
സോഷ്യൽ മീഡിയയില്‍ കത്തിപ്പടരുകയാണ് കോക്രോച്ച് വിപ്ലവം. ഫേസ്ബുക്കും ഇന്‍സ്റ്റയുമൊക്കെ തുറന്നാൽ ഇപ്പോള്‍ നിറയെ പാറ്റകളെ കാണാം . എന്താണ് ഇപ്പോള്‍ അരങ്ങേറുന്ന സോഷ്യല്‍ മീഡിയിലെ കോക്രോച്ച് വിപ്ലവം? അടുത്തയിടെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് തൊഴിലില്ലാത്ത യുവാക്കളെപ്പറ്റി നടത്തിയ ഒരു പരാമര്‍ശത്തെ തുടര്‍ന്നാണ് കോക്രോച്ചുകള്‍ കത്തിക്കയറിയത്... അതെ ഞങ്ങള്‍ പാറ്റകളാണ് എന്ന് പ്രതികരിച്ച് സോഷ്യൽ മീഡിയ ജെൻ സി പിള്ളാർ കയ്യടക്കി.
മുൻ ആം ആദ്‌മി പ്രവർത്തകൻ അഭിജീത് ദീപ്‌കിൻ്റെ കോക്രോച്ച് ജനതാ പാർട്ടി ഇൻസ്റ്റഗ്രാം അക്കൗണ്ട് ഏകദേശം മൂന്ന് മില്ല്യണ്‍ പാറ്റകളും പാറ്റക്കുഞ്ഞുങ്ങളുമാണ് പിന്തുടരുന്നത്. കോക്രോച്ച് ജനതാ പാർട്ടിയുടെ റീലുകളുടെ പൂരപ്പറമ്പായി മാറിയിരിക്കുകയാണ് സമൂഹമാധ്യമങ്ങൾ.
സ്റ്റാറ്റസും സ്റ്റോറിയും ഇന്ന് ഭരിക്കുന്നത് കോക്രോച്ച് ജനതാ പാർട്ടിയാണെന്ന് വേണമെങ്കിൽ പറയാം. തൃണമൂൽ കോൺഗ്രസ് എംപിമാരായ മഹുവ മൊയ്ത്രയും കീർത്തി ആസാദും ഉള്‍പ്പെടെ പ്രമുഖരും പാറ്റകള്‍ക്ക് പൂർണ പിന്തുണയുമായി അക്കൗണ്ട് ഫോളോ ചെയ്‌തിട്ടുണ്ട്.
ബോസ്റ്റൺ യൂണിവേഴ്‌സിറ്റിയിൽ പഠിക്കുന്ന അഭിജീത് ദിപ്‌ക് എന്ന മുപ്പതുകാരനാണ് ഇതിന് പിന്നിൽ. മുൻപ് ആം ആദ്‌മി പാർട്ടിയുടെ സോഷ്യൽ മീഡിയ ടീമിൽ പ്രവർത്തിച്ചിട്ടുള്ള അഭിജീത്, ഒരു ഗൂഗിൾ ഫോം പങ്കുവെച്ചുകൊണ്ടാണ് അക്കൗണ്ടിന് തുടക്കമിട്ടത്. ഗാന്ധി, അംബേദ്‌കർ, നെഹ്റു എന്നിവരുടെ ആശയങ്ങൾ ഉൾക്കൊള്ളുന്ന ഒരു മതേതര കൂട്ടായ്‌മ കൂടിയാണ് അക്കൗണ്ട്.
സാമൂഹിക - രാഷ്ട്രീയ പരിഹാസത്തിന്‍റെ രൂപത്തിൽ ആരംഭിച്ച ഈ പ്രസ്ഥാനം പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളിലെ യുവജന പ്രതിഷേധ വേദിയായി മാറുകയായിരുന്നു . 'കോക്രോച്ച് ജനത പാർട്ടി' അഥവാ സിജെപി എന്ന പേരിൽ പ്രവർത്തിക്കുന്ന ഈ കൂട്ടായ്‌മ എക്‌സ്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെയാണ് വ്യാപക പ്രചാരം നേടിയത്.