
ബാങ്കുകൾ അവരുടെ അക്കൗണ്ട് ഉടമകളുടെ പൗരത്വം സംബന്ധിച്ചു കൂടുതൽ സൂക്ഷ്മമായ പരിശോധന നടത്തണമെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടു. അനധികൃതമായി രാജ്യത്തു ജീവിക്കുന്ന ഇല്ലീഗൽസിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ കൂടുതൽ ഊർജ്ജിതമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്.
ഇക്കൂട്ടർ അക്കൗണ്ട് തുറക്കുന്നത് തടയണമെന്നു ബാങ്കുകളുടെ മേൽനോട്ടം ഉള്ളവർക്കും സർക്കാർ വകുപ്പുകൾക്കും നിർദേശം നൽകിയിട്ടുണ്ട്. വായ്‌പ എടുക്കുന്നവരെയും ക്രെഡിറ്റ് കാർഡ് സ്വന്തമാക്കുന്നവരെയും നിരീക്ഷിക്കണം.
ഏതെങ്കിലും കസ്റ്റമറെ നാടു കടത്തുകയോ വായ്‌പ തിരിച്ചു കിട്ടാതെ വരികയോ ചെയ്യുമ്പോൾ ബാങ്കുകൾക്കു ക്രെഡിറ്റ് കിട്ടാതെ വരുമെന്ന് ഉത്തരവിൽ താക്കീതു നൽകുന്നു.
കസ്റ്റമറുടെ പൗരത്വ-കുടിയേറ്റ സ്റ്റാറ്റസിനെ കുറിച്ചുള്ള വിവരങ്ങൾ ബാങ്കുകൾ ശേഖരിക്കാറില്ല. അതു കൊണ്ട് അത്തരം കസ്റ്റമർമാർ സമ്പദ് വ്യവസ്ഥയ്ക്ക് എത്ര മാത്രം ഭീഷണി ഉയർത്തുന്നു എന്നത് വ്യക്തമായിട്ടില്ല.
അത്തരം വിവരങ്ങൾ ശേഖരിക്കാനുള്ള നടപടികൾ വരുന്നുവെന്നു വൈറ്റ് ഹൗസ് സൂചിപ്പിച്ചിരുന്നു. ബാങ്ക് അക്കൗണ്ട് തുറക്കാൻ കൂടുതൽ കർശനമായ നിയമങ്ങൾ വേണമെന്നു ട്രഷറി സെക്രട്ടറി സ്കോട്ട് ബെന്നറ്റ് കഴിഞ്ഞ മാസം പറഞ്ഞു. അജ്ഞാതരായ വിദേശീയർ എന്തിനാണ് ബാങ്ക് അക്കൗണ്ട് തുറക്കുന്നതെന്നു അദ്ദേഹം ചോദിച്ചു.
വൈറ്റ് ഹൗസ് നീക്കം തടയാൻ ബാങ്കുകൾ ശ്രമിച്ചിരുന്നു. കസ്റ്റമറുടെ വിവരങ്ങൾ ശേഖരിക്കുന്നത് ചെലവേറിയ നടപടിയാണെന്നു ബാങ്കുകൾ വാദിച്ചു. ഇപ്പോൾ വന്ന ഉത്തരവ് മാർഗനിർദേശം മാത്രമാണ് എന്നതു കൊണ്ട് ഭരണകൂടം നിലപാട് മയപ്പെടുത്തി എന്നാണ് വ്യാഖ്യാനം.
Trump orders banks to take closer look at clients’ citizenship