
ചെന്നൈ: തമിഴ്‌നാട്ടിൽ മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയിലേക്ക് കോൺഗ്രസ് പ്രവേശിക്കുന്നു. മുന്നണി ധാരണപ്രകാരം കോൺഗ്രസിൽ നിന്നുള്ള മന്ത്രിമാരെ ഹൈക്കമാൻഡ് നിശ്ചയിച്ചു. നിയമസഭാ കക്ഷി നേതാവ് എസ്. രാജേഷ് കുമാർ, മേലൂരിൽ നിന്നുള്ള എം.എൽ.എ പി. വിശ്വനാഥ് എന്നിവരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുക. വ്യാഴാഴ്ച നടക്കുന്ന പ്രത്യേക ചടങ്ങിൽ ഇരുവരും അധികാരമേൽക്കും. തമിഴ്‌നാട് മന്ത്രിസഭയിൽ ചേരാൻ കോൺഗ്രസ് എം.എൽ.എമാർക്ക് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അനുമതി നൽകിയ വിവരം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് എക്‌സിലൂടെ അറിയിച്ചത്. 59 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് കോൺഗ്രസ് തമിഴ്‌നാട്ടിൽ വീണ്ടും ഭരണ പങ്കാളിയാകുന്നത് എന്നതിനാൽ ഇത് ചരിത്രപരമായ നിമിഷമാണെന്ന് കെ.സി. വേണുഗോപാൽ കുറിച്ചു.
അഞ്ച് എം.എൽ.എമാരുള്ള കോൺഗ്രസിന് രണ്ട് ക്യാബിനറ്റ് മന്ത്രിസ്ഥാനങ്ങളാണ് നിലവിലെ ധാരണയനുസരിച്ച് ലഭിച്ചിരിക്കുന്നത്. ടി.വി.കെ സർക്കാരിനെ പിന്തുണയ്ക്കുന്ന മറ്റ് സഖ്യകക്ഷികളായ വി.സി.കെ, ഇടതുപക്ഷ പാർട്ടികൾ, മുസ്ലിം ലീഗ് എന്നിവരോടും മന്ത്രിസഭയുടെ ഭാഗമാകാൻ മുഖ്യമന്ത്രി വിജയ് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മെയ് 10-ന് നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ മുഖ്യമന്ത്രി വിജയ്ക്കൊപ്പം ഒൻപത് ടി.വി.കെ നേതാക്കൾ മാത്രമായിരുന്നു ആദ്യഘട്ടത്തിൽ മന്ത്രിമാരായി ചുമതലയേറ്റിരുന്നത്. കോൺഗ്രസ് മന്ത്രിമാരുടെ വരവോടെ വിജയ് സർക്കാർ കൂടുതൽ ശക്തമായ മുന്നണി സ്വഭാവത്തിലേക്ക് മാറുകയാണ്.
അതേസമയം, നിയമസഭയിലെ വിശ്വാസ വോട്ടെടുപ്പിൽ വിജയ് സർക്കാരിനെ പിന്തുണച്ച എ.ഐ.എ.ഡി.എം.കെ വിമതർക്ക് മന്ത്രിസ്ഥാനം നൽകുന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിക്കെതിരെ കലാപക്കൊടി ഉയർത്തി ടി.വി.കെ സർക്കാരിന് അനുകൂലമായി വോട്ട് ചെയ്ത 25 എ.ഐ.എ.ഡി.എം.കെ എം.എൽ.എമാരുടെ കാര്യത്തിലാണ് ചർച്ചകൾ തുടരുന്നത്. പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ കോൺഗ്രസിന്റെ മന്ത്രിസഭാ പ്രവേശനവും മറ്റ് ഘടകകക്ഷികളുടെ നിലപാടുകളും തമിഴക രാഷ്ട്രീയത്തിൽ വലിയ പ്രാധാന്യത്തോടെയാണ് വിലയിരുത്തപ്പെടുന്നത്.