Image

വടകരയിൽ രണ്ട് ബംഗാൾ സ്വദേശികളായ പെൺകുട്ടികളെ കാണാതായി; അന്വേഷണം ഡൽഹിയിലേക്ക്

Published on 19 May, 2026
വടകരയിൽ രണ്ട് ബംഗാൾ സ്വദേശികളായ പെൺകുട്ടികളെ കാണാതായി; അന്വേഷണം ഡൽഹിയിലേക്ക്

കോഴിക്കോട്: വടകര വില്യാപ്പള്ളിയിൽ വാടകയ്ക്ക് താമസിക്കുന്ന ബംഗാൾ സ്വദേശികളായ രണ്ട് പെൺകുട്ടികളെ ദുരൂഹ സാഹചര്യത്തിൽ കാണാതായി. മയ്യന്നൂർ പുത്തലത്ത് താഴകുനി വീട്ടിൽ താമസിക്കുന്ന സാബി ഷെയ്ക്കിന്റെ മകൾ നർഗീസ് ഖാത്തൂൻ (12), ഇയാളുടെ ഭാര്യയുടെ ബന്ധുവായ രശ്മി മോനി (16) എന്നിവരെയാണ് കാണാതായത്. വെസ്റ്റ് ബംഗാളിലെ ഹുഗ്ലി ജില്ലയിലെ പാണ്ഡുവ സിംലാഗർ ചമ്പഹാത്തി സ്വദേശികളായ ഇവർ വർഷങ്ങളായി വില്യാപ്പള്ളിയിലാണ് താമസം.

​ഞായറാഴ്ച പുലർച്ചെ ഒന്നിനും ആറിനും ഇടയിലുള്ള സമയത്താണ് കുട്ടികളെ കാണാതായത്. ശനിയാഴ്ച രാത്രി രക്ഷിതാക്കൾക്കൊപ്പം ഉറങ്ങാൻ കിടന്നതായിരുന്നു രണ്ടുപേരും. പുലർച്ചെ എഴുന്നേറ്റപ്പോൾ കുട്ടികളെ കാണാത്തതിനെ തുടർന്ന് പരിഭ്രാന്തരായ രക്ഷിതാക്കൾ വടകര പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് ഉടൻ തന്നെ സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

​കുട്ടികളുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ സൈബർ സെല്ലിന്റെ പരിശോധനയിൽ ഫോൺ ലൊക്കേഷൻ ഡൽഹിയിലാണ് കാണിക്കുന്നത്. ഇതേത്തുടർന്ന് വടകര പോലീസ് അന്വേഷണം ഡൽഹിയിലേക്ക് വ്യാപിപ്പിച്ചു. കുട്ടികളെ ആരെങ്കിലും പ്രലോഭിപ്പിച്ചു കൂട്ടിക്കൊണ്ടുപോയതാണോ എന്നതടക്കമുള്ള എല്ലാ സാധ്യതകളും പോലീസ് പരിശോധിച്ചുവരികയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക