
മലപ്പുറം: പൂക്കുളത്തൂരിൽ യുവാവിനെ നാട്ടുകാർ നോക്കിനിൽക്കെ ഇന്നോവ കാറിലെത്തിയ നാലംഗ സംഘം മർദ്ദിച്ച് തട്ടിക്കൊണ്ടുപോയി. ചെങ്ങര സ്വദേശി മുഹമ്മദ് അൽഫാദിനെയാണ് (25) അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയത്. ബന്ധുക്കളുടെ പരാതിയെ തുടർന്ന് മഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കി.
ശനിയാഴ്ച രാത്രി പതിനൊന്നരയോടെ പൂക്കുളത്തൂരിൽ വെച്ചായിരുന്നു സിനിമാറ്റിക് മോഡൽ സംഭവം. അൽഫാദ് സഞ്ചരിച്ചിരുന്ന കാർ തടഞ്ഞുനിർത്തിയ ഇന്നോവ സംഘം, ഇയാളെ കാറിൽ നിന്ന് ബലം പ്രയോഗിച്ച് പുറത്തിറക്കി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ നോക്കിനിൽക്കെ ബലമായി ഇന്നോവയിൽ കയറ്റി സംഘം അതിവേഗം ഓടിച്ചുപോയി. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും പ്രതികൾ അൽഫാദുമായി കടന്നുകളഞ്ഞിരുന്നു.
അൽഫാദ് സഞ്ചരിച്ചിരുന്ന കാർ മഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. ഈ കാർ ഒരു പട്ടാമ്പി സ്വദേശിയുടേതാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. തട്ടിക്കൊണ്ടുപോയ സംഘത്തെ കണ്ടെത്താനായി മലപ്പുറം ജില്ലയിലും പരിസരപ്രദേശങ്ങളിലും പോലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്.
തട്ടിക്കൊണ്ടുപോകലിന് പിന്നിൽ ക്രിമിനൽ സംഘങ്ങൾ തമ്മിലുള്ള പകയാണോയെന്ന് പോലീസ് സംശയിക്കുന്നുണ്ട്. പിടിയിലാകാനുള്ള മുഹമ്മദ് അൽഫാദിന്റെ പേരിൽ കോഴിക്കോട് സിറ്റി പരിധിയിലും മഞ്ചേരി പോലീസ് സ്റ്റേഷനിലും മുൻപ് അടിപിടി കേസുകൾ നിലവിലുണ്ട്.