
ലൂസിയാനയിലും കെന്റക്കിയിലും റിപ്പബ്ലിക്കൻ പ്രൈമറികളിൽ എതിരാളികളെ തകർത്ത പ്രസിഡന്റ് ട്രംപ് ടെക്സസിൽ നിലവിലുള്ള സെനറ്റർ ജോൺ കോർണിനെതിരെ വിവാദപുരുഷനായ അറ്റോണി ജനറൽ കെൻ പാക്സ്റ്റണെ എൻഡോഴ്സ് ചെയ്തു .
യുഎസ് ചരിത്രത്തിലെ ഏറ്റവും ചെലവേറിയ സെനറ്റ് പ്രൈമറിയിൽ കോർണിന് ഇതോടെ കനത്ത തിരിച്ചടിയായി. സർവേകളിൽ മുന്നിട്ടു നിൽക്കുന്ന പാക്സ്റ്റൺ യഥാർഥ മാഗാ പോരാളിയാണെന്നു ട്രംപ് ചൂണ്ടിക്കാട്ടി. "ഒട്ടേറെ വെല്ലുവിളികൾ നേരിട്ട അദ്ദേഹത്തിന് എങ്ങിനെ ജയിക്കാം എന്നറിയാം."
ഡിസ്‌ട്രിക്‌ട് 50ൽ സ്റ്റേറ്റ് റെപ്. ജെയിംസ് തലറിക്കോ ആണ് ഡെമോക്രാറ്റിക് സ്ഥാനാർഥി.
2015ൽ സെക്യൂരിറ്റി തട്ടിപ്പിൽ കുറ്റക്കാരനായി കണ്ട പാക്സ്റ്റൺ വിചാരണയ്ക്കു മുൻപ് ഉണ്ടാക്കിയ ഒത്തുതീർപ്പിൽ അതിൽ നിന്ന് ഊരുകയായിരുന്നു.
ആ കേസിൽ തന്നെ നീതി തടസപ്പെടുത്തി എന്ന ആരോപണം 2023ൽ പാക്സ്റ്റൺ നേരിട്ടു. സ്റ്റേറ്റ് അറ്റോണി ജനറൽ ആയിരിക്കെ ഒരു ഡോണർക്കു വഴിവിട്ടു സഹായം നൽകി, വ്യാജ മൊഴികൾ നൽകി, പൊതു ഖജനാവിലെ പണം തിരിമറി നടത്തി എന്നിങ്ങനെയുള്ള ആരോപണങ്ങളും ഉണ്ടായി.
വിചാരണ വന്നപ്പോൾ അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്തിരുന്നു. എന്നാൽ സ്റ്റേറ്റ് സെനറ്റിൽ 16-14 വോട്ടിനു അദ്ദേഹം ഇംപീച്ച്മെന്റ് അതിജീവിച്ചു.
സെനറ്റ് മജോറിറ്റി ലീഡർ ജോൺ തുൺ ഉൾപ്പെടെ മുതിർന്ന റിപ്പബ്ലിക്കൻ നേതാക്കൾ കോർണിനെ പിന്തുണച്ചിരുന്നു. അദ്ദേഹത്തെ എൻഡോഴ്സ് ചെയ്യാൻ ട്രംപിനോട് അഭ്യർത്ഥിക്കയും ചെയ്‌തു. നാഷണൽ റിപ്പബ്ലിക്കൻ സെനറ്റോറിയൽ കമ്മിറ്റിയും കോർണിന്റെ കൂടെ നിന്നു. ട്രംപിന്റെ 2024 കാമ്പയ്ൻ മാനേജരായിരുന്ന ക്രിസ് ലാസിവിറ്റയും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു.
വിവാദങ്ങൾ മൂലം പാക്സ്റ്റൺ നവംബർ 3 തിരഞ്ഞെടുപ്പിൽ കഠിന പോരാട്ടം നേരിടുമെന്നു അവർ താക്കീതു നൽകുകയും ചെയ്തു. ചെലവ് കൂടുമ്പോൾ മറ്റു മത്സരങ്ങളിൽ നിന്നു പണം ഇവിടേക്കു ഒഴുക്കേണ്ടി വരുമെന്ന് അവർ ചൂണ്ടിക്കാട്ടി.
എന്നാൽ മാഗാ പിന്തുണ അദ്ദേഹത്തിനാണ് എന്നതു വ്യക്തം.
2020ൽ ജോ ബൈഡനോടു തോറ്റപ്പോൾ തിരഞ്ഞെടുപ്പിൽ തട്ടിപ്പു നടന്നു എന്ന ആരോപണം ഉയർത്തിയ ട്രംപിനെ പിന്തുണച്ചു പാക്സ്റ്റൺ അദ്ദേഹത്തിന്റെ പ്രീതി നേടി. ബൈഡൻ ഭരണകൂടത്തിനെതിരെ അദ്ദേഹം 106 കേസുകൾ കൊണ്ടുവരികയും ചെയ്തു.
1991 മുതൽ 1997 വരെ ടെക്സസ് സുപ്രീം കോടതി ജഡ്‌ജ് ആയിരുന്ന കോർണിൻ 1999 മുതൽ 2002 വരെ അവിടെ അറ്റോണി ജനറലും ആയിരുന്നു. ഒട്ടേറെ നിയമപ്രശ്നങ്ങൾ നേരിട്ട ട്രംപ് 2024ൽ മത്സരിക്കരുത് എന്നു നിർദേശിച്ചു അദ്ദേഹത്തിന്റെ ശത്രുത കോർണിൻ ഏറ്റു വാങ്ങി.
ടെക്സസ് ഗവർണർ ഗ്രെഗ് ആബട്ട്, സെനറ്റർ റ്റെഡ് ക്രൂസ് എന്നിവർ സെനറ്റ് മത്സരത്തിൽ നിഷ്പക്ഷത പാലിച്ചിരുന്നു.
ധാർമിക വെല്ലുവിളി നേരിട്ട പാക്സ്റ്റണെ ട്രംപ് പിന്തുണച്ചതിനെ സെനറ്റർ സൂസൻ കോളിൻസ് (റിപ്പബ്ലിക്കൻ-മെയ്ൻ) അപലപിച്ചു. ട്രംപിന്റെ വിശ്വസ്തനായ സെനറ്റർ ലിൻഡ്‌സെ ഗ്രെയം പറഞ്ഞു: "പാക്സ്റ്റൺ ജയിച്ചേക്കുമെന്നു ഞാൻ കരുതുന്നു, പക്ഷെ മൂന്നിരട്ടി പണം ഇറക്കേണ്ടി വരും."
ടെക്സസ് പോലൊരു സംസ്ഥാനം പോയാൽ പ്രസിഡന്റിന്റെ കൈകൾക്കു എങ്ങിനെ കരുത്തുണ്ടാവുമെന്നു റിപ്പബ്ലിക്കൻ സെനറ്റർ ലിസ മൂർക്കോവ്സ്കി (അലാസ്‌ക) ചോദിച്ചു.
Trump endorses controversial Paxton in Texas