
തിരുവനന്തപുരം: സംസ്ഥാനത്തേക്ക് കാലവര്‍ഷത്തിന്റെ വരവ് ഉറപ്പിച്ചതോടെ ദേശീയ ദുരന്ത നിവാരണ സേനയും സജ്ജമാകുന്നു. കേരളത്തില്‍ മേയ് 26 ന് തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ എത്തും എന്നാണ് കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചിരിക്കുന്നത്. കാലവര്‍ഷം ശക്തിപ്പെടാനുള്ള സാഹചര്യം അനുകൂലമാണ് എന്നും ഐ എം ഡി അരിയിച്ചിട്ടുണ്ട്. എന്നിരുന്നാലും, മഴക്കാലം പ്രവചിച്ച തീയതിയേക്കാള്‍ നാല് ദിവസം മുമ്പോ വൈകിയോ ആയിരിക്കാമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥ കണക്കിലെടുത്ത്, സംസ്ഥാനത്തുടനീളമുള്ള വിവിധ ജില്ലകളിലായി ദേശീയ ദുരന്ത നിവാരണ സേന (എന്‍ ഡി ആര്‍ എഫ്) ടീമുകളെ വിന്യസിക്കാന്‍ കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അഭ്യര്‍ത്ഥിച്ചു. ഇതോടെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട് എന്നീ എട്ട് ജില്ലകളിലായി 30 രക്ഷാപ്രവര്‍ത്തകര്‍ അടങ്ങുന്ന 8 ടീമുകളെ എന്‍ ഡി ആര്‍ എഫ് വിന്യസിച്ചിട്ടുണ്ട്