Image

ക്യൂബയ്‌ക്കെതിരെ നീക്കം: റൗൽ കാസ്ട്രോയുടെ മേൽ യുഎസ് കോടതിയിൽ കൊലക്കുറ്റം ചുമത്തി (പിപിഎം)

Published on 21 May, 2026
ക്യൂബയ്‌ക്കെതിരെ നീക്കം: റൗൽ കാസ്ട്രോയുടെ മേൽ യുഎസ് കോടതിയിൽ കൊലക്കുറ്റം ചുമത്തി (പിപിഎം)

ക്യൂബയുടെ മുൻ പ്രസിഡന്റും വിപ്ലവ നായകൻ ഫിഡൽ കാസ്ട്രോയുടെ സഹോദരനുമായ റൗൽ കാസ്ട്രോ നാലു അമേരിക്കൻ പൗരന്മാരുടെ ജീവനെടുത്തു എന്നാരോപിച്ചു യുഎസിൽ അദ്ദേഹത്തിന്റെ മേൽ കൊലക്കുറ്റം ചുമത്തി.

ക്യൂബയിലെ കമ്മ്യൂണിസ്റ്റ് ഭരണത്തിൽ നിന്നു പലായനം ചെയ്തവർ ഫ്ലോറിഡ മയാമിയിൽ രൂപം നൽകിയ ബ്രതെഴ്സ് ടു റെസ്ക്യൂ എന്ന സംഘടനയുടെ  രണ്ടു വിമാനങ്ങൾ  1996ൽ ക്യൂബ അടിച്ചിട്ടപ്പോഴാണ് നാലു മരണങ്ങൾ ഉണ്ടായത്.  

കാസ്ട്രോയുടെ മേൽ കുറ്റം ചുമത്തിയതിനു പിന്നാലെ, "ക്യൂബയെ യുഎസ് മോചിപ്പിക്കയാണ്" എന്നു പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് പറഞ്ഞു. "ക്യൂബൻ ജനതയെ ഞങ്ങൾ സഹായിക്കും."  

വെനസ്വേലൻ പ്രസിഡന്റ് ആയിരുന്ന നിക്കൊളാസ് മഡുറോയെയും ഭാര്യയെയും പിടികൂടി ന്യൂ യോർക്കിൽ കൊണ്ടുവന്നു ജയിലിൽ അടച്ചതു പോലുള്ള നടപടിയിലേക്കു ട്രംപ് നീങ്ങാൻ സാധ്യതയുണ്ട് എന്ന സാധ്യത തെളിഞ്ഞു. ട്രംപ് പറഞ്ഞു: "ക്യൂബയെ കുറിച്ച് ഒട്ടേറെ കാര്യങ്ങൾ ഞങ്ങൾക്ക് അറിയാം. അവിടെ സി ഐ എ സജീവമാണ്. സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റുബിയോ ആ നാട്ടുകാരനുമാണ്."

കാസ്ട്രോയുടെ മേൽ കുറ്റം ചുമത്തിയത് രാഷ്‌ടീയമാണെന്നു ക്യൂബൻ പ്രസിഡന്റ് മിഗുവൽ ഡയസ്-കാനൽ ബെര്മുഡസ് പറഞ്ഞു. "മുട്ട് മടക്കാത്ത ക്യൂബൻ വിപ്ലവത്തോടുള്ള യുഎസിന്റെ നിരാശയും അഹങ്കാരവുമാണ് ഈ നടപടിയിൽ തെളിയുന്നത്. ക്യൂബയ്‌ക്കെതിരെ സൈനിക നടപടിക്കു കാരണങ്ങൾ ഉണ്ടാക്കാൻ അവർ ശ്രമിക്കയാണ്."

ഏപ്രിലിൽ ഫ്ലോറിഡയിലെ ഒരു ഗ്രാൻഡ് ജൂറിയാണ് കാസ്ട്രോയുടെ മേൽ കുറ്റം ചുമത്തിയതെന്നു ഫോക്‌സ് ന്യൂസ് ബുധനാഴ്ച്ച പറഞ്ഞു. കാസ്ട്രോ യുഎസ് പൗരന്മാരെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തി, വിമാനം നശിപ്പിച്ചു എന്നിവയ്ക്കു പുറമെ നാലു കൊലക്കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.

കൊല്ലപ്പെട്ട നാലു പേർക്ക് ആദരം അർപ്പിക്കുന്ന ചടങ്ങിൽ മയാമിയിൽ വച്ച് ആക്റ്റിംഗ് അറ്റോണി ജനറൽ ടോഡ് ബ്ലാഞ്ച് ആണ് കേസിന്റെ വിശദാംശങ്ങൾ പുറത്തു വിട്ടത്. കാർലോസ് കോസ്റ്റ, അർമാൻഡോ അലെജാന്ദ്രോ ജൂനിയർ, മരിയോ ഡി ലാ പെന, പാബ്ലോ മൊറാലസ് എന്നിവർ സിവിലിയൻ വിമാനം പറത്തുമ്പോൾ ക്യൂബൻ സേന അതു വെടിവച്ചിട്ടു എന്നാണ് ആരോപണം.

അന്താരാഷ്ട്ര ജലാതിർത്തിയിൽ ആയിരുന്നു ആക്രമണം. ബ്ലാഞ്ച് പറഞ്ഞു: "അവർ നിരായുധർ ആയിരുന്നു. ക്യൂബയിലെ പീഡനത്തിൽ നിന്നു ഫ്ലോറിഡ കടലിടുക്കു വഴി പലായനം ചെയ്യുന്നവരെ സഹായിക്കുന്ന മാനുഷിക ദൗത്യമാണ് അവർ നിറവേറ്റിയത്.

"റോൾ കാസ്ട്രോയും അഞ്ചു കൂട്ടു പ്രതികളും ചേർന്നു നടത്തിയ ഗൂഢാലോചനയുടെ ഫലമായി ക്യൂബൻ സേന മിസൈൽ അടിച്ചു അവരുടെ വിമാനം വീഴ്ത്തി. നാലു അമേരിക്കൻ പൗരന്മാരും കൊല്ലപ്പെട്ടു."

അമേരിക്കൻ പൗരന്മാരെ ലക്‌ഷ്യം വയ്ക്കുന്ന രാജ്യങ്ങളും അവയുടെ നേതാക്കളും പ്രത്യാഘാതം നേരിടുമെന്നു അദ്ദേഹം വ്യക്തമാക്കി.

മരിച്ചവരെ എഫ് ബി ഐ മറന്നിട്ടില്ലെന്നു ഡയറക്‌ടർ കാശ് പട്ടേൽ പറഞ്ഞു. "30 വർഷമായി അവരുടെ കുടുംബങ്ങൾ നീതിക്കു വേണ്ടി കാത്തിരിക്കയാണ്."

Raul Castro indicted on murder, conspiracy charges in US 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക