
തിരുവനന്തപുരം: കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി അംഗങ്ങൾ പാളയം രക്തസാക്ഷി മണ്ഡപത്തിലെ പുഷ്പാർച്ചനയ്ക്ക് ശേഷമാകും സത്യപ്രതിജ്ഞയ്ക്കായി നിയമസഭയിലെത്തുക. നാളെ രാവിലെ 8 മണിക്ക് ബി.ജെ.പി സംസ്ഥാന ഓഫീസായ കെ.ജി. മാരാർ ഭവനിൽ നിന്ന് നിയമസഭാംഗങ്ങളായ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, വി. മുരളീധരൻ, ബി.ബി. ഗോപകുമാർ എന്നിവർ ഒരുമിച്ച് സത്യപ്രതിജ്ഞാ ചടങ്ങിനായി പുറപ്പെടുമെന്ന് പാർട്ടി വാർത്താക്കുറിപ്പിൽ അറിയിച്ചു. രക്തസാക്ഷി മണ്ഡപത്തിലെ പുഷ്പാർച്ചനയ്ക്ക് ശേഷം പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം പ്രകടനമായാണ് ബി.ജെ.പി എം.എൽ.എമാർ നിയമസഭാമന്ദിരത്തിലേക്ക് പ്രവേശിക്കുക.
മുൻ സംസ്ഥാന അധ്യക്ഷന്മാരായ കുമ്മനം രാജശേഖരൻ, പി.കെ. കൃഷ്ണദാസ്, കെ. സുരേന്ദ്രൻ എന്നിവരും മറ്റ് സംസ്ഥാന ഭാരവാഹികളും പ്രകടനത്തിന് മുന്നിൽ നിൽക്കും. ഇതിന് പുറമെ എൻ.ഡി.എ സഖ്യകക്ഷി നേതാക്കളായ ബി. ഗോപകുമാർ (ട്വന്റി ട്വന്റി), പദ്മകുമാർ (ബി.ഡി.ജെ.എസ്) എന്നിവരും പ്രകടനത്തിന് നേതൃത്വം നൽകും. ബി.ജെ.പി നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ സംസ്ഥാനമെങ്ങുമുള്ള പാർട്ടി പ്രവർത്തകർ വലിയ രീതിയിൽ ആഘോഷപൂർവ്വം കൊണ്ടാടുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷ് വ്യക്തമാക്കി.
സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി മുതിർന്ന ബി.ജെ.പി നേതാവും കേരള നിയമസഭയിലെ ആദ്യ ബി.ജെ.പി അംഗവുമായ ഒ. രാജഗോപാലിനെ സന്ദർശിച്ച് നിയുക്ത നേമം എം.എൽ.എ കൂടിയായ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ അനുഗ്രഹം തേടി. തുടർന്ന് എൻ.എസ്.എസ് താലൂക്ക് യൂണിയൻ ആസ്ഥാനത്തെത്തിയ അദ്ദേഹം താലൂക്ക് യൂണിയൻ നേതാക്കളായ സംഗീത് കുമാർ, കാർത്തികേയൻ എന്നിവരുമായും കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. നേമം നിയോജക മണ്ഡലത്തിലെ ബി.ജെ.പിയുടെ ചരിത്ര വിജയത്തിന്റെ ഭാഗമായി നാളെ വൈകിട്ട് 5 മണി മുതൽ എസ്റ്റേറ്റ് വാർഡ്, കരുമം വാർഡ്, കാലടി വാർഡ് എന്നിവിടങ്ങളിൽ വോട്ടർമാർക്ക് നന്ദി അറിയിക്കുന്ന 'നന്ദി നേമം' പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.