
സി. ജോസഫ് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നത് തടയാൻ വേണ്ടി നടന്നതായി പറയപ്പെടുന്ന ചർച്ചകളിൽ തനിക്ക് പങ്കുണ്ടെന്ന രീതിയിൽ വന്ന അഭ്യൂഹങ്ങൾ ഏറെ വേദനിപ്പിച്ചതായി സൂപ്പർ സ്റ്റാർ രജനികാന്ത്. തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ വിജയ് മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നത് തടയുന്നതിനായി ഡിഎംകെ-എഐഎഡിഎംകെ സഖ്യത്തിനായുള്ള ചർച്ചകൾ നടന്നിരുന്നതായാണ് റിപ്പോർട്ടുകൾ വന്നത്. എന്നാൽ ഈ ചർച്ചകളിൽ നിന്ന് മാറി നിന്നിരുന്നതായി പരസ്യമായി പ്രതികരിക്കുകയാണ് രജനികാന്ത് ഇപ്പോൾ.
ഈ രീതിയിലുള്ള അഭ്യൂഹങ്ങൾ തന്നെ ഏറെ വേദനിപ്പിച്ചുവെന്ന് പറഞ്ഞ രജനികാന്ത്, താൻ "അത്തരം രാഷ്ട്രീയത്തിലേക്ക് തരംതാഴുന്ന ഒരാളല്ല" എന്ന് വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ രജനികാന്ത് ഡിഎംകെ പ്രസിഡന്റും മുൻ മുഖ്യമന്ത്രിയുമായ എം. കെ. സ്റ്റാലിനെ സന്ദർശിച്ചിരുന്നു. ഇത് കഴിഞ്ഞ് ഏതാനും ദിവസത്തിന് ശേഷമാണ് ഈ 'അസാധാരണമായ' വിശദീകരണം താരത്തിൽ നിന്നും വരുന്നത്.
ഒരു പാർട്ടിക്കും കേവല ഭൂരിപക്ഷമില്ലാത്ത രീതിയിൽ സീറ്റുകൾ വിഭജിക്കപ്പെട്ട വിധി വന്നതിന് ശേഷം, ഒരു ബദൽ സംവിധാനത്തിനായുള്ള ശ്രമങ്ങളിൽ രജനീകാന്ത് അനൗദ്യോഗികമായി ഇടപെട്ടിരിക്കാം എന്ന ഊഹാപോഹങ്ങൾ ഉയർന്നിരുന്നു. സ്റ്റാലിനെ സന്ദർശിച്ചതിന് ശേഷമായിരുന്നു ഇത്. "തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം സ്റ്റാലിനെ ഞാൻ സന്ദർശിച്ചതിനെതിരെ വിമർശനങ്ങളുണ്ടായി," ഞായറാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കവെ രജനികാന്ത് പറഞ്ഞു.
'അദ്ദേഹം മൂന്ന് പതിറ്റാണ്ടുകളായി എന്റെ സുഹൃത്താണ്. അദ്ദേഹത്തിന്റെ പരാജയം എന്നെ സങ്കടപ്പെടുത്തി. ഒരു സുഹൃത്ത് എന്ന നിലയിലാണ് അദ്ദേഹത്തിന്റെ പരാജയത്തിന് ശേഷം ഞാൻ അദ്ദേഹത്തെ സന്ദർശിച്ചത്. രജനീകാന്ത് പറഞ്ഞു. എന്നാൽ അതിനുശേഷം ഉണ്ടായ കാര്യങ്ങളാണ് തന്നെ കൂടുതൽ അസ്വസ്ഥനാക്കിയതെന്ന് രജനീകാന്ത് വെളിപ്പെടുത്തി.