
വാഷിംഗ്ടൺ: യുഎസ് ആഭ്യന്തര റവന്യൂ സർവീസിനെതിരെ (IRS) ഫയൽ ചെയ്തിരുന്ന 10 ബില്യൺ ഡോളറിന്റെ നഷ്ടപരിഹാരക്കേസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പിൻവലിച്ചു. ഐആർഎസിന്റെ ഭാഗത്തുനിന്നുള്ള ഔദ്യോഗിക മാപ്പപേക്ഷയ്ക്കും ഫെഡറൽ ഭരണകൂടങ്ങളുടെ രാഷ്ട്രീയ വേട്ടയാടലിന് ഇരയായവർക്ക് നഷ്ടപരിഹാരം നൽകാനായി 1.776 ബില്യൺ ഡോളറിന്റെ പ്രത്യേക ഫണ്ട് രൂപീകരിക്കാനുമുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് ട്രംപിന്റെ ഈ നിർണ്ണായക നീക്കം.ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും ഏതെങ്കിലും തരത്തിലുള്ള വിവേചനമോ വേട്ടയാടലോ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് വിശ്വസിക്കുന്ന ഏതൊരാൾക്കും ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റിന്റെ കീഴിലുള്ള ഈ പുതിയ ‘ആന്റി-വെപ്പണൈസേഷൻ ഫണ്ടിൽ’ നിന്നും നഷ്ടപരിഹാരത്തിനായി അപേക്ഷിക്കാം.
2021 ജനുവരി 6-ലെ കാപ്പിറ്റോൾ കലാപവുമായി ബന്ധപ്പെട്ട് കുറ്റാരോപിതരായവർക്കും, ജോ ബൈഡന്റെ മകൻ ഹണ്ടർ ബൈഡനും വരെ ഈ ഫണ്ടിൽ നിന്നും സഹായത്തിനായി അപേക്ഷിക്കാമെന്ന് മുതിർന്ന ഭരണകൂട ഉദ്യോഗസ്ഥൻ വ്യക്തമാക്കി.ജനുവരി 6-ലെ സംഭവങ്ങളിൽ ഉൾപ്പെട്ടവരെയെല്ലാം മില്യനയർമാരാക്കുക എന്നതല്ല ഈ ഫണ്ടിന്റെ ലക്ഷ്യമെന്നും, മറിച്ച് അവരുടെ നിയമപരമായ പോരാട്ടങ്ങൾക്കായി ചിലവായ തുക ഉൾപ്പെടെയുള്ളവ തിരിച്ചുനൽകി നഷ്ടപ്പെട്ട അന്തസ്സും സാമ്പത്തിക ഭദ്രതയും വീണ്ടെടുക്കാൻ സഹായിക്കുക എന്നതാണെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
കേസിൽ വാദികളായിരുന്ന പ്രസിഡന്റ് ട്രംപിനും മക്കളായ ഡോൺ ജൂനിയർ, എറിക് എന്നിവർക്കും ട്രംപ് ഓർഗനൈസേഷനും ഫണ്ടിൽ നിന്നും സാമ്പത്തിക സഹായം ലഭിക്കില്ലെങ്കിലും ഐആർഎസിൽ നിന്നും ഔദ്യോഗിക മാപ്പപേക്ഷ ലഭിക്കും. അതേസമയം, മാർ-എ-ലാഗോയിലെ എഫ്ബിഐ റെയ്ഡ്, 2016-ലെ റഷ്യൻ ഇടപെടൽ അന്വേഷണം എന്നിവയെയൊന്നും ഈ ഒത്തുതീർപ്പ് ബാധിക്കില്ല.2025 ജനുവരിയിൽ രണ്ടാമതും അധികാരമേറ്റപ്പോൾ തന്നെ ഭരണകൂട സംവിധാനങ്ങളെ രാഷ്ട്രീയ എതിരാളികൾക്കെതിരെ ആയുധമാക്കുന്നത് അവസാനിപ്പിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഈ ഒത്തുതീർപ്പ് പ്രകാരം രാഷ്ട്രീയ വേർതിരിവുകളില്ലാതെ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും അപേക്ഷിക്കാനാകും.
നികുതി വെട്ടിപ്പ്, തോക്ക് കേസ് എന്നിവയിൽ കുറ്റക്കാരനെന്ന് കണ്ടെത്തി പിന്നീട് പിതാവ് ജോ ബൈഡൻ മാപ്പ് നൽകിയ ഹണ്ടർ ബൈഡൻ മില്യൺകണക്കിന് ഡോളറാണ് വക്കീൽ ഫീസായി നൽകാനുള്ളത്. തനിക്കെതിരെയും ഫെഡറൽ സംവിധാനങ്ങൾ ആയുധമാക്കപ്പെട്ടു എന്ന് ഹണ്ടർ ബൈഡൻ വിശ്വസിക്കുന്നുവെങ്കിൽ അദ്ദേഹത്തിനും അപേക്ഷ നൽകാൻ നിയമപരമായ തടസ്സമില്ലെന്ന് ഭരണകൂടം വ്യക്തമാക്കി.ആക്ടിങ് അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ചെ നിയമിക്കുന്ന അഞ്ചംഗ ബോർഡായിരിക്കും ഫണ്ടിന്റെ പ്രവർത്തനം നിയന്ത്രിക്കുക. ഇതിൽ ഒരംഗത്തെ കോൺഗ്രസ്സ് നേതാക്കളുമായി ആലോചിച്ചായിരിക്കും തീരുമാനിക്കുക. വരും ദിവസങ്ങളിൽ സ്പീക്കർ മൈക്ക് ജോൺസൺ, സെനറ്റ് മജോരിറ്റി ലീഡർ ജോൺ ഥൂൺ എന്നിവരുമായി ആലോചിച്ച് ബോർഡ് അംഗങ്ങളുടെ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും.