
കായംകുളം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ നിയമനടപടി സ്വീകരിക്കാൻ സി.പി.എം സംസ്ഥാന-ജില്ലാ നേതൃത്വങ്ങളുടെ അനുമതി തേടി മുൻ എം.എൽ.എ യു. പ്രതിഭ. മാധ്യമങ്ങളിലൂടെ വെള്ളാപ്പള്ളി നടേശൻ തന്റെ മകനെ വ്യക്തിപരമായി അവഹേളിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഭ നിയമപോരാട്ടത്തിന് ഒരുങ്ങുന്നത്. പാർട്ടി ജില്ലാ കമ്മിറ്റിക്ക് മുൻപാകെയാണ് പ്രതിഭ ഈ ആവശ്യം ഉന്നയിച്ചതെങ്കിലും, ജില്ലാ നേതൃത്വം ഇതുവരെ വിഷയത്തിൽ ഔദ്യോഗികമായി അനുകൂല മറുപടിയൊന്നും നൽകിയിട്ടില്ലെന്നാണ് സൂചന. പാർട്ടിക്ക് അകത്തും പുറത്തും വലിയ രാഷ്ട്രീയ ചർച്ചകൾക്ക് ഈ നീക്കം വഴിതുറന്നിട്ടുണ്ട്.
വെള്ളാപ്പള്ളി നടേശന് പുറമെ, മുതിർന്ന സി.പി.എം നേതാവും മുൻ മന്ത്രിയുമായിരുന്ന ജി. സുധാകരനെതിരെയും കടുത്ത ആരോപണങ്ങളുമായി യു. പ്രതിഭ പാർട്ടി വേദികളിൽ ആഞ്ഞടിച്ചു. മുൻപ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കായംകുളത്ത് തന്നെ തോൽപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജി. സുധാകരൻ പലരെയും ഫോണിൽ വിളിച്ച് സ്വാധീനിക്കാൻ ശ്രമിച്ചതായി പ്രതിഭ തുറന്നടിച്ചു. അമ്പലപ്പുഴ മണ്ഡലത്തിലും സുധാകരൻ സമാനമായ രീതിയിൽ പാർട്ടി സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ കളികൾ നടത്തിയെന്ന് ആരോപിച്ച പ്രതിഭ, "ഇയാൾ എന്താ കുട്ടിച്ചാത്തൻ ആണോ?" എന്ന് ചോദിച്ചാണ് തന്റെ രോഷം പ്രകടിപ്പിച്ചത്.
പാർട്ടി അച്ചടക്കത്തെപ്പോലും ചോദ്യം ചെയ്യുന്ന രീതിയിലാണ് ജി. സുധാകരനെതിരെയുള്ള പ്രതിഭയുടെ മറ്റ് വെളിപ്പെടുത്തലുകൾ. 2021-ലെ തെരഞ്ഞെടുപ്പ് കാലത്ത് ജി. സുധാകരൻ സ്ഥാനാർത്ഥി അല്ലാതിരുന്നിട്ടും വലിയ തോതിൽ പണം പിരിച്ചെന്നും, ഈ സാമ്പത്തിക ഇടപാടുകളുടെ കൃത്യമായ കണക്ക് അദ്ദേഹം പാർട്ടിക്ക് നൽകിയിട്ടില്ലെന്നും പ്രതിഭ സി.പി.എം ജില്ലാ കമ്മിറ്റിയിൽ കുറ്റപ്പെടുത്തി. ഈ വിവരങ്ങളെല്ലാം കൃത്യമായി ബോധ്യമുണ്ടായിട്ടും പാർട്ടി നേതൃത്വം അത് ജനങ്ങളിൽ നിന്ന് മറച്ചുവെക്കുകയാണ് ചെയ്തതെന്നും, തനിക്കെതിരെ സുധാകരൻ നടത്തിയ നീക്കങ്ങൾ ഇതിന്റെയെല്ലാം പ്രതിഫലനമാണെന്നും പ്രതിഭ തുറന്നടിച്ചതോടെ സി.പി.എമ്മിനുള്ളിലെ ആഭ്യന്തര തർക്കങ്ങൾ വീണ്ടും പരസ്യമായിരിക്കുകയാണ്.