Image

വി.ഡി. സതീശൻ ക്ലിഫ് ഹൗസിൽ, ചെന്നിത്തലയ്ക്ക് 'പമ്പ', സണ്ണി ജോസഫിന് 'അശോക'; മന്ത്രി മന്ദിരങ്ങളിൽ തീരുമാനമായി

Published on 19 May, 2026
 വി.ഡി. സതീശൻ ക്ലിഫ് ഹൗസിൽ, ചെന്നിത്തലയ്ക്ക്  'പമ്പ', സണ്ണി ജോസഫിന് 'അശോക'; മന്ത്രി മന്ദിരങ്ങളിൽ തീരുമാനമായി

സംസ്ഥാനത്ത് പുതുതായി അധികാരമേറ്റ യു.ഡി.എഫ് മന്ത്രിസഭയിലെ അംഗങ്ങളുടെ ഔദ്യോഗിക വസതികളുടെ കാര്യത്തിൽ തീരുമാനമായി. മുഖ്യമന്ത്രി വി.ഡി. സതീശൻ നന്ദൻകോടുള്ള ക്ലിഫ് ഹൗസിലായിരിക്കും താമസിക്കുക. ക്ലിഫ് ഹൗസ് കോമ്പൗണ്ടിലുള്ള ‘പമ്പ’ രമേശ് ചെന്നിത്തലയ്ക്കും ‘അശോക’ സണ്ണി ജോസഫിനും അനുവദിച്ചു. മറ്റ് പ്രമുഖ നേതാക്കളായ കെ. മുരളീധരന് ‘സാനഡു’വും, ഒ.ജെ. ജനീഷിന് വെള്ളയമ്പലത്തുള്ള ‘മൻമോഹൻ ബംഗ്ലാവു’മാണ് ഔദ്യോഗിക വസതിയായി നിശ്ചയിച്ചിരിക്കുന്നത്.

മറ്റ് മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് നന്ദൻകോടുള്ള ‘ലിന്തർസ്റ്റ്’, ബിന്ദു കൃഷ്ണയ്ക്ക് വഴുതക്കാടുള്ള ‘തൈക്കാട് ഹൗസ്’, സി.പി. ജോണിന് ‘റോസ് ഹൗസ്’, ഷിബു ബേബി ജോണിന് ‘എസൻഡൻസ്’ എന്നിവയാണ് അനുവദിച്ചത്. എ.പി. അനിൽകുമാറിന് ‘കാവേരി’, എം. ലിജുവിന് ‘അജന്ത’, പി.സി. വിഷ്ണുനാഥിന് ‘നിള’, റോജി എം. ജോണിന് ‘ഗ്രേസ്’, ടി. സിദ്ദിഖിന് ‘ഗംഗ’ എന്നിങ്ങനെ പാളയം കന്റോൺമെന്റ് ഹൗസിന് സമീപമുള്ള വസതികളും നിശ്ചയിച്ചിട്ടുണ്ട്. കൂടാതെ എൻ. ഷംസുദ്ദീൻ (നെസ്റ്റ്), കെ.എം. ഷാജി (പൗർണമി), പി.കെ. ബഷീർ (ഉഷസ്), വി.ഇ. അബ്ദുൾ ഗഫൂർ (കവടിയാർ ഹൗസ്), മോൻസ് ജോസഫ് (പെരിയാർ), കെ.എ. തുളസി (പ്രശാന്ത്) എന്നിവർക്കും വസതികൾ അനുവദിച്ചുകൊണ്ട് ഉത്തരവായി.

അതേസമയം, മേയ് 18-ന് 21 അംഗ യു.ഡി.എഫ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് ഒരു ദിവസം പിന്നിട്ടിട്ടും മന്ത്രിമാരുടെ വകുപ്പ് വിഭജനത്തിൽ അന്തിമ ധാരണയായിട്ടില്ല. വിദ്യാഭ്യാസ വകുപ്പ് കോൺഗ്രസിന് വിട്ടുനൽകണമെങ്കിൽ പകരം ഫിഷറീസ് വകുപ്പ് വേണമെന്ന ഉറച്ച നിലപാടിലാണ് മുസ്ലിം ലീഗ്. എന്നാൽ ഫിഷറീസ് വകുപ്പ് ലീഗിന് നൽകുന്നതിൽ കോൺഗ്രസിലെ ഒരു വിഭാഗം ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചതോടെയാണ് ചർച്ചകൾ നീളുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക