
തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സി.പി.എമ്മിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കാനുള്ള സംസ്ഥാന സമിതിയുടെ തീരുമാനത്തിനെതിരെ പാർട്ടി പൊളിറ്റ് ബ്യൂറോയിൽ ശക്തമായ എതിർപ്പുയർന്നു. പാർട്ടി സെന്ററിൽ നിന്നും ബംഗാളിൽ നിന്നുമുള്ളവർ ഉൾപ്പെടെ അഞ്ച് പി.ബി അംഗങ്ങളാണ് ഈ തീരുമാനത്തെ എതിർത്തതെന്നാണ് പുറത്തുവരുന്ന വിവരം.
നേരത്തെ ചേർന്ന പി.ബി യോഗത്തിൽ പിണറായി വിജയൻ നിലപാട് വ്യക്തമാക്കാത്തതിനെത്തുടർന്ന് പ്രതിപക്ഷ നേതൃസ്ഥാനം ചർച്ചയായിരുന്നില്ല. എന്നാൽ പിന്നീട് സംസ്ഥാന സെക്രട്ടറിയേറ്റ് പിണറായിയുടെ പേര് നിർദ്ദേശിക്കുകയും സംസ്ഥാന സമിതി അത് അംഗീകരിക്കുകയും ചെയ്തു. തുടർന്ന് ചേർന്ന ഓൺലൈൻ പി.ബി യോഗത്തിലാണ് തീരുമാനത്തോട് വിയോജിപ്പ് രേഖപ്പെടുത്തിയത്.
തിരഞ്ഞെടുപ്പ് തോൽവി അവലോകനം ചെയ്യാൻ ചേർന്ന ജില്ലാ കമ്മിറ്റി യോഗങ്ങളിൽ പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരെ അസാധാരണമായ വിമർശനങ്ങളാണ് ഉയർന്നത്. പിണറായിയെ പ്രതിപക്ഷ നേതാവാക്കിയത് ‘നൂറ്റാണ്ടിലെ മണ്ടത്തരം’ എന്നാണ് കോഴിക്കോട് ജില്ലാ കമ്മിറ്റിയിൽ ഉയർന്ന ആക്ഷേപം. ഇഷ്ടമുള്ളവർക്ക് ഒരു നീതിയും ഇല്ലാത്തവർക്ക് മറ്റൊരു നീതിയും എന്ന നയമാണ് നടപ്പിലാക്കുന്നത്. ഇടതുപക്ഷത്തിന്റെ അവസാന മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായി പിണറായി മാറുമോ എന്ന ആശങ്കയും കൊല്ലം യോഗത്തിൽ പങ്കുവെച്ചു.
എം.വി. ഗോവിന്ദനെതിരെയാണ് സ്വന്തം തട്ടകമായ കണ്ണൂരിൽ വിമർശനം ഉയർന്നത്. പി.കെ. ശ്യാമളയുടെ സ്ഥാനാർത്ഥിത്വവും തളിപ്പറമ്പ്, പയ്യന്നൂർ മേഖലകളിലെ തർക്കങ്ങളും പാർട്ടിക്ക് തിരിച്ചടിയായെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി. പത്തനംതിട്ടയിൽ ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചത് പാർട്ടിയെ വലിയ പ്രതിസന്ധിയിലാക്കിയെന്നും ഇത് സർക്കാരിന്റെയും പാർട്ടിയുടെയും പരാജയത്തിന് കാരണമായെന്നും അംഗങ്ങൾ കുറ്റപ്പെടുത്തി.