
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗം നേരിടുന്ന വെല്ലുവിളി പരസ്യമാക്കി മുഖ്യമന്ത്രി വിഡി സതീശന്‍. പ്രവാസികളുടെ പണം സംസ്ഥാനത്തേക്ക് വരുന്നത് കുറഞ്ഞു എന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് റിവേഴ്‌സ് റമിറ്റന്‍സ് ആണ് നടക്കുന്നതെന്നും വിശദമായ പഠനം നടത്തി ബദല്‍മാര്‍ഗം കാണുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി
പ്രവാസികളുടെ പണത്തിന്റെ വരവ് കുറഞ്ഞിട്ടുണ്ട്. ജിസിസി രാജ്യങ്ങളിലെ പ്രവാസികള്‍ മാത്രമാണ് പണം നാട്ടിലേക്ക് അയക്കുന്നത്. യൂറോപ്പിലേക്കു പോകുന്ന മലയാളികള്‍ വര്‍ധിച്ചുവരികയാണ്. അവിടെ നിന്ന് നാട്ടിലേക്ക് കാര്യമായ പ്രവാസി പണം വരുന്നില്ലെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചു. പ്രവാസികള്‍ അയക്കുന്ന പണം ഉപയോഗപ്രദമാക്കാന്‍ ആലോചിക്കുന്നുണ്ടെന്നും വിഡി സതീശന്‍ പറഞ്ഞു.
പ്രവാസികളുടെ നിക്ഷേപത്തിന് പ്രാധാന്യം നല്‍കും. വരാനിരിക്കുന്ന സര്‍ക്കാര്‍ പദ്ധതികളില്‍ പ്രവാസി നിക്ഷേപം ഉള്‍പ്പെടുത്തും. കേരളത്തില്‍ റിവേഴ്‌സ് റമിറ്റന്‍സ് ആണ് നടക്കുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള 40 ലക്ഷം പേര്‍ കേരളത്തില്‍ ജോലി ചെയ്യുന്നുണ്ട്. അവര്‍ ഇവിടെ കുറച്ച് മാത്രമേ ചെലവാക്കുന്നുള്ളൂ. കേരളത്തില്‍ നിന്ന് പുറത്തേക്ക് പണം പോകുന്നത് വര്‍ധിച്ചു. പ്രവാസികളുടെ പണം വരവ് കുറയുകയും ചെയ്തു. റിവേഴ്‌സ് റമിറ്റന്‍സ് പ്രതിസന്ധി പരിഹരിക്കാന്‍ വിശദമായ പഠനം നടത്തുമെന്നും വിഡി സതീശന്‍ പറഞ്ഞു.
റിവേഴ്‌സ് റമിറ്റന്‍സ് കേരളത്തിന്റെ സാമ്പത്തിക രംഗത്തെ കാര്യമായി ബാധിക്കുന്നുണ്ട്. ഇക്കാര്യം പരിഹരിക്കാന്‍ വിശദമായ പഠനം നടത്തും. പണത്തിന്റെ വിനിമയം നടന്നാല്‍ മാത്രമാണ് കേരളത്തിന്റെ സാമ്പത്തിക രംഗം ശക്തിപ്പെടൂ. സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ പദ്ധതികള്‍ കൊണ്ടുവരും. നിക്ഷേപ സൗഹൃദ പദ്ധതികള്‍ കൊണ്ടുവരും. എംഎസ്എംഇ പദ്ധതികള്‍ നടപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നിരവധി പദ്ധതികള്‍ ആലോചനയില്‍ ഉണ്ട് എന്ന് വിഡി സതീശന്‍ പറഞ്ഞു. മൂന്ന് മുതല്‍ ആറ് മാസത്തിനകം സ്വപ്‌ന പദ്ധതികള്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികളോടുള്ള നന്ദി മുഖ്യമന്ത്രി പ്രകടിപ്പിച്ചു. യുഡിഎഫ് സര്‍ക്കാര്‍ വരുന്നതില്‍ ആത്മാര്‍ഥമായ ഇടപെടല്‍ നടത്തിയവരാണ് പ്രവാസികള്‍. അവരുടെ ക്ഷേമത്തിനുള്ള പദ്ധതികള്‍ പ്രകടന പത്രിക വാഗ്ദാനം ചെയ്തതാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.