
അഞ്ചരക്കോടി രൂപയിലേറെ വിലവരുന്ന 115 സ്വർണ ബാറുകൾ ട്രൗസറിൽ ഒളിച്ചു കടത്താൻ ശ്രമിച്ച യുഎസ് പൗരൻ ഡൽഹി ഇന്ദിരാ ഗാന്ധി ഇന്റർനാഷനൽ എയർപോർട്ടിൽ പിടിയിലായി. 24 കാരറ്റ് സ്വർണക്കട്ടികൾ പാന്റ്സിനുള്ളിൽ പ്രത്യേകമായി തുന്നിച്ചേർത്ത അറകളിൽ നിറച്ചാണ് സാൻ ഫ്രാൻസിസ്കോയിൽ നിന്നു പറന്നെത്തിയത്.
മൊത്തം 3.565 കിലോ തൂക്കമുള്ള സ്വർണത്തിനു വിപണിയിൽ 5.65 കോടി രൂപയോളം വിലവരുമെന്നു എയർ കസ്റ്റംസ് അറിയിച്ചു.
വിമാനത്താവളത്തിൽ നിന്നു പരിശോധന ഒഴിവാക്കി പുറത്തു കടക്കാൻ ശ്രമിച്ച യാത്രക്കാരനെ സംശയിച്ചാണ് തടഞ്ഞത്. ചോദ്യം ചെയ്തപ്പോൾ അയാൾ വഴങ്ങി.
സ്വർണം കണ്ടുകെട്ടുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഡൽഹിയിൽ സ്വർണം സ്വീകരിക്കാനിരുന്ന ആളെ തിരയുന്നുണ്ട്.
പ്രതി വലിയൊരു കള്ളക്കടത്തു ശൃംഖലയുടെ ഒരു കണ്ണി മാത്രമാണെന്നു അധികൃതർ കരുതുന്നു.
Man caught at Delhi airport with Rs5.5 Cr gold