
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.എം നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ പാർട്ടിയിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. പത്തനംതിട്ടയ്ക്കും പാലക്കാടിനും പിന്നാലെ കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗത്തിലും മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനമാണ് ഉയർന്നത്. പിണറായി വിജയന്റെ ധാർഷ്‌ട്യം നിറഞ്ഞ പെരുമാറ്റവും ശൈലിയും പൊതുസമൂഹത്തിൽ പാർട്ടിക്കും മുന്നണിക്കും കനത്ത അവമതിപ്പുണ്ടാക്കിയെന്ന് യോഗത്തിൽ നേതാക്കൾ തുറന്നടിച്ചു. ശനിയാഴ്‌ച ആരംഭിച്ച ജില്ലാ കമ്മിറ്റി യോഗം ഞായറാഴ്ചയും തുടരുകയാണ്. മന്ത്രി മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് പിണറായിയെയും സംസ്ഥാന നേതൃത്വത്തെയും പ്രതിക്കൂട്ടിലാക്കുന്ന വിമർശനങ്ങൾ ഉയർന്നത്.
നിസാരമായ കാര്യങ്ങളോടുപോലും മുഖ്യമന്ത്രിയായിരുന്ന വേളയിൽ പിണറായി ധാർഷ്ട്യത്തോടെയാണ് പെരുമാറിയത്. തുടർച്ചയായ ഇത്തരം തെറ്റായ ശൈലികൾ തിരുത്താൻ പാർട്ടി നേതൃത്വം തയ്യാറാകാതിരുന്നതാണ് യുവതലമുറയെ പാർട്ടിയിൽ നിന്ന് അകറ്റിയതെന്നും ഇത് ഇടതുമുന്നണിയുടെ പ്രതിച്ഛായാനഷ്ടത്തിന് ആക്കം കൂട്ടിയെന്നും വിമർശനമുയർന്നു. കൂടാതെ, തിരഞ്ഞെടുപ്പ് വേളയിൽ എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ തുടർച്ചയായി വർഗീയ പരാമർശങ്ങൾ നടത്തിയിട്ടും അതിനെ പ്രതിരോധിക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്നോ സി.പി.എം നേതൃത്വത്തിൽ നിന്നോ ശക്തമായ മറുപടിയുണ്ടായില്ല. ഇത് പരമ്പരാഗതമായി ലഭിച്ചിരുന്ന ന്യൂനപക്ഷ വോട്ടുകൾ വലിയ തോതിൽ ചോർന്നുപോകാൻ കാരണമായെന്നും യോഗം വിലയിരുത്തി.
വനിതാ വോട്ടർമാർക്കിടയിൽ പാർട്ടിക്ക് സ്വാധീനം നഷ്ടപ്പെട്ടതിനും യോഗത്തിൽ കൃത്യമായ കാരണങ്ങൾ നിരത്തി. മുതിർന്ന നേതാവ് കെ.കെ. ശൈലജയെ പേരാവൂരിൽ മത്സരിപ്പിച്ചതും അതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളുമാണ് സ്ത്രീകളെ അകറ്റിയത്. ശൈലജയെ ബോധപൂർവം ഒതുക്കാനാണ് പാർട്ടി പേരാവൂരിൽ സീറ്റ് നൽകിയതെന്ന പ്രചാരണം സ്ത്രീ വോട്ടർമാർക്കിടയിൽ വലിയ തോതിൽ സ്വാധീനിച്ചുവെന്നും ഇത് തിരിച്ചടിയായെന്നും വിമർശനമുയർന്നു. തോൽവിയുടെ പശ്ചാത്തലത്തിൽ വരും ദിവസങ്ങളിൽ സംസ്ഥാനത്തെ മറ്റ് ജില്ലാ കമ്മിറ്റികളിലും നേതൃത്വത്തിനെതിരായ വിമർശനങ്ങൾ ശക്തമാകാനാണ് സാധ്യത.