Image

'നടൻ ജയം രവി മദ്യത്തിനും ലഹരിക്കും അടിമ, കാമുകി ഇറങ്ങിപ്പോയതിന് ജനങ്ങളെ കുറ്റപ്പെടുത്തരുത്'; ഗുരുതര ആരോപണങ്ങളുമായി ഗായിക സുചിത്ര

Published on 20 May, 2026
'നടൻ ജയം രവി മദ്യത്തിനും ലഹരിക്കും അടിമ, കാമുകി ഇറങ്ങിപ്പോയതിന് ജനങ്ങളെ കുറ്റപ്പെടുത്തരുത്'; ഗുരുതര ആരോപണങ്ങളുമായി ഗായിക സുചിത്ര

ചെന്നൈ: പ്രമുഖ തെന്നിന്ത്യൻ താരം ജയം രവിക്കെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളുമായി ഗായിക സുചിത്ര രംഗത്ത്. ജയം രവി മദ്യത്തിനും മയക്കുമരുന്നിനും പൂർണ്ണമായി അടിമയാണെന്നും, അടുത്തിടെ അദ്ദേഹം നടത്തിയ വിവാദ പത്രസമ്മേളനം സ്വബുദ്ധിയോടെ ചെയ്തതല്ലെന്നും സുചിത്ര ആരോപിച്ചു. ഉള്ളിലെ ലഹരി മൂത്ത് അദ്ദേഹം നടത്തിയ പ്രകടനമായിരുന്നു അത്. അദ്ദേഹത്തെ ആത്മാർത്ഥമായി സഹായിക്കാൻ ശ്രമിച്ച സുഹൃത്തുക്കളെയും മാതാപിതാക്കളെപ്പോലും താരം അകറ്റിനിർത്തിയിരിക്കുകയാണെന്നും, നിലവിലെ അവസ്ഥയിൽ ജയം രവിയെ എത്രയും വേഗം പുനരധിവാസ കേന്ദ്രത്തിൽ (റീഹാബ്) എത്തിക്കുകയാണ് വേണ്ടതെന്നും സുചിത്ര സ്വന്തം യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോയിൽ വ്യക്തമാക്കി.

​തന്റെ ദുശീലങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഒരു കൂട്ടം ആളുകളുടെ തടവറയിലാണ് ഇപ്പോൾ താരത്തിന്റെ ജീവിതമെന്ന് സുചിത്ര കുറ്റപ്പെടുത്തി. സഹായിക്കാൻ വരുന്നവരെ താരം സോഷ്യൽ മീഡിയയിൽ ബ്ലോക്ക് ചെയ്യുകയാണ്. ലഹരി ഒഴുക്കിക്കൊടുക്കുന്നവർ പറയുന്നതുപോലെയാണ് അദ്ദേഹം ഇപ്പോൾ പ്രവർത്തിക്കുന്നത്. അമ്പതും നൂറും കോടിയുടെ പ്രതിഫലത്തെക്കുറിച്ച് ചിന്തിക്കുന്നതിന് മുൻപ് സ്വന്തം ആരോഗ്യത്തിന് എന്താണ് സംഭവിക്കുന്നതെന്ന് കണ്ണാടിയിൽ നോക്കി മനസ്സിലാക്കാൻ ജയം രവി തയ്യാറാകണം. മാറ്റാൻ സാധിക്കാത്ത വിനാശകരമായ ഏതോ വാർത്തയ്ക്കായി കാത്തിരിക്കുന്ന അവസ്ഥയിലാണ് ഇപ്പോൾ അദ്ദേഹത്തിന്റെ മാതാപിതാക്കളെന്നും ഗായിക തുറന്നടിച്ചു.

​താനും കാമുകിയും തമ്മിലുള്ള വ്യക്തിപരമായ പ്രശ്നങ്ങളുടെ പേരിൽ പൊതുജനങ്ങളെയും സോഷ്യൽ മീഡിയയെയും കുറ്റപ്പെടുത്തുന്ന താരത്തിന്റെ നിലപാടിനെയും സുചിത്ര രൂക്ഷമായി വിമർശിച്ചു. "നിങ്ങളും കാമുകിയും തമ്മിൽ വഴക്കുണ്ടായി, അവൾ ഇറങ്ങിപ്പോയി; അതിന് ജനങ്ങളുടെ മേൽ പഴിചാരിയിട്ട് കാര്യമില്ല. സോഷ്യൽ മീഡിയയിൽ ആളുകൾ പ്രതികരിക്കുക തന്നെ ചെയ്യും. പോസിറ്റീവ് പ്രതികരണങ്ങൾ മാത്രം വേണമെന്ന് ശാഠ്യം പിടിക്കാനാകില്ല. ഇത്രയും പ്രശ്നമാണെങ്കിൽ നിങ്ങളൊരു ടൈം മെഷീനിൽ കയറി പഴയ കാലത്തേക്ക് പോയി അയോധ്യയിലെ രാമനായി ജീവിക്കൂ ജയം രവി," എന്നും സുചിത്ര പരിഹസിച്ചു. സിനിമാ ലോകത്ത് വലിയ ചർച്ചകൾക്കാണ് സുചിത്രയുടെ ഈ വെളിപ്പെടുത്തൽ വഴിതുറന്നിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക