Image

ഡയറക്‌ടർ ജനറൽ ഓഫ് പ്രോസിക്യൂഷനായി ടി ആസഫലി

Published on 18 May, 2026
ഡയറക്‌ടർ ജനറൽ ഓഫ് പ്രോസിക്യൂഷനായി ടി ആസഫലി

എറണാകുളം: കേരളത്തിൻ്റെ പുതിയ ഡയറക്‌ടർ ജനറൽ ഓഫ് പ്രോസിക്യൂഷനായി (ഡിജിപി) പ്രമുഖ നിയമവിദഗ്‌ധനും കോൺഗ്രസ് നേതാവുമായ അഡ്വ ടി ആസഫലിയെ നിയമിച്ചു. വി ഡി സതീശൻ സർക്കാരിൻ്റെ ആദ്യ മന്ത്രിസഭാ യോഗത്തിലാണ് സംസ്ഥാനത്തെ പ്രോസിക്യൂഷൻ സംവിധാനത്തിൻ്റ നേതൃത്വത്തിലേക്ക് അഡ്വ ടി ആസഫലിയെ നിയോഗിക്കാൻ തീരുമാനിച്ചത്.  സംസ്ഥാനത്തെ പ്രോസിക്യൂഷൻ ചരിത്രത്തിലും നിയമവഴിയിലും അവഗാഹമുള്ള അഡ്വ. ടി ആസഫലി ഡിജിപി സ്ഥാനത്ത് ഇത് രണ്ടാമൂഴമാണ്.

കേരള ഹൈക്കോടതിയിലെ പ്രമുഖരായ ക്രിമിനൽ അഭിഭാഷകരിൽ ഒരാളായ അഡ്വ ടി ആസഫലി കണ്ണൂർ ജില്ലയിലെ തലശ്ശേരി സ്വദേശിയാണ്.   നിരവധി സങ്കീർണമായ ക്രിമിനൽ കേസുകളിൽ പ്രോസിക്യൂഷനായും പ്രതിഭാഗത്തിനായും ഹാജരായി അദ്ദേഹം  കഴിവ് തെളിയിച്ചിട്ടുണ്ട്.  

അഭിഭാഷകവൃത്തിക്കൊപ്പം തന്നെ സജീവ രാഷ്ട്രീയത്തിലും  പയറ്റിത്തെളിഞ്ഞിട്ടുണ്ട്. പാർട്ടിയുടെ വിശ്വസ്‌തനായ നേതാവെന്ന നിലയിൽ 1996-ലെ കേരള നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി തൻ്റെ ജന്മനാടായ തലശ്ശേരി മണ്ഡലത്തിൽ നിന്നും അദ്ദേഹം ജനവിധി തേടിയിരുന്നു. അന്ന് മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാർക്കെതിരായ വാശിയേറിയ മത്സരത്തിൽ അദേഹം പരാജയപ്പെടുകയായിരുന്നു. രാഷ്ട്രീയത്തിലും നിയമത്തിലും ഒരുപോലെ പരിചയ സമ്പന്നനാണ് ടി ആസഫലി.

നേരത്തെ, 2011-2016 കാലഘട്ടത്തിലെ ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ ഭരണകാലത്താണ് അഡ്വ ടി ആസഫലി ആദ്യമായി ഡയറക്‌ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസായി നിയമിതനാകുന്നത്. സംസ്ഥാനത്തെ പ്രോസിക്യൂഷൻ ചരിത്രത്തിൽ വലിയ മാറ്റങ്ങളും ശക്തമായ ഇടപെടലുകളും കൊണ്ടുവന്ന അഞ്ച് വർഷങ്ങളായിരുന്നു അത്.
അക്കാലത്ത് കേരളത്തെയാകെ നടുക്കിയ പല പ്രമുഖ രാഷ്ട്രീയ കൊലപാതകക്കേസുകളിലും വിട്ടുവീഴ്‌ചയില്ലാത്ത നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്

ടി പി ചന്ദ്രശേഖരൻ വധക്കേസ്, ഷുക്കൂർ വധക്കേസ് തുടങ്ങിയ അതീവ പ്രധാന്യമുള്ള ക്രിമിനൽ കേസുകളിൽ പ്രോസിക്യൂഷൻ തന്ത്രങ്ങൾ മെനയുന്നതിലും കുറ്റവാളികൾക്ക് അർഹമായ ശിക്ഷ വാങ്ങി നൽകുന്നതിലും അദ്ദേഹം നിർണായക പങ്ക് വഹിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക