയനും തമ്മിൽ ധാരണയിലെത്തിയതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
"ഉച്ചകോടിയുടെയും അതുമായി ബന്ധപ്പെട്ട മറ്റു യോഗങ്ങളുടെയും പുതിയ തീയതികൾ പരസ്പര ചർച്ചകളിലൂടെ അന്തിമമാക്കുകയും യഥാസമയം അറിയിക്കുകയും ചെയ്യും," എന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ആഫ്രിക്കൻ ഭൂഖണ്ഡത്തിലെയും ആഫ്രിക്കൻ യൂണിയൻ കമ്മീഷനിലെയും നേതാക്കളെ ഒരുമിച്ച് അണിനിരത്തി, ഇന്ത്യ-ആഫ്രിക്ക പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും വിവിധ മേഖലകളിലെ സഹകരണം കൂടുതൽ വിപുലീകരിക്കുന്നതിനുമുള്ള രൂപരേഖ തയ്യാറാക്കുക എന്ന ലക്ഷ്യത്തോടെയാണ് മെയ് 28 മുതൽ 31 വരെ ഡൽഹിയിൽ ഉച്ചകോടി നിശ്ചയിച്ചിരുന്നത്. ആഫ്രിക്കൻ യൂണിയൻ കമ്മീഷനുമായി സഹകരിച്ചാണ് ഇന്ത്യ ചർച്ചകൾക്ക് ആതിഥേയത്വം വഹിക്കേണ്ടിയിരുന്നത്.