
പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി യുവതി മരിച്ച സംഭവം ആത്മഹത്യയെന്ന നിഗമനത്തിലേക്ക് പോലീസ്. കാർ കത്തിയതിൽ സോനയുടെ ഭർത്താവ് രജിൻലാലിന് പങ്കില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ പോലീസിന് വ്യക്തമായിട്ടുള്ളത്. സംഭവദിവസം രജിൻലാലുമായുണ്ടായ കടുത്ത വാക്കുതർക്കത്തെ തുടർന്ന് മനംനൊന്ത് സോന കാറിനുള്ളിൽ തീ കൊളുത്തി ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലീസ് കരുതുന്നത്. മരണത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിലും താൻ അനുഭവിച്ചിരുന്ന മാനസിക പീഡനങ്ങളെക്കുറിച്ച് സോന സഹോദരിയോട് തുറന്നുപറഞ്ഞിരുന്നു. സംഭവദിവസം വൈകിട്ട് സഹോദരിക്കൊപ്പം പേരാമ്പ്രയിലെത്തിയ സോന കന്നാസിൽ പെട്രോൾ വാങ്ങിയിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെ ബന്ധുവീട്ടിൽനിന്ന് ഭർത്താവ് രജിൻലാലിനൊപ്പം സ്വന്തം വീട്ടിലേക്ക് പോകുന്നതിനിടെയാണ് ദുരൂഹമായ സാഹചര്യത്തിൽ കാറിന് തീപിടിക്കുന്നത്. യാത്രാമധ്യേ സോന താൻ കയ്യിൽ കരുതിയിരുന്ന പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം. കാർ കത്തിയത് ഷോർട്ട് സർക്യൂട്ട് മൂലമല്ലെന്ന് മോട്ടോർ വാഹന വകുപ്പും വിദഗ്ധരും കണ്ടെത്തിയതിന് പിന്നാലെ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പെട്രോൾ വാങ്ങിയ വിവരം പുറത്തുവന്നത്.
സംഭവത്തിൽ 60 ശതമാനത്തോളം പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന ഭർത്താവ് രജിൻലാലിന്റെ മൊഴിയും പോലീസിന്റെ നിഗമനങ്ങളെ ശരിവെക്കുന്നതാണ്. സംഭവസമയത്ത് കാറിനുള്ളിൽ ശക്തമായ പെട്രോളിന്റെ ഗന്ധം ഉണ്ടായിരുന്നതായി രജിൻലാൽ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. കുടുംബവഴക്കാണ് ഈ ദാരുണമായ സംഭവത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ പേരാമ്പ്ര പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.