
ക്രിസ്തുവിന്റെ തിരുഹൃദയത്തിന് തങ്ങളുടെ രാജ്യത്തെ സമർപ്പിക്കാനൊരുങ്ങി വടക്കേ അമേരിക്കയിലെ കത്തോലിക്കാ മെത്രാൻസമിതി. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെ ഇരുനൂറ്റിയൻപതാം വാർഷികത്തോടനുബന്ധിച്ച്, ജൂൺ 11-നായിരിക്കും ഈ സുപ്രധാന ചടങ്ങ് നടക്കുകയെന്ന് മെത്രാൻസമിതി വ്യക്തമാക്കി. ജൂൺ 10 മുതൽ 12 വരെ തീയതികളിൽ ഫ്ലോറിഡയിലെ ഒർലാന്റോയിൽ നടക്കുന്ന മെത്രാൻസമിതി പ്ലീനറി സമ്മേളനത്തിൽ വച്ചായിരിക്കും പ്രാദേശിക കാത്തോലിക്കാസഭാനേതൃത്വം രാജ്യത്തെ ഈശോയുടെ തിരുഹൃദയത്തിന് സമർപ്പിക്കുക.
ഈ സുപ്രധാന ചടങ്ങിന് ഒരുക്കമായി 250 മണിക്കൂർ ദിവ്യകാരുണ്യ ആരാധന നടത്താനും 250 കാരുണ്യപ്രവൃത്തികൾ ചെയ്യാനും രാജ്യത്തെ ഇടവകകളെയും വിശ്വാസികളെയും മെത്രാൻസമിതി ആഹ്വാനം ചെയ്തു. 2024-ൽ പുറത്തിറക്കിയ “ദിലേക്സിത് നോസ്” എന്ന ചാക്രികലേഖനത്തിൽ, ആധുനികസമൂഹത്തിലെ ഉപരിപ്ലവതയ്ക്ക് മറുമരുന്നായി യേശുവിന്റെ തിരുഹൃദയത്തോടുള്ള ഭക്തിയെ പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പാ അവതരിപ്പിച്ചിരുന്നു.
അമേരിക്കൻ മെത്രാൻസമിതി പ്രസിഡന്റും ഒക്‌ലഹോമ അതിരൂപതാദ്ധ്യക്ഷനുമായ ആർച്ച്ബിഷപ് പോൾ കോക്‌ലിയായിരിക്കും പ്ലീനറി സമ്മേളനത്തിൽ പ്രഥമപ്രഭാഷണം നടത്തുക. അമേരിക്കയിലേക്കുള്ള അപ്പസ്തോലിക നൂൺഷ്യോ ആർച്ച്ബിഷപ് ഗബ്രിയേലേ കാച്ചയും പ്ലീനറിസമ്മേളനത്തിൽ സംബന്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സമർപ്പണച്ചടങ്ങിന്റെ ഭാഗമായി നടക്കുന്ന വിശുദ്ധ ബലിക്ക് മുൻപായി, യേശുവിന്റെ തിരുഹൃദയത്തെക്കുറിച്ചുള്ള വിചിന്തനങ്ങൾ മെത്രാൻസമിതിയിൽ പങ്കുവയ്ക്കപ്പെടും. ജൂലൈ നാലാം തീയതിയാണ് അമേരിക്കയുടെ സ്വന്തന്ത്ര്യദിനം.