Image

മുഖ്യമന്ത്രിയെ കണ്ടു, ഉടുപ്പിൽ ഒപ്പ് വാങ്ങി ; കുട്ടിക്കൂട്ടത്തിന്റെ ആഗ്രഹം സാധിച്ചു നൽകി വി.ഡി. സതീശൻ

Published on 20 May, 2026
മുഖ്യമന്ത്രിയെ കണ്ടു,  ഉടുപ്പിൽ  ഒപ്പ് വാങ്ങി ; കുട്ടിക്കൂട്ടത്തിന്റെ  ആഗ്രഹം സാധിച്ചു നൽകി വി.ഡി. സതീശൻ

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെ നേരിൽക്കാണാനും ഓട്ടോഗ്രാഫ് വാങ്ങാനും മോഹിച്ച് തലസ്ഥാനത്തെത്തിയ കുട്ടിക്കൂട്ടത്തിന് ആഗ്രഹ സാഫല്യം. കോഴിക്കോട് കുറ്റ്യാടി ഐഡിയൽ പബ്ലിക് സ്കൂളിലെ വിദ്യാർഥികളായ അൻഫ, ഫാത്തിമ, മെഹ് വിഷ് മർയം, ഫസിം മിറാസ്, ആമിന മെഹക്, ആദം, ഐ ദിൻ എന്നിവരാണ് മുഖ്യമന്ത്രിയെ നേരിൽക്കണ്ട് സ്നേഹം പങ്കിടണമെന്ന് വീട്ടുകാരുമായി വാശിപിടിച്ച് തലസ്ഥാനത്തേക്ക് എത്തിയത്.

ഇന്നലെ പുലർച്ചെ രണ്ടു മണിക്ക് തിരുവനന്തപുരത്ത് എത്തിയ ഇവർ ഉച്ചയോടെയാണ് സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫിസ് സന്ദർശിച്ചത്. കുട്ടികളെ ചേർത്തു നിർത്തിയ മുഖ്യമന്ത്രി ഫോട്ടോ എടുക്കുകയും വിശേഷങ്ങൾ ചോദിച്ചറിയുകയും ചെയ്തു. ഫോട്ടോ സെഷന് ശേഷം മുഖ്യമന്ത്രിയുടെ ഒപ്പ് വേണമെന്ന് കുട്ടികൾ ആവശ്യപ്പെട്ടു. ധരിച്ചിരുന്ന വസ്ത്രങ്ങളിൽ അവർ ഒപ്പ് വാങ്ങിയത് മുഖ്യമന്ത്രിയിൽ ചിരി പടർത്തി. മുഖ്യമന്ത്രിയുടെ ഒപ്പുള്ള വസ്ത്രങ്ങൾ കഴുകാൻ പോലും സമ്മതിക്കില്ലെന്നും എക്കാലവും സൂക്ഷിച്ചുവയ്ക്കുമെന്നും കുട്ടികൾ പറഞ്ഞു.

മാതാപിതാക്കളായ മുഹമ്മദ്, ഫാജിഷ മുഹമ്മദ്, ഷംസീർ, അഫീറ ഷംസീർ, സുൾനാസ്, മജ്സിയ സുൽനാസ് എന്നിവരാണ് മുഖ്യമന്ത്രിയെ കാണാനുള്ള കുട്ടികളുടെ ആഗ്രഹം സാധിച്ചുകൊടുക്കാൻ മുന്നിട്ടിറങ്ങിയത്. മുഖ്യമന്ത്രിയെ കാണാനാകുമെന്ന് ഉറപ്പുണ്ടായിരുന്നില്ലെന്നും ആഗ്രഹം നടന്നതിൽ അത്യധികം സന്തോഷമുണ്ടെന്നും കുട്ടികളും മാതാപിതാക്കളും പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക