Image

പഠനാവശ്യത്തിന് നൽകിയ അമ്മയുടെ മൃതദേഹം തിരികെ വേണമെന്ന് മക്കൾ; പറ്റില്ലെന്ന് ഹൈക്കോടതി

Published on 17 May, 2026
പഠനാവശ്യത്തിന് നൽകിയ അമ്മയുടെ  മൃതദേഹം തിരികെ വേണമെന്ന് മക്കൾ; പറ്റില്ലെന്ന് ഹൈക്കോടതി

കൊച്ചി: പഠനാവശ്യത്തിനായി മെഡിക്കൽ കോളേജിന് വിട്ടുനൽകിയ മൃതദേഹം മതപരമായ ചടങ്ങുകളോടെ സംസ്കരിക്കാൻ വിട്ടുതരണമെന്ന മക്കളുടെ ആവശ്യം കേരള ഹൈക്കോടതി തള്ളി. മരിക്കാൻ പോകുന്ന വ്യക്തി തന്റെ ശരീരം പഠനാവശ്യത്തിന് നൽകണമെന്ന് ആഗ്രഹിക്കുകയും അതിനായി സമ്മതപത്രം നൽകുകയും ചെയ്താൽ, ആ തീരുമാനത്തെ മറികടക്കാൻ മക്കൾക്കോ ബന്ധുക്കൾക്കോ അവകാശമില്ലെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കി.

കൊച്ചി സ്വദേശിനിയായ മേരി കഴിഞ്ഞ ഫെബ്രുവരി 23-നാണ് അന്തരിച്ചത്. ഇവരുടെ ഏഴ് മക്കളിൽ നാല് പേർ ചേർന്ന് അമ്മയുടെ മൃതദേഹം കളമശ്ശേരി ഗവൺമെന്റ് മെഡിക്കൽ കോളേജിന് കൈമാറി. ഇതിനെതിരെ മറ്റ് മൂന്ന് മക്കളാണ് ഹൈക്കോടതിയെ സമീപിച്ചത്. തങ്ങളുടെ സമ്മതമില്ലാതെയാണ് മൃതദേഹം കൈമാറിയതെന്നും മൃതദേഹം തിരികെ വാങ്ങി മതപരമായ രീതിയിൽ സംസ്കരിക്കാൻ അനുവദിക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു.

ഹർജി പരിഗണിച്ച കോടതി പരേതയായ മേരി നേരത്തെ നൽകിയിരുന്ന സമ്മതപത്രം പരിശോധിച്ചു. ഒരാൾ തന്റെ ശരീരം മരണശേഷം പഠനാവശ്യത്തിന് നൽകാൻ ആഗ്രഹിച്ചാൽ അത് അംഗീകരിക്കാൻ 1957-ലെ കേരള അനാട്ടമി ആക്ട് പ്രകാരം നിയമപരമായ സാധുതയുണ്ട്. വ്യക്തിയുടെ ഈ ആഗ്രഹത്തിനാണ് മുൻഗണന നൽകേണ്ടത്. അമ്മ സമ്മതപത്രം പിൻവലിച്ചിരുന്നു എന്ന ഹർജിക്കാരുടെ വാദത്തിന് യാതൊരു തെളിവും ഹാജരാക്കാൻ അവർക്ക് കഴിഞ്ഞില്ല.

 ശരീരം വിട്ടുനൽകാൻ പരേത ആഗ്രഹം പ്രകടിപ്പിച്ച സാഹചര്യത്തിൽ, മക്കളിൽ ചിലർ എതിർത്തു എന്നതുകൊണ്ട് മാത്രം മൃതദേഹം തിരികെ നൽകാൻ കഴിയില്ല. സമ്മതപത്രം നിലനിൽക്കുന്ന സാഹചര്യത്തിൽ മെഡിക്കൽ കോളേജിന്റെ നടപടി നിയമപരമാണെന്ന് നിരീക്ഷിച്ച കോടതി ഹർജി തള്ളുകയായിരുന്നു.

Join WhatsApp News
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-05-17 17:04:02
💥🔥ഒരിക്കൽ പഠനാവശ്യത്തിനു വിട്ടു കൊടുത്തുകഴിഞ്ഞ മൃതദ്ദേഹം തിരികെ കിട്ടാൻ യാതൊരു നിയമ സാധ്യതയും ഇല്ലാ. എന്നാൽ ഒരാൾ, തന്റെ മരണശേഷം തന്റെ ദേഹം പഠനാവശ്യത്തിന് കൊടുക്കണമെന്ന് "സമ്മതി പത്രം" ഒപ്പിട്ടു നൽകിയാൽ പോലും, മരണപ്പെട്ട ദിവസം വഴിയിൽ കൂടി നടന്നു പോകുന്ന ഒരാൾക്ക് പോലും ആ Particular "സമ്മതിപത്രം" തടയാനും ,ക്യാൻസൽ ചെയ്യാനും ഉള്ള അവകാശം, അനാട്ടമി നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നുണ്ട് ഭാരതത്തിൽ.(ബോഡി വിട്ടു കൊടുക്കുന്നതിനു തൊട്ടു മുൻപ് വരെയും. ) റെജിസ്✳️
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക