
കണ്ണൂർ: കണ്ണവത്തുണ്ടായ ദാരുണമായ വാഹനാപകടത്തിൽ പ്രശസ്ത സിനിമാ നടൻ ഉൾപ്പെടെ രണ്ട് പേർ മരിച്ചു. ചലച്ചിത്ര താരം ഇസ്മയിൽ, കണ്ണൂർ പോലീസ് സ്റ്റേഷന് മുന്നിൽ ടയർ പഞ്ചർ കട നടത്തുന്ന ബാബു എന്നിവരാണ് മരണപ്പെട്ടത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെ കണ്ണവത്ത് വെച്ചായിരുന്നു നാടിനെ നടുക്കിയ ഈ ദുരന്തം സംഭവിച്ചത്.
പേരാവൂർ ഭാഗത്ത് നിന്നും അമിതവേഗതയിൽ വന്ന കാർ നിയന്ത്രണം വിട്ട് കണ്ണവം പോലീസിന്റെ ക്യാമറ പോസ്റ്റ് ഇടിച്ചുതകർത്ത ശേഷമാണ് റോഡിലുണ്ടായിരുന്ന ഇരുവരുടെയും മേലേക്ക് പാഞ്ഞുകയറിയത്. കാറിടിയുടെ ആഘാതത്തിൽ തെറിച്ചുവീണ ഇസ്മയിലും ബാബുവും സംഭവസ്ഥലത്തു വെച്ചുതന്നെ മരണപ്പെടുകയായിരുന്നു. ഇരുവരുടെയും മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
മരണപ്പെട്ട ഇസ്മയിൽ വിനയൻ സംവിധാനം ചെയ്ത ഹിറ്റ് ചിത്രമായ 'അത്ഭുതദ്വീപ്' ഉൾപ്പെടെയുള്ള സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുള്ള കലാകാരനാണ്. ടയർ കടയുടമയായ ബാബു കണ്ണൂർ നഗരത്തിലെ പരിചിത മുഖങ്ങളിലൊന്നാണ്. അപകടത്തെക്കുറിച്ച് കണ്ണവം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.