Image

ചാണ്ടി ഉമ്മനെ തഴഞ്ഞതിൽ എ ഗ്രൂപ്പിൽ അമർഷം പുകയുന്നു; ഹൈക്കമാൻഡിനെ വിയോജിപ്പറിയിച്ച് നേതാക്കൾ

Published on 19 May, 2026
ചാണ്ടി ഉമ്മനെ തഴഞ്ഞതിൽ എ ഗ്രൂപ്പിൽ അമർഷം പുകയുന്നു; ഹൈക്കമാൻഡിനെ വിയോജിപ്പറിയിച്ച് നേതാക്കൾ

തിരുവനന്തപുരം: പുതിയ യുഡിഎഫ് മന്ത്രിസഭയിൽ നിന്ന് പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മനെ ഒഴിവാക്കിയതിനെച്ചൊല്ലി കോൺഗ്രസിലെ എ ഗ്രൂപ്പിനുള്ളിൽ കടുത്ത അതൃപ്തി പുകയുന്നു. യാതൊരുവിധ കൂടിയാലോചനകളും ഇല്ലാതെയാണ് ചാണ്ടി ഉമ്മനെ മന്ത്രിസ്ഥാനത്ത് നിന്ന് തഴഞ്ഞതെന്നാണ് ഗ്രൂപ്പ് നേതാക്കളുടെ ആരോപണം. ബെന്നി ബെഹനാൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ഈ വിഷയത്തിലുള്ള തങ്ങളുടെ ശക്തമായ വിയോജിപ്പ് ഇതിനോടകം തന്നെ കോൺഗ്രസ് ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്. എന്നാൽ, പുതിയ സർക്കാർ അധികാരമേറ്റയുടൻ പരസ്യപ്രതികരണങ്ങൾ നടത്തി പാർട്ടിയെ പ്രതിസന്ധിയിലാക്കേണ്ടതില്ലെന്നാണ് ഗ്രൂപ്പിന്റെ ഇപ്പോഴത്തെ തീരുമാനം.

​തിരഞ്ഞെടുപ്പിൽ അരലക്ഷത്തിലധികം വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച ചാണ്ടി ഉമ്മന് മന്ത്രിസഭയിലെത്താൻ എല്ലാ യോഗ്യതയുമുണ്ടായിരുന്നുവെന്നാണ് എ ഗ്രൂപ്പിന്റെ വിലയിരുത്തൽ. തിരഞ്ഞെടുപ്പ് കാലത്ത് ഉമ്മൻ ചാണ്ടിയുടെ പേരും ചിത്രവും സജീവമായി ഉപയോഗിച്ച് വോട്ട് പിടിച്ച ശേഷം, അദ്ദേഹത്തിന്റെ മകനെ മന്ത്രിസഭ രൂപീകരണ വേളയിൽ പൂർണ്ണമായി ഒഴിവാക്കിയത് ഉമ്മൻ ചാണ്ടിയോടുള്ള അവഹേളനമായാണ് ഒരുവിഭാഗം നേതാക്കൾ കാണുന്നത്. ഇതിനുപുറമേ, ചാണ്ടി ഉമ്മന് ഓർത്തഡോക്സ്‌ സഭയുടെ വലിയ പിന്തുണയുണ്ടായിരുന്നു എന്ന കാര്യവും ഇവർ ചൂണ്ടിക്കാട്ടുന്നു.

​അതേസമയം, താൻ മന്ത്രിസ്ഥാനത്തിന് വേണ്ടി ശ്രമിച്ചിട്ടില്ലെന്നും ജനങ്ങൾ വെട്ടുന്ന വഴിയിലൂടെ സഞ്ചരിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നുമാണ് ചാണ്ടി ഉമ്മന്റെ പ്രതികരണം. കഴിഞ്ഞ ദിവസം അദ്ദേഹം മുതിർന്ന നേതാവ് എ.കെ. ആന്റണിയെ സന്ദർശിച്ചിരുന്നു. വകുപ്പ് വിഭജന ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ഉയർന്നുവന്ന ഈ ആഭ്യന്തര തർക്കം പരിഹരിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ നേരിട്ട് ഇടപെട്ടേക്കുമെന്നാണ് സൂചന. ലത്തീൻ സഭയുടെ പരാതികൾ നേരിട്ടെത്തി പരിഹരിച്ച മാതൃകയിൽ, എ ഗ്രൂപ്പിനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉടനുണ്ടായേക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക