
യുഎസ്-ഇറാൻ ചർച്ചകളിലേക്ക് എത്താൻ കൂടുതൽ സമയം വേണ്ടിവരുമെന്നു ഖത്തർ പറയുന്നു. ഗൾഫിലെ സഖ്യരാഷ്ട്രങ്ങൾ ഇടപെട്ടു നടത്തുന്ന ചർച്ചകൾ ഫലപ്രദമാകും എന്ന പ്രതീക്ഷയിൽ ചൊവാഴ്ച്ച വീണ്ടും ആരംഭിക്കാനിരുന്ന ആക്രമണം നിർത്തി വച്ചതായി പ്രസിഡന്റ് ട്രംപ് അറിയിച്ചതിന്റെ പിന്നാലെയാണ് ഖത്തർ വിദേശകാര്യ വക്താവ് മാജിദ് അൽ അൻസാരി ഈ അറിയിപ്പ് നൽകിയതെന്നു ഖത്തറിന്റെ അൽ ജസീറ ടെലിവിഷൻ പറഞ്ഞു.
ട്രംപുമായി തുടർന്നും ബന്ധപ്പെടുന്നുണ്ടെന്നു അൻസാരി വ്യക്തമാക്കി. ആക്രമണം മാറ്റി വച്ചെന്ന ട്രംപിന്റെ പ്രഖ്യാപനത്തെ കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: "അത് നല്ലൊരു പ്രതികരണമാണ്."
ഇറാനുമായും ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നു എന്ന് അൻസാരി പറഞ്ഞു. ഇരു രാജ്യങ്ങൾക്കും തമ്മിൽ നല്ല ബന്ധങ്ങളാണ് ഉള്ളത്.
എന്നാൽ ഇറാൻ ഖത്തറിനെ ആക്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം ഓർമിച്ചു. "അത് നല്ല ബന്ധങ്ങൾക്കു ഭീഷണിയായ സംഭവമാണ്."
ഹോർമുസ് കടലിടുക്ക് തടയാൻ ഒരു രാജ്യത്തിനും അവകാശമില്ല എന്നതാണ് ഖത്തറിന്റെ നിലപാട്. ഒരു സാഹചര്യത്തിലും അതുണ്ടാവാൻ പാടില്ല.
ഇറാന്റെ ആവശ്യങ്ങൾ
അതിനിടെ, ചർച്ച എന്നാൽ കീഴടങ്ങൽ അല്ലെന്നു ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ പറഞ്ഞു. ടെഹ്‌റാൻ അന്തസും അധികാരവും രാജ്യത്തിൻറെ അവകാശങ്ങളും കൈവിടാതെ തന്നെയാണ് ചർച്ചയിൽ പ്രവേശിച്ചത്.
ഇറാൻ യുഎസിനു സമർപ്പിച്ച ഏറ്റവും പുതിയ നിർദേശങ്ങളെ കുറിച്ച് അവരുടെ വാർത്താ ഏജൻസികൾ സൂചനകൾ പുറത്തു വിട്ടു. ലെബനൻ ഉൾപ്പെടെ എല്ലാ പോർമുഖങ്ങളിലും യുദ്ധം നിർത്തണം എന്ന ആവശ്യം ഇറാൻ ഉന്നയിച്ചിട്ടുണ്ട്.
ഇറാന് സമീപ പ്രദേശങ്ങളിൽ നിന്നു യുഎസ് സേന പിൻവാങ്ങണം, യുദ്ധത്തിൽ ഉണ്ടായ നാശനഷ്ടങ്ങൾക്കു പരിഹാരം നൽകണം എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.
ഉപരോധങ്ങൾ നീക്കമാണെന്നും ഇറാൻ ആവശ്യപ്പെട്ടതായി വിദേശകാര്യ സഹമന്ത്രി കാസം ഗാരിബാബാദി അറിയിച്ചു. മരവിപ്പിച്ച പണം വിട്ടു കിട്ടണം, യുഎസ് നാവിക ഉപരോധം പിൻവലിക്കയും വേണം.
Qatar seeks more time for talks