
സാൻ ഡിയേഗോ : അമേരിക്കയിലെ സാൻ ഡിയേഗോയിലുള്ള ഏറ്റവും വലിയ ഇസ്‌ലാമിക ആരാധനാലയത്തിൽ ഉണ്ടായ ദാരുണമായ വെടിവെപ്പിനെ ശക്തമായി അപലപിച്ച് ഇന്ത്യൻ വംശജരായ യു.എസ് ഡെമോക്രാറ്റിക് ജനപ്രതിനിധികൾ രംഗത്ത്. പള്ളിക്ക് നേരെയുണ്ടായ ക്രൂരമായ ആക്രമണത്തെ 'വെറുപ്പിന്റെ രാഷ്ട്രീയത്തിന് ഉദാഹരണമായ ഭീകരമായ സംഭവം' എന്ന് വിശേഷിപ്പിച്ച നേതാക്കൾ, രാജ്യത്ത് വർദ്ധിച്ചുവരുന്ന ഇസ്‌ലാമോഫോബിയക്കെതിരെ ഒന്നിച്ച് പോരാടണമെന്നും ആഹ്വാനം ചെയ്തു.
മേയ് 18-ന് സാൻ ഡിയേഗോ ഇസ്‌ലാമിക് സെന്ററിൽ ഉണ്ടായ വെടിവെപ്പിൽ പള്ളിയിലെ സുരക്ഷാ ജീവനക്കാരൻ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അക്രമികളായ കൗമാരക്കാരെ പിന്നീട് പള്ളിക്ക് സമീപമുള്ള വാഹനത്തിൽ സ്വയം വെടിയുതിർത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വംശീയ വിദ്വേഷത്തിന്റെ ഭാഗമായി നടത്തിയ ആക്രമണമാണിതെന്ന നിഗമനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
സംഭവത്തിൽ കടുത്ത ദുഃഖം രേഖപ്പെടുത്തിയ പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി പ്രമീള ജയപാൽ, ആരാധനാലയങ്ങൾ ഏവർക്കും സുരക്ഷിതമായ ഇടങ്ങളായിരിക്കണമെന്ന് എക്സിൽ കുറിച്ചു. നമ്മുടെ സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ഇസ്‌ലാമോഫോബിയ, വംശീയത, വിദ്വേഷം എന്നിവയുടെ എല്ലാ രൂപങ്ങളെയും നമ്മൾ ഒരുമിച്ച് നിന്ന് എതിർക്കേണ്ടതുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. പള്ളിക്ക് നേരെയുണ്ടായ ആക്രമണം തന്നെ ഏറെ ഞെട്ടിച്ചുവെന്ന് വ്യക്തമാക്കിയ പ്രതിനിധി റോ ഖന്ന, വിദ്വേഷത്തിൽ നിന്നും അക്രമങ്ങളിൽ നിന്നും മുക്തമായി സമാധാനത്തോടെ ആരാധന നടത്താൻ ഓരോ മനുഷ്യനും അവകാശമുണ്ടെന്ന് ഓർമ്മിപ്പിച്ചു.
ഈ സംഭവത്തെ അതീവ ഗൗരവത്തോടെയാണ് നിരീക്ഷിക്കുന്നതെന്ന് ജനപ്രതിനിധി അമി ബേര അറിയിച്ചു. രാജ്യത്തെ ഓരോ പൗരനും സമാധാനപരമായി പ്രാർത്ഥിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് പറഞ്ഞ അദ്ദേഹം, ദുരന്തത്തിൽപ്പെട്ട ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും രാജ്യത്തെ മുഴുവൻ മുസ്‌ലിം സമൂഹത്തിനും വേണ്ടി താനും ഭാര്യ ജാനിനും പ്രാർത്ഥിക്കുന്നതായി വ്യക്തമാക്കി.
ഇതൊരു ക്രൂരമായ വിദ്വേഷ കുറ്റകൃത്യമാണെന്ന് വിശേഷിപ്പിച്ച പ്രതിനിധി രാജാ കൃഷ്ണമൂർത്തി, ആരാധനാലയങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. പ്രാർത്ഥനയ്ക്കായി എത്തുന്നവർ അക്രമം ഭയപ്പെടേണ്ടി വരുന്ന സാഹചര്യം ഉണ്ടാകരുത്. ഇസ്‌ലാം വിരുദ്ധ വിദ്വേഷത്തിന് അമേരിക്കയിൽ സ്ഥാനമില്ലെന്നും അതിനെ എവിടെക്കണ്ടാലും നേരിടണമെന്നും അദ്ദേഹം പറഞ്ഞു.
ആക്രമണം നടന്നയുടൻ തന്നെ എഫ്.ബി.ഐയുടെ സാൻ ഡിയേഗോ സംഘം സംഭവസ്ഥലത്ത് എത്തിയിരുന്നുവെന്ന് എഫ്.ബി.ഐ ഡയറക്ടർ കാഷ് പട്ടേൽ വ്യക്തമാക്കി. പ്രാദേശിക പോലീസിനെ സഹായിക്കാൻ എല്ലാ സംവിധാനങ്ങളും ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു. യു.എസ് നീതിന്യായ വകുപ്പിലെ (DOJ) സിവിൽ റൈറ്റ്സ് ഡിവിഷൻ അസിസ്റ്റന്റ് അറ്റോർണി ജനറലായ ഹർമീത് ധില്ലനും വിഷയത്തിൽ ദ്രുതഗതിയിലുള്ള നപടികൾ ഉറപ്പുനൽകി. സാൻ ഡിയേഗോയിലെ സ്ഥിതിഗതികൾ ഡി.ഒ.ജെ നിരീക്ഷിച്ചു വരികയാണെന്നും പ്രാദേശിക-ഫെഡറൽ നിയമപാലകരുമായി ചേർന്ന് പ്രവർത്തിക്കുമെന്നും പറഞ്ഞ അവർ, അമേരിക്കയിലെ ഒരു ആരാധനാലയത്തിന് നേരെയുമുള്ള ആക്രമണങ്ങൾ നീതിന്യായ വകുപ്പ് വെച്ചുപൊറുപ്പിക്കില്ലെന്ന് കർശന മുന്നറിയിപ്പ് നൽകി.