Image

'ചാണ്ടി ഉമ്മൻ മന്ത്രിയാകാൻ ജനം ആഗ്രഹിച്ചു; ജനഹിതം ചിലയിടങ്ങളിൽ പാളിപ്പോകുന്നുവെന്ന് ഓർത്തഡോക്‌സ് സഭ

Published on 18 May, 2026
'ചാണ്ടി ഉമ്മൻ മന്ത്രിയാകാൻ ജനം ആഗ്രഹിച്ചു; ജനഹിതം ചിലയിടങ്ങളിൽ പാളിപ്പോകുന്നുവെന്ന് ഓർത്തഡോക്‌സ് സഭ

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ മന്ത്രിസഭയിൽ ചാണ്ടി ഉമ്മനെ ഉൾപ്പെടുത്തേണ്ടതായിരുന്നു എന്ന് മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭ. ചാണ്ടി ഉമ്മൻ മന്ത്രിയാകണമെന്ന് പൊതുജനങ്ങളും പുതുപ്പള്ളിയിലെ ജനങ്ങളും ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ അദ്ദേഹം എങ്ങനെയാണ് അവസാന നിമിഷം പുറത്തായതെന്ന് അറിയില്ലെന്നും സഭയുടെ മാധ്യമവിഭാഗം തലവൻ ഡോ. യുഹാനോൻ മാർ ദീയസ്‌കോറോസ് മെത്രാപൊലീത്ത വ്യക്തമാക്കി.

ഓർത്തഡോക്‌സ് സഭയിലെ അംഗമായ ചാണ്ടി ഉമ്മന്റെ പേര് മന്ത്രിസഭാ ചർച്ചകളുടെ ആദ്യഘട്ടത്തിൽ സജീവമായി കേട്ടിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അവസാന നിമിഷം അദ്ദേഹം ഒഴിവാക്കപ്പെടാൻ ഇടയായ സാഹചര്യം വ്യക്തമല്ലെന്നും, ഇതിൽ പൊതുജനങ്ങൾക്കിടയിൽ പോലും വലിയ വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്ത് കൊണ്ടാണ് ചാണ്ടി ഉമ്മൻ ഒഴിവാക്കപ്പെട്ടതെന്ന് പലരും സഭയോട് ചോദിക്കുന്ന സാഹചര്യമുണ്ടായതായും മെത്രാപൊലീത്ത കൂട്ടിച്ചേർത്തു.

സഭയ്ക്ക് ഇതിൽ വ്യക്തിപരമായ പരിഭവങ്ങളൊന്നുമില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, നേതൃസ്ഥാനങ്ങളിലേക്ക് വരുന്നവരെ അവരുടെ യോഗ്യതകൾ കൃത്യമായി വിലയിരുത്തി വേണം അംഗീകരിക്കാനെന്ന് ഓർമ്മിപ്പിച്ചു. ചാണ്ടി ഉമ്മൻ മന്ത്രിയാകണമെന്ന ജനങ്ങളുടെ ആഗ്രഹം നടക്കാതെ പോയത് ചിലയിടങ്ങളിലെങ്കിലും ജനഹിതം പാളിപ്പോകുന്നുണ്ടോ എന്ന തോന്നലിന് കാരണമായിട്ടുണ്ടെന്നും ഡോ. യുഹാനോൻ മാർ ദീയസ്‌കോറോസ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക