
കൊച്ചി: ആഴ്ചയില്‍ 48 മണിക്കൂര്‍ ജോലി ചെയ്യുന്ന എംബിബിഎസ് ഡോക്ടർക്ക് മാസം 80,000 രൂപയെങ്കിലും ശമ്പളം വേണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ( ഐഎംഎ ). ലോകത്തിലെ ഏറ്റവും കഠിനവും ദൈര്‍ഘ്യമേറിയതുമായ പഠന കോഴ്സുകളില്‍ ഒന്നാണ് എം.ബി.ബി.എസ്. അനവധി വര്‍ഷങ്ങളുടെ കഠിനാധ്വാനവും പരിശീലനവും, അതീവ ഉത്തരവാദിത്വവും നിറഞ്ഞ ഈ മേഖലയിലെ ഡോക്ടര്‍മാര്‍ക്ക് അവരുടെ സേവനത്തിനും സമര്‍പ്പണത്തിനും യോജിച്ച മാന്യമായ ശമ്പളവും അംഗീകാരവും ലഭിക്കേണ്ടതുണ്ടെന്ന് സംഘടന ചൂണ്ടിക്കാട്ടി.
എംബിബിഎസ് കഴിഞ്ഞ് ജോലിയിൽ കയറുന്നവരുടെ കാര്യത്തിൽ കേരളത്തിലെ സ്ഥിതി വളരെ ആശങ്കജനകമാണെന്ന് സംഘടന പറയുന്നു. സംസ്ഥാനത്തെ ജൂനിയര്‍ ഡോക്ടര്‍മാരുടെ തൊഴിലില്ലായ്മയിലും, തുച്ഛമായ ശമ്പളനിലയിലും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഉല്‍ക്കണ്ഠ രേഖപ്പെടുത്തി