Image

കോൺഗ്രസിലെ തന്റെ ശത്രുവായ തോമസ് മാസിയെ ട്രംപ് റിപ്പബ്ലിക്കൻ പ്രൈമറിയിൽ വീഴ്ത്തി (പിപിഎം)

Published on 20 May, 2026
കോൺഗ്രസിലെ തന്റെ ശത്രുവായ തോമസ് മാസിയെ ട്രംപ് റിപ്പബ്ലിക്കൻ പ്രൈമറിയിൽ വീഴ്ത്തി (പിപിഎം)

റിപ്പബ്ലിക്കൻ പാർട്ടിയിലെ മറ്റൊരു എതിരാളിയെ കൂടി പ്രൈമറിയിൽ തന്നെ തകർത്തു പ്രസിഡന്റ് ട്രംപ്. ഏഴു പ്രാവശ്യം കോൺഗ്രസ് അംഗമായ റെപ്. തോമസ് മാസിയെ കെന്റക്കി പ്രൈമറിയിൽ ട്രംപ് ഇറക്കിയ മുൻ നേവി ക്യാപ്റ്റൻ എഡ് ഗോൾറിൻ തോല്പിക്കുമെന്നു 74% വോട്ട് എണ്ണിക്കഴിഞ്ഞപ്പോൾ അസോസിയേറ്റഡ് പ്രസ് സ്ഥിരീകരിച്ചു. അപ്പോൾ ഗോൾറിന്റെ ലീഡ് 45.6%നെതിരെ 54.4% ആയിരുന്നു.

കെന്റക്കി നാലാം ഡിസ്ട്രിക്ടിലെ ഈ ഫലം ട്രംപിനെ പിന്തുണയ്ക്കുന്ന മാഗാ പ്രസ്ഥാനത്തിനും നേട്ടമായി. തനിക്കെതിരെ ഇംപീച്ച്മെന്റ്റിൽ വോട്ട് ചെയ്ത സെനറ്റർ ബിൽ കാസിഡിയെ കഴിഞ്ഞ ചൊവാഴ്ച്ച ലൂസിയാന പ്രൈമറിയിൽ വീഴ്ത്തിയ ട്രംപിന് ഇത് മറ്റൊരു ആഘോഷമായി.  

കൊളോറാഡോയിൽ ശത്രുവായ റെപ്. ലോറെൻ ബോബെർട്ട് ആയിരിക്കും അടുത്ത ലക്ഷ്യമെന്നു ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്.

കോൺഗ്രസിൽ നിർണായക വോട്ടെടുപ്പുകളിൽ തനിക്കെതിരെ നിലയുറപ്പിച്ചതിന്റെ പേരിൽ മാസിയെ തോൽപിക്കാൻ ട്രംപ് ആവർത്തിച്ച് ആഹ്വാനം ചെയ്തിരുന്നു. ഗോൾറിനെ 'യഥാർഥ അമേരിക്കൻ ദേശഭക്തൻ' എന്നു വിളിച്ച ട്രംപ് അദ്ദേഹത്തിനു സമ്പൂർണ പിന്തുണ നൽകി.

ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി ട്രംപിനു ബന്ധമുണ്ടെന്ന ആരോപണം നിലനിൽക്കെ എപ്‌സ്റ്റീൻ ഫയലുകൾ പുറത്തു വിടാൻ കോൺഗ്രസിൽ വോട്ട് ചെയ്ത മാസി 'ഭീകരനായ കോൺഗ്രസംഗം' ആണെന്നു ട്രംപ് വിശേഷിപ്പിച്ചു.

യുഎസ് ചരിത്രത്തിലെ തന്നെ ഏറ്റവും ചെലവേറിയ പ്രൈമറി ആയിരുന്നു കെന്റക്കിയിൽ നടന്നതെന്നാണ് കണക്കുകൾ. രാഷ്ട്രീയ പരസ്യങ്ങൾക്കു മാത്രം $32 മില്യൺ ചെലവഴിച്ചിട്ടുണ്ട്.

ഇസ്രയേലിനെതിരെ നിലപടെടുത്ത മാസിയെ തോൽപിക്കാൻ യഹൂദ ഗ്രൂപ്പുകളും രംഗത്തിറങ്ങി.

ഡെമോക്രാറ്റിക് ഇടതു പക്ഷ കോൺഗ്രസ് അംഗങ്ങളായ 'സ്‌ക്വാഡ്' മാസിക്കു കൂട്ടായിരുന്നു എന്നത് ട്രംപ് മുതലാക്കിയപ്പോൾ മാഗാ അതു ഗൗരവമായെടുത്തു.

പരാജയം സമ്മതിച്ചപ്പോൾ മാസി പറഞ്ഞു: "പാർട്ടിയെ മാറ്റി വച്ച് ആദർശങ്ങളുടെ അടിസ്ഥാനത്തിൽ വോട്ട് ചെയ്യുന്നവരെ ഈ രാജ്യത്തിന് ആവശ്യമാണ്. വിരട്ടാൻ നോക്കുന്നവരെ നിങ്ങൾക്കു ഇഷ്ടമല്ലെന്നു എനിക്കറിയാം. അതു കൊണ്ട് എനിക്കു നിങ്ങളെ ഇഷ്ടമാണ്.

"നിങ്ങൾ എപ്പോഴും പ്രസിഡന്റിനാണ് വോട്ട് ചെയ്യുന്നതെങ്കിൽ നമുക്കൊരു രാജാവുണ്ടെന്നു കരുതിയാൽ മതി."

Trump ousts Congress foe in  GOP  primary

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക