Image

എബോള ജാഗ്രത: വിമാനത്താവളങ്ങളിൽ പരിശോധനയും നിരീക്ഷണവും ശക്തമാക്കി ആരോഗ്യ മന്ത്രാലയം

Published on 19 May, 2026
എബോള ജാഗ്രത: വിമാനത്താവളങ്ങളിൽ പരിശോധനയും നിരീക്ഷണവും ശക്തമാക്കി ആരോഗ്യ മന്ത്രാലയം

ഡൽഹി: ആഗോളതലത്തിൽ എബോള വൈറസ് വ്യാപനം ശക്തമാകുന്ന പശ്ചാത്തലത്തിൽ രാജ്യത്ത് മുൻകരുതൽ നടപടികൾ ഊർജിതമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും നിരീക്ഷണം ശക്തമാക്കാൻ നിർദ്ദേശം നൽകി. നിലവിൽ ഇന്ത്യയിൽ എബോള കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് ഗെബ്രിയേസസ് വൈറസ് വ്യാപനത്തിന്റെ വേഗതയിൽ അതീവ ആശങ്ക രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഇന്ത്യ പ്രതിരോധ നടപടികളിലേക്ക് കടന്നത്. കോംഗോ, ഉഗാണ്ട എന്നീ രാജ്യങ്ങളിൽ ഇതിനകം അഞ്ഞൂറിലധികം സംശയാസ്പദമായ കേസുകളും 131 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോംഗോയിൽ ഔദ്യോഗിക ആവശ്യത്തിനെത്തിയ ഒരു അമേരിക്കൻ പൗരനും രോഗബാധ സ്ഥിരീകരിച്ചു.
നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ, ഇന്റഗ്രേറ്റഡ് ഡിസീസ് സർവൈലൻസ് പ്രോഗ്രാം, ഐസിഎംആർ എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിൽ രാജ്യത്തെ പൊതുജനാരോഗ്യ സജ്ജീകരണങ്ങൾ വിലയിരുത്തി. എബോള ബാധിത പ്രദേശങ്ങളിൽ നിന്നും എത്തുന്ന അന്താരാഷ്ട്ര യാത്രക്കാരുടെ യാത്രാ ചരിത്രം സൂക്ഷ്മമായി പരിശോധിക്കാൻ ഇമിഗ്രേഷൻ, എയർപോർട്ട് ഹെൽത്ത് അതോറിറ്റികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക