
ലക്നൗ: മതിയായ മെഡിക്കൽ തെളിവുകളുടെ പിൻബലത്തോടെ ഭാര്യ ഭർത്താവിനെ ‘ലൈംഗികശേഷിയില്ലാത്തവൻ’ എന്ന് വിളിക്കുന്നത് അപകീർത്തിക്കേസിന്റെ പരിധിയിൽ വരില്ലെന്ന് അലഹബാദ് ഹൈക്കോടതി. ഭർത്താവ് നൽകിയ അപകീർത്തിക്കേസിൽ ഭാര്യയ്ക്കെതിരെ വിചാരണക്കോടതി പുറപ്പെടുവിച്ച സമൻസ് ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി ഈ സുപ്രധാന നിരീക്ഷണം നടത്തിയത്. യുവതി സമർപ്പിച്ച ഹർജി പരിഗണിച്ച ജസ്റ്റിസ് അച്ചൽ സച്ചദേവ് അടങ്ങിയ സിംഗിൾ ബെഞ്ചാണ് കുടുംബ തർക്കങ്ങളിൽ നിർണായകമായേക്കാവുന്ന ഈ വിധി പുറപ്പെടുവിച്ചത്.
ഭർത്താവിനെ വ്യക്തിപരമായി ഉപദ്രവിക്കണമെന്ന ദുരുദ്ദേശത്തോടെയല്ല, മറിച്ച് സദുദ്ദേശത്തോടെയാണ് യുവതി ഈ പരാമർശം നടത്തിയതെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസിന്റെ വസ്തുതകളും സാഹചര്യങ്ങളും കൃത്യമായി പരിശോധിക്കാതെയാണ് വിചാരണക്കോടതി ഭാര്യയ്ക്ക് സമൻസ് അയച്ചത്. ഭർത്താവിന്റെ മെഡിക്കൽ പരിശോധനാ റിപ്പോർട്ടുകൾ ഭാര്യയുടെ വാദങ്ങളെ പൂർണ്ണമായി ശരിവയ്ക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു. ഗൊരഖ്പൂർ അഡീഷണൽ സിവിൽ ജഡ്ജി ഐ.പി.സി 500 (അപകീർത്തിപ്പെടുത്തൽ) പ്രകാരം തനിക്കെതിരെ പുറപ്പെടുവിച്ച സമൻസിനെ ചോദ്യം ചെയ്താണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്.
2022 നവംബർ 25-നായിരുന്നു ഇവരുടെ വിവാഹം നടന്നത്. ഭർത്താവിന്റെ ശാരീരികമായ പ്രശ്നങ്ങൾ നിലനിൽക്കെത്തന്നെ വിവാഹബന്ധം മുന്നോട്ട് കൊണ്ടുപോകാൻ യുവതി ശ്രമിച്ചിരുന്നു. എന്നാൽ പീഡനം സഹിക്കവയ്യാതെ രണ്ട് വർഷത്തിന് ശേഷം യുവതി ഗാർഹിക പീഡന നിയമപ്രകാരവും സ്ത്രീധന പീഡന വിരുദ്ധ നിയമപ്രകാരവും ഭർത്താവിനും കുടുംബത്തിനുമെതിരെ കേസ് ഫയൽ ചെയ്യുകയായിരുന്നു. ഇതിന് പ്രതികാരമായി, ഭാര്യ തന്നെ ‘ലൈംഗികശേഷിയില്ലാത്തവൻ’ എന്ന് വിളിച്ച് സമൂഹത്തിൽ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് ഭർത്താവ് കോടതിയെ സമീപിച്ചു. സ്ത്രീധന പീഡനക്കേസുകൾ പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തുന്നതിനാണ് ഭർത്താവ് ഈ അപകീർത്തിക്കേസ് നൽകിയതെന്ന് യുവതിയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. തുടർന്ന് 2024 ഡിസംബർ 21-നാണ് വിചാരണക്കോടതി ഭാര്യയ്ക്ക് സമൻസ് അയച്ചത്.
വ്യക്തമായ മെഡിക്കൽ തെളിവുകളില്ലാതെ ഒരു പുരുഷനെ പൊതുവേദിയിൽ വെച്ച് ലൈംഗികശേഷിയില്ലാത്തവൻ എന്ന് വിളിക്കുന്നത് പ്രഥമദൃഷ്ട്യാ അപകീർത്തികരം തന്നെയാണ്. എന്നാൽ, ഇത്തരം ആരോപണങ്ങൾ സദുദ്ദേശത്തോടെയോ, സാധുവായ ഒരു പരാതിയുടെ ഭാഗമായോ, കൃത്യമായ നിയമനടപടിയുടെ ഭാഗമായോ ഒരു ബന്ധപ്പെട്ട അതോറിറ്റിക്ക് മുന്നിൽ ഉന്നയിക്കുകയാണെങ്കിൽ അതിന് നിയമപരമായ പരിരക്ഷ ലഭിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. യുവതി നിലവിൽ കോടതിയിൽ വിവാഹമോചന ഹർജിയും സമർപ്പിച്ചിട്ടുണ്ട്.