
തിരുവനന്തപുരം:സംസ്ഥാനം ആകാംഷയുടെ മുള്‍മുനയില്‍ നിന്ന ദിവസമായിരുന്നു വ്യാഴാഴ്ച. രാവിലെ വി.ഡി സതീശന്‍ കൊച്ചിയില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള കാര്‍യാത്രയ്ക്കിടെയാണ് ആകാംക്ഷയ്ക്ക് അറുതിവരുത്തിയ ആ ഫോണ്‍വിളിയെത്തിയത്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപ ദാസ്മുന്‍ഷിയായിരുന്നു മറുതലയ്ക്കല്‍. 'അങ്ങാണ് മുഖ്യമന്ത്രി, അഭിനന്ദനം'.
നന്ദിയറിയിച്ച സതീശനോട് അവര്‍ പറഞ്ഞു. 'എ.ഐ.സി.സി. പ്രഖ്യാപിക്കുന്നതുവരെ ഈ വിവരം ആരോടുംപറയരുത്, ഭാര്യയോടുപോലും'. ഇല്ലെന്ന് പറഞ്ഞ സതീശന്‍ വാക്കുപാലിച്ചു. ഒപ്പമുണ്ടായിരുന്ന മകള്‍ ഉണ്ണിമായയോടുപോലും പറഞ്ഞില്ല. എ.ഐ.സി.സി.യില്‍ മുഖ്യമന്ത്രിയാരെന്ന് പ്രഖ്യാപിക്കുന്ന പത്രസമ്മേളനം തുടങ്ങുന്നതിന് അഞ്ചാറു മിനിറ്റ് മുന്‍പാണ് സതീശന്‍ കന്റോണ്‍മെന്റ് ഹൗസിലെത്തിയത്.