
ഉഗാണ്ടയിലും ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും പടർന്നുപിടിക്കുന്ന എബോള രോഗബാധയെ തുടർന്ന് ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. "അന്താരാഷ്ട്ര തലത്തിൽ ആശങ്കയുള്ള പൊതുജനാരോഗ്യ അടിയന്തരാവസ്ഥ" (public Health emergency of international concern) ആണ് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിരിക്കുന്നത്.
ഡിആർസിയിലെ ഇറ്റൂരി പ്രവിശ്യയിലെ ബുനിയ, റാംപാര, മോങ്ബ്‌വാലു ഉൾപ്പെടെയുള്ള മൂന്ന് ആരോഗ്യ മേഖലകളിൽ നിന്നായി ശനിയാഴ്ച വരെ 80 മരണങ്ങൾ ഉണ്ടായത് എബോള ബാധയെ തുടർന്നാണെന്ന് സംശയിക്കുന്നു. ഇതുകൂടാതെ ലബോറട്ടറി സ്ഥിരീകരിച്ച എട്ട് കേസുകളും 246 സംശയാസ്പദമായ കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് യുഎൻ ആരോഗ്യ ഏജൻസി പ്രസ്താവനയിൽ പറഞ്ഞു.
ബുന്ദിബുഗ്യോ വൈറസ് മൂലമുണ്ടായ ഈ രോഗബാധ ഒരു പാൻഡെമിക് (ആഗോള മഹാമാരി) അടിയന്തരാവസ്ഥയുടെ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് ഡബ്ല്യുഎച്ച്ഒ പറഞ്ഞു. എങ്കിലും ഡിആർസിയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ ഇത് പടരാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.