
തിരുവനന്തപുരം: സംസ്ഥാനത്ത് വലിയ രാഷ്ട്രീയ-ജനകീയ പ്രക്ഷോഭങ്ങൾക്ക് വഴിവെച്ച സിൽവർ ലൈൻ (കെ-റെയിൽ) പദ്ധതി പൂർണ്ണമായി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിൽവർ ലൈൻ വിരുദ്ധ സമരസമിതി മുഖ്യമന്ത്രി വി.ഡി. സതീശന് നിവേദനം നൽകി. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മുൻ ഇടത് സർക്കാരിന്റെ സ്വപ്ന പദ്ധതിയായി പ്രഖ്യാപിക്കപ്പെട്ട സിൽവർ ലൈൻ ഉപേക്ഷിച്ചുകൊണ്ട് ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിക്കണമെന്നാണ് നിവേദനത്തിലെ പ്രധാന ആവശ്യം. പദ്ധതിക്കായി പ്രഖ്യാപിച്ച ഭൂമി ഏറ്റെടുക്കൽ നോട്ടിഫിക്കേഷൻ അടിയന്തരമായി റദ്ദാക്കണമെന്നും സമരസമിതി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനവാസ മേഖലകളിൽ ഉൾപ്പെടെ സ്ഥാപിച്ച കെ-റെയിലിന്റെ മഞ്ഞക്കുറ്റികൾ പൂർണ്ണമായി മാറ്റണമെന്നാണ് സമിതിയുടെ മറ്റൊരു പ്രധാന ആവശ്യം. അഞ്ച് വർഷം മുൻപിട്ട ഈ മഞ്ഞക്കുറ്റികൾ കാരണം ജനങ്ങൾക്ക് വസ്തു പണയപ്പെടുത്തി ലോണുകളെടുക്കാനോ സ്ഥലം വിൽപ്പന നടത്താനോ കഴിയാതെ വലിയ പ്രതിസന്ധിയിലാണ്. കൂടാതെ, പദ്ധതിക്കെതിരെ ജനാധിപത്യപരമായി പ്രതിഷേധിച്ച പൊതുജനങ്ങൾക്കും പ്രവർത്തകർക്കുമെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കണമെന്നും പ്രക്ഷോഭത്തിനിടെ അറസ്റ്റിലായവർക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും നിവേദനത്തിൽ വ്യക്തമാക്കുന്നു.
തുടക്കം മുതൽ വലിയ ജനകീയ പ്രതിരോധം നേരിട്ട കെ-റെയിൽ പദ്ധതി മതേതര-സാമൂഹിക പശ്ചാത്തലത്തിലും പരിസ്ഥിതിക്കും വലിയ ആഘാതം ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാണിച്ചാണ് യുഡിഎഫ് ഇതിനെതിരെ രംഗത്തുവന്നത്. ഇപ്പോൾ യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ സാഹചര്യത്തിലാണ് പദ്ധതി പൂർണ്ണമായി ഉപേക്ഷിക്കണമെന്ന ആവശ്യവുമായി സമരസമിതി പുതിയ മുഖ്യമന്ത്രിയെ സമീപിച്ചിരിക്കുന്നത്. ജനങ്ങളുടെ ആശങ്കകൾ പരിഹരിച്ച് അനുകൂലമായ നടപടി സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സമരസമിതി നേതൃത്വം.