
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റിൽ സംസ്ഥാന നേതൃത്വത്തിനെതിരെ അതിരൂക്ഷമായ വിമർശനങ്ങൾ ഉയർന്നു. പിണറായി വിജയന്റെ ശൈലിയും പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്റെ പെരുമാറ്റവും മന്ത്രിമാരുടെ പ്രവർത്തനങ്ങളും പരാജയത്തിന് ആക്കം കൂട്ടിയെന്ന് യോഗം വിലയിരുത്തി.
പിണറായി വിജയന്റെ ധാർഷ്ട്യവും സാധാരണക്കാരെ അകറ്റുന്ന ശരീരഭാഷയുമാണ് പരാജയത്തിന്റെ പ്രധാന കാരണമെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. ‘വീട്ടിൽ പോയി പറയാൻ’ പറയുന്നതുപോലുള്ള പരാമർശങ്ങളും പ്രവർത്തകരോടുള്ള പരുക്കൻ പെരുമാറ്റവും തിരിച്ചടിയായി. പിണറായിയെ പ്രതിപക്ഷ നേതാവാക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന വിമർശനവും ഉയർന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് സാധാരണക്കാർക്ക് അപ്രാപ്യമായിരുന്നുവെന്നും മുഷിഞ്ഞ വസ്ത്രം ധരിച്ചവർക്ക് അവിടെ പ്രവേശനമുണ്ടായിരുന്നില്ലെന്നും യോഗത്തിൽ വിമർശനമുണ്ടായി.
മന്ത്രിമാരായ വീണ ജോർജ്ജും എം.ബി. രാജേഷും പൂർണ്ണ പരാജയമായിരുന്നുവെന്ന് ജില്ലാ സെക്രട്ടേറിയറ്റ് വിലയിരുത്തി. സംഘടനാ ബോധമില്ലാത്തവരെ മന്ത്രിമാരാക്കരുതെന്ന് വീണ ജോർജ്ജിനെതിരെ വിമർശനമുയർന്നു. പത്തനംതിട്ട ടൗണിൽ കാണാമെന്ന അവരുടെ വെല്ലുവിളി ജനങ്ങളോടായിരുന്നുവെന്നും അതിനുള്ള മറുപടിയാണ് തിരഞ്ഞെടുപ്പിൽ ലഭിച്ചതെന്നും നേതാക്കൾ പറഞ്ഞു. ലൈഫ് മിഷൻ ഉൾപ്പെടെയുള്ള പദ്ധതികൾ പാതിവഴിയിലായതും മണ്ഡല പുനർനിർണ്ണയത്തിലെ പാളിച്ചകളും പരാജയത്തിന് കാരണമായി.
തന്റെ ശരീരഭാഷയെക്കുറിച്ച് വീട്ടിൽ നിന്ന് പോലും വിമർശനമുണ്ടെന്ന് എം.വി. ഗോവിന്ദൻ സമ്മതിച്ചു. “ഒരിക്കൽ കണ്ണാടിയിൽ നോക്കാറുണ്ടോ എന്ന് മകൻ പോലും ചോദിച്ചു. വാർത്താസമ്മേളനങ്ങൾ വീണ്ടും കണ്ടുനോക്കാൻ അവൻ ആവശ്യപ്പെട്ടു.” മാധ്യമപ്രവർത്തകരോടുള്ള പെരുമാറ്റത്തിൽ മാറ്റം വരുത്തുമെന്നും കൂടുതൽ പക്വതയോടെ പെരുമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഭാര്യ പി.കെ. ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതിനെ അദ്ദേഹം ന്യായീകരിച്ചു. ഇതിനെ വിമർശിക്കുന്നവർ ‘ആണധികാരത്തിന്റെ’ വക്താക്കളാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.