
ഇറാനുമായി ബന്ധപ്പെട്ടു ഗൾഫ് രാജ്യങ്ങൾ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങൾ വിജയത്തോട് അടുത്തെന്നു പ്രഖ്യാപിച്ച പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ഇസ്രയേലി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഇടഞ്ഞെന്നു റിപ്പോർട്ടുകൾ. ഇരുവരും ഒരു മണിക്കൂർ നേരം ഫോണിൽ സംസാരിച്ചെന്നും അതു കഴിഞ്ഞപ്പോൾ നെതന്യാഹു അത്യന്തം ക്ഷുഭിതനായിരുന്നുവെന്നും ഇസ്രയേലി വൃത്തങ്ങൾ പറയുന്നു.
ഇറാനെതിരെ ഉടൻ തന്നെ ആക്രമണം ആരംഭിക്കണം എന്ന ആവശ്യം നെതന്യാഹു ഉന്നയിച്ചതായി 'ആക്‌സിയോസ്' റിപ്പോർട്ട് ചെയ്തു. എന്നാൽ ചർച്ചകൾ തുടരട്ടെ എന്ന നിലപാടിൽ ട്രംപ് ഉറച്ചു നിന്നു.
യുദ്ധം വീണ്ടും ആരംഭിക്കുന്നത് ട്രംപിനു യുഎസിൽ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും എന്നതാണ് സ്ഥിതി. എന്നാൽ നെതന്യാഹുവിന് ആവട്ടെ, യുദ്ധം ചെയ്യുകയും ഇറാനെ തകർക്കുകയും ചെയ്താൽ ഇസ്രയേലിൽ ജനപിന്തുണ വർധിക്കയാണ് ചെയ്യുക. ചർച്ചകളിൽ അദ്ദേഹത്തിനു തെല്ലും വിശ്വാസമില്ല.
എന്നാൽ ചർച്ച ഫലം കാണുമെന്നു ട്രംപ് പ്രതീക്ഷിക്കുന്നു. യുദ്ധം വേണ്ടിവന്നാൽ അതിനു ഒരുക്കമാണെന്ന് ആവർത്തിച്ച് പറയുന്നുമുണ്ട്.
യുഎസും ഇറാനും ഒപ്പുവയ്ക്കുന്ന പ്രാഥമിക കരാർ തയാറായി വരുന്നുണ്ടെന്നാണ് ആക്‌സിയോസ് പറയുന്നത്. അതു കഴിഞ്ഞാൽ 30 ദിവസത്തെ ചർച്ച കൊണ്ട് സ്ഥിരമായ സമാധാന കരാർ സാധ്യമാകും. ഇറാന്റെ ആണവ പദ്ധതിയും ഹോർമൂസും ആ ചർച്ചകളിൽ മുഖ്യ വിഷയങ്ങളാകും.
താൻ ആവശ്യപ്പെടുന്നത് എന്തായാലും നെതന്യാഹു സ്വീകരിക്കും എന്നാണ് ട്രംപ് പറയുന്നത്. ഭിന്നതയൊന്നും ഇല്ലെന്ന് അർഥം.
Netanyahu presses Trump to attack Iran