
രാജീവനെ കാത്തിരിക്കുകയായിരുന്നു കമല. ഒരു പേഴ്സണൽ കാര്യം പറയാനുണ്ടെന്നു മാത്രമേ രാജീവൻ ഫോണിൽ പറഞ്ഞിരുന്നുള്ളൂ.
'ഓക്കേ… ക്ലിനിക്കിലേക്കു വന്നോളൂ' കമല പറഞ്ഞു.
'നോ... ഐ വുഡ് പ്രിഫെർ സംവേർ മോർ പ്രൈവറ്റ്... '
‘എങ്കിൽ വീട്ടിലേക്കു വരൂ… ലഞ്ചും അവിടെ ആകാം’ എന്ന് പറഞ്ഞത് കമലയായിരുന്നു.
'വീട്ടിലാവുമ്പോൾ ഓപ്പണായി സംസാരിക്കാമല്ലോ... എപ്പോഴാണ് രാജീവന് സൗകര്യം എന്ന് പറഞ്ഞോളൂ. ഞാൻ അവിടെ കാണും...' കമല ഉറപ്പു കൊടുത്തു. ഒട്ടും താമസിക്കാതെ ക്ലിനിക്കിലെ കാര്യങ്ങൾ സഹപ്രവർത്തകരെ ഏൽപ്പിച്ചിട്ടു വീട്ടിലേക്കു പോകുകയും ചെയ്തു.
അധികം താമസിക്കാതെ രാജീവും എത്തി
'വരൂ. രാജീവ്... ഇരിക്കൂ...എന്താ പ്രശ്നം...? '
മുഖവുര ഒന്നുമില്ലാതെ കമല ചോദിച്ചു.
'ഇറ്റ് ഇസ് എ ലോങ്ങ് സ്റ്റോറി. ഐ ആം ടോട്ടലി കൺഫ്യുസ്ഡ്...' സോഫയിൽ ഇരുന്നുകൊണ്ട് രാജീവ് പറഞ്ഞു.
കഴിഞ്ഞ ദിവസം ഉണ്ടായ ആക്രമണത്തെക്കുറിച്ചു വനജ പറഞ്ഞ വിവരങ്ങളാണ് രാജീവ് പറഞ്ഞു തുടങ്ങിയത്. ഷോപ്പിംഗിനു പോയതും, പാർക്കിംഗ് ലോട്ടിൽ വെച്ച് ഏതോ അക്രമി അപായപ്പെടുത്താൻ ശ്രമിച്ചതും. ഏതോ കാർ അതുവഴി വന്നതും, അക്രമി അതിൽക്കയറി മറഞ്ഞതും... കാറിന്റേയോ, അക്രമിയുടെയോ എന്തെങ്കിലും വിശദാംശങ്ങൾ ശ്രദ്ധിക്കാൻ കഴിയാത്തവണ്ണം ഭയന്ന് പോയതും എല്ലാം…. പോലീസിൽ പരാതി കൊടുക്കേണ്ടെന്നു നിർബന്ധം പിടിച്ചത് പ്രത്യേകിച്ചും.
'എന്നാലും, ഇന്ന് രാവിലെ ഞാൻ ആദ്യം ചെയ്തത് ബാലചന്ദ്രനെ വിളിക്കുകയായിരുന്നു. ബട്ട് ഹി വാസ് നോട് ഇൻ ദി ഓഫീസ് '
'ബാലു ഹാസ് എ മീറ്റിംഗ്...' കമല പറഞ്ഞു.
'അത് നന്നായി എന്ന്, പിന്നെ തോന്നി.'
'അതെന്തേ?' എന്നൊരു ചോദ്യം കമലയുടെ കണ്ണിൽ തെളിഞ്ഞു. സുമയുമായുണ്ടായ സംഭാഷണം രാജീവൻ കമലയോടു പറഞ്ഞു .
'വനജ പറഞ്ഞ ഷോപ്പിംഗ് മാളിലല്ല അവളെ അവർ കണ്ടത്. സ്റ്റോക് ബ്രോക്കർ കുരുവിളയുടെ ഓഫീസിനു മുൻപിലാണ്... അവൾ ഓഫീസിൽ നിന്നിറങ്ങുമ്പോൾ മുതൽ അവർ അവളുടെ പിന്നിലുണ്ടായിരുന്നു. വിളിച്ചിട്ടും നിൽക്കാതെ, കേൾക്കാത്ത മട്ടിൽ ഓടി കാറിൽ കയറുകയായിരുന്നു. അവിടെ അങ്ങനെ എന്തെങ്കിലും നടന്നതായി അവർ കണ്ടില്ല’
ഒന്ന് നിർത്തി, അയാൾ തുടർന്നു: ‘അതുമല്ല അവൾക്കു അവിടെ എന്ത് ബിസിനസ് ആയിരുന്നു എന്നത് മറ്റൊരു ഇഷ്യൂ'
'സംഭവം ഉണ്ടായതു അവിടെ ആയിരിക്കില്ല. അത് കഴിഞ്ഞു ഷോപ്പിംഗ് മാളിൽ പോയിക്കാണും'
'ഞാൻ അത് ആലോചിക്കാതെയിരുന്നില്ല. പക്ഷെ, വീട്ടിൽ നിന്ന് ഇറങ്ങി ഒരു മണിക്കൂറിനകം അവൾ തിരിച്ചെത്തി എന്ന് ജോലിക്കാർ രണ്ടു പേരും പറയുന്നു. കുരുവിളയുടെ ഓഫീസിനടുത്തു നിന്ന് ഏതു മാളിൽ എത്തണമെങ്കിലും തേർട്ടി ഓർ ഫോർട്ടി മിനിട്സ് ഡ്രൈവ് ചെയ്യാതെ പറ്റില്ല ഐ നോ ഷി ഈസ് ലയിങ്. ബട്ട് വൈ?'
കമല ഒന്നും മിണ്ടിയില്ല.
'കമല, ദിസ് ഈസ് നോട് ഓൾ...’ അൽപ നേരം മിണ്ടാതെയിരുന്നിട്ടു, രാജീവൻ പറഞ്ഞു.
കുറെ ദിവസങ്ങൾക്കു മുൻപേ രാജുവി ൻറെ വീ ട്ടിൽ വെച്ച് ഉണ്ടായ സംഭവം രാജീവൻ വിവരിച്ചു. മമ്മയ്ക്കും, തനിക്കും കിട്ടിയ ഊമക്കത്തിൻറെ കാര്യവും.
'എന്താ കമലാ നടക്കുന്നത്? പൂട്ടിക്കിടന്ന ഗേറ്റിൽകൂടി അകത്തുകടന്നു എന്ന് പറയുക, ഒരു പരിചയവും ഇല്ലാത്തവരെക്കുറിച്ചു അപവാദം പറയുക... മോൻറെ ടീച്ചറിനെക്കുറിച്ചൊക്കെ... അതേച്ചൊല്ലി പ്രിൻസിപ്പൽ എന്നെ വിളിച്ചിരുന്നു... എന്താ ഇതൊക്കെ? എന്താ ഇതിൻറെയൊക്കെ അർത്ഥം?'
'ഇത് അസുഖം വല്ലതും...?'
'ങും... അതിരിക്കട്ടെ. നിങ്ങൾ തമ്മിൽ ഉടക്കൊന്നുമില്ലല്ലോ...?’ കമല ചോദിച്ചു.
'ഇതുവരെ ഇല്ല. ഇനി താനായിട്ടു ഉണ്ടാക്കാതെ ഇരുന്നാൽ മതി...'
'ഞാൻ കാര്യമായിട്ട് ചോദിച്ചതാ... വനജയ്ക്കു എന്തെങ്കിലും
ഡിസ്സാറ്റിസ്ഫാക്ഷൻ...?' കമല ചോദിച്ചു
'വാട്ട് ഡു യു മീൻ?'
'ഇങ്ങനെ ഒന്നും ചെയ്യാതെ.... അല്ല, ഇത്ര ക്വാളിഫൈഡ് ആയിട്ടും, ടോപ് ഡിഗ്രികൾ ഉണ്ടായിട്ടും വീടും കിച്ചനുമായി കഴിയുന്നതിൽ അസ്വസ്ഥത തോന്നിക്കൂടേ?'
'നിങ്ങളുടെ ബിസിനസ് കാര്യങ്ങളിൽനിന്ന് വനജ എന്താ മാറിക്കളഞ്ഞത്? ഷി യൂസ്ഡ് റ്റു വർക്ക് വിത് യു ഇൻ ദി ഓഫീസ്.' കമല പറഞ്ഞു
'കുട്ടികൾ ഉണ്ടായപ്പോൾ പിന്നെ അവൾക്കു വർക്ക് ചെയ്യാൻ താല്പര്യം ഇല്ലായിരുന്നു. ദാറ്റ് വാസ് ഹേർ ചോയ്സ്.'
'ആർ യു ഷുവർ?' കമല ചോദിച്ചു.
പോർച്ചിൽ ജീപ്പ് വന്നു നിൽക്കുന്ന ശബ്ദം കേട്ടുകൊണ്ട് കമല പറഞ്ഞു:
'ബാലു വന്നു എന്ന് തോന്നുന്നു...'
'കമലാ...' ബാലചന്ദ്രൻറെ മുഴക്കമുള്ള ശബ്ദം ഒട്ടും താമസമില്ലാതെ അവർ കേട്ടു. 'നല്ല വിശ പ്പ്... ചോറ് വിളമ്പ് ...'.
അപ്പോഴാണ് അയാൾ രാജീവനെ കണ്ടത്
'ഹലോ രാജീവൻ. എന്താണാവോ ബാല്യകാല സുഹൃത്തുക്കൾ രണ്ടുപേരും കൂടി ഒരു ഗൂഢാലോചന? ഒളിച്ചോടാനാണോ? വണ്ടിക്കൂലി വേണമെങ്കിൽ പറഞ്ഞാൽ മതി, ഞാൻ തരാം...'
ഉറക്കെ ചിരിച്ചുകൊണ്ട് ബാലചന്ദ്രൻ പറഞ്ഞു. അപ്പോഴാണ് രാജീവൻറെയും കമലയുടെയും മുഖത്തെ ഗൗരവം അയാൾ ശ്രദ്ധിച്ചത്.
'ഓ.. ഐ ആം സോറി... എന്താ പ്രശ്നം?'
സ്വീകരണ മുറിയിൽ അവരോടൊപ്പം ഇരിക്കാൻ തുടങ്ങിയ ബാലചന്ദ്രനെ തടഞ്ഞു കൊണ്ട് കമല പറഞ്ഞു:
‘നമുക്ക് ഊണുകഴിച്ചുകൊണ്ടു സംസാരിക്കാം... വിശന്നാൽ പിന്നെ ബാലുവിന് കണ്ണ് കാണുകയില്ല. വരൂ രാജീവാ. '
കമല അവരെ ഡൈനിങ് ഹാളിലേക്ക് കൂട്ടിക്കൊണ്ടുപോയി. ആധുനിക രീതിയിൽ അലങ്കരിച്ച ഡൈനിങ്ങ് ഹാളിലെ മേശയ്ക്കു ചുറ്റുമായി അവർ ഇരുന്നു. അടെച്ചുവെച്ചിരുന്ന ചോറും കറികളും തുറന്ന്, പ്ലേറ്റുകളിലേക്കു വിളമ്പിക്കൊണ്ട് കമല പറഞ്ഞു.
'ഇനി പറയ് രാജീവാ... സത്യത്തിൽ, ബാലുവിനെയാണ് രാജീവന് കാണേണ്ടിയിരുന്നത്....'
'എന്നെയോ? എന്താ രാജീവാ?'
തലേന്നാളത്തെ സംഭവം ബാലചന്ദ്രനോട് പറയുമ്പോൾ രാജീവൻ പറഞ്ഞു. 'സത്യം പറഞ്ഞാൽ അങ്ങനെ ഒരു അറ്റാക് നടന്നോ എന്ന് എനിക്കിപ്പോൾ സംശയം തോന്നുന്നു. പക്ഷെ, അവളുടെ കഴുത്തിലെ പാട്.... അവളുടെ ഭയം... എന്തോ സംഭവിച്ചിട്ടുണ്ട്... അതെന്താണെന്നും, എവിടെവെച്ചാണെന്നും എനിക്കറിയില്ല...'
'ങും... ഞാൻ ഒന്ന് അന്വേഷിക്കട്ടെ... ഈ പറഞ്ഞ കുരുവിളയുടെ ഓഫീസിൻറെ അവിടെയും, വനജ പറഞ്ഞ മാളിലെ പാർക്കിംഗ് ലോട്ടിലും... ഇപ്പോൾ എല്ലായിടത്തും സി.സി. ടി.വി കാമറ ഒക്കെയുണ്ടല്ലോ...' ബാലചന്ദ്രൻ പറഞ്ഞു. 'തത്ക്കാലം ഇത് ആരോടും പറയേണ്ടാ. പ്രത്യേകിച്ച് നിങ്ങളുടെ വീട്ടിലെ ജോലിക്കാരോട്...’
'അവർ കുഴപ്പക്കാരല്ല. ഒരുപാടു വർഷങ്ങളായി ഞങ്ങളുടെ കൂടെ ഉള്ളവരാ...’
'കുഴപ്പക്കാരാണെന്നു ഞാൻ പറഞ്ഞില്ലല്ലോ...' ബാലചന്ദ്രൻ പറഞ്ഞു.
‘വലിയ പബ്ലിസിറ്റി വേണ്ട എന്നേ ഞാൻ ഉദ്ദേശിച്ചുള്ളൂ.’
'ഓക്കേ...' രാജീവൻ തല കുലുക്കി.
‘ങും…. ഏതായാലും അപകടം ഒന്നും ഉണ്ടായില്ലല്ലോ....'
അവർ മൂന്നുപേരും ഊണ് കഴിച്ചു എഴുന്നേൽക്കുമ്പോൾ, ബാലചന്ദ്രൻ ചോദിച്ചു :
'രാജീവാ, ബിസിനസ് എങ്ങനെ?'
'അവിടെയും ഉണ്ട് പ്രശ്നങ്ങൾ. ഷെയർഹോൾഡേഴ്സ് മീറ്റിംഗിന് കഷ്ടിച്ച് രണ്ടാഴ്ചയെ ഉള്ളൂ. അതിൻറെ തിരക്ക് ഞാൻ പറയേണ്ടല്ലോ അതിൻറെയിടെയ്ക്കാ ഇത്'
' ഇതിനെക്കുറിച്ച് വിഷമിക്കാതെ. ഞാനൊന്നു അന്വേഷിക്കട്ടെ….’
ബാലചന്ദ്രനോടും കമലയോടും യാത്രപറഞ്ഞിറങ്ങുമ്പോൾ രാജീവൻ പറഞ്ഞു:
'കമലാ... ടോക്ക് റ്റു വനജ. ഒന്ന് രണ്ടു ദിവസം കഴിഞ്ഞു മതി. അല്ലെങ്കിൽ അവൾ ഇത്രയും പറഞ്ഞിട്ടും, ഞാൻ ബാലുവിനെ ഇൻവോൾവ് ചെയ്തു എന്ന് അവൾക്കു മനസിലാവും... അത് വേണ്ടാ.. .'
'യെസ്... യെസ്... ഞാൻ വിളിച്ചോളാം...'
Read More: https://www.emalayalee.com/writer/69