
തിരുവനന്തപുരം: സ്വന്തം അവകാശങ്ങൾക്കായി സമരം ചെയ്ത ആശാ വർക്കർമാരെ അവഗണിക്കുകയും പരിഹസിക്കുകയും ചെയ്ത മുൻ സർക്കാരിനെ ഒഴുക്കിക്കളഞ്ഞത് അവരുടെ കണ്ണീരിന്റെ പുഴയാണെന്ന് പ്രമുഖ നടൻ പ്രേംകുമാർ. സെക്രട്ടേറിയറ്റിന് മുന്നിൽ ആശാ വർക്കർമാർ സംഘടിപ്പിച്ച 'ആശാകേരളം വിജയപാതയിൽ' എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യായമായ ആവശ്യങ്ങളുന്നയിച്ച് ആശമാർ നടത്തിയ സമരത്തെ കണ്ടില്ലെന്ന് നടിച്ചവർക്കുള്ള കനത്ത മറുപടിയാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് ഫലമെന്നും, സമരം ചെയ്യുന്ന പാവങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിന്റെ പേരിൽ തനിക്ക് ചലച്ചിത്ര അക്കാദമി സ്ഥാനം നഷ്ടപ്പെട്ടതിൽ ഖേദമില്ലെന്നും പ്രേംകുമാർ തുറന്നടിച്ചു.
താൻ ഇടതു സഹയാത്രികനായിരുന്ന കാലത്ത് സി.പി.എം നേതാവ് എം.എ. ബേബി ഉൾപ്പെടെയുള്ള പല ഉത്തരവാദപ്പെട്ടവരോടും ആശാ സമരം ഒത്തുതീർപ്പാക്കാൻ നടപടിയുണ്ടാകണമെന്ന് നേരിട്ട് ആവശ്യപ്പെട്ടിരുന്നതായി പ്രേംകുമാർ വെളിപ്പെടുത്തി. എന്നാൽ ഈ അഭ്യർത്ഥനകളൊന്നും ആരും പരിഗണിച്ചില്ല. ഭരണകൂടത്തിന്റെ സ്ഥാനമാനങ്ങൾ നിലനിർത്താനായിരുന്നെങ്കിൽ മറ്റുള്ളവരെപ്പോലെ തനിക്കും മിണ്ടാതിരിക്കാമായിരുന്നു. എന്നാൽ ധാർമികത ബോധം അനുവദിക്കാത്തതിനാലാണ് ഒപ്പം നിന്നതെന്നും, സാധാരണക്കാരുടെ നീതിക്കുവേണ്ടി ഇനിയും ശബ്ദമുയർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. 2025 ഫെബ്രുവരി 10-ന് ആരംഭിച്ച സമരനാളുകളിൽ ഒപ്പം നിന്ന നിരവധി സാമൂഹിക, സാംസ്കാരിക പ്രവർത്തകരും ആശമാർക്ക് അഭിവാദ്യമർപ്പിക്കാൻ വീണ്ടുമെത്തിയിരുന്നു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് ആശാ വർക്കർമാരാണ് മാസങ്ങൾ നീണ്ട ചരിത്രപ്രസിദ്ധമായ സമരത്തിന്റെ ഓർമ്മകളുമായി വീണ്ടും സെക്രട്ടേറിയറ്റിന് മുന്നിൽ ഒത്തുകൂടിയത്. പായസം വെച്ചും മധുരം വിളമ്പിയും പരസ്പരം കുശലം പറഞ്ഞും അവർ തങ്ങളുടെ വിജയ സന്തോഷം പങ്കുവെച്ചു. സമരത്തെ ജലപീരങ്കി ഉൾപ്പെടെ ഉപയോഗിച്ച് അടിച്ചമർത്താൻ മുൻ സർക്കാർ ശ്രമിച്ച അതേ വേദിയിൽ വെച്ചുതന്നെ വിജയം ആഘോഷിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് അവർ പറഞ്ഞു. തങ്ങളുടെ ഓണറേറിയം 3,000 രൂപയായി വർധിപ്പിച്ച പുതിയ യു.ഡി.എഫ് സർക്കാരിനോട് ആശമാർ നന്ദി രേഖപ്പെടുത്തി. സമരനാളുകളിൽ തലമുടി മുറിച്ച് പ്രതിഷേധിച്ച ഒരു ആശാ വർക്കർ, വളർന്നു തുടങ്ങിയ തന്റെ മുടിയിൽ കൈയോടിച്ച് "ഞങ്ങളുടെ കഷ്ടപ്പാടിന്റെ മുടിയാ വളർന്നത്, ഒന്നും തരാതിരുന്ന സ്ഥാനത്ത് മൂവായിരം രൂപ കൂട്ടിയതിൽ വലിയ സന്തോഷമുണ്ട്" എന്ന് വൈകാരികമായി പ്രതികരിച്ചു.