Image

ചെറുവണ്ണൂരില്‍ കാറിന് തീപിടിച്ച് ഗര്‍ഭിണി വെന്തുമരിച്ചു; ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍

Published on 16 May, 2026
ചെറുവണ്ണൂരില്‍ കാറിന് തീപിടിച്ച് ഗര്‍ഭിണി വെന്തുമരിച്ചു; ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍

 

കോഴിക്കോട്: ചെറുവണ്ണൂര്‍ കക്കരമുക്കില്‍ കാറിന് തീപിടിച്ച് ഗര്‍ഭിണി വെന്തുമരിച്ചു.കക്കരമുക്ക് സ്വദേശി റിജിന്‍ ലാലിന്റെ ഭാര്യ സോന (27) ആണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ റിജിന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ച രാത്രി 9 മണിയോടെയാണ് അപകടം. കാറിന്റെ പിന്‍ഭാഗത്ത് സ്‌ഫോടനമുണ്ടാകുകയും തീ ആളിപ്പടരുകയുമായിരുന്നു.

ആറ് മാസം ഗര്‍ഭിണിയായ സോനയെ കല്ലോട് ആശുപത്രിയില്‍ കാണിച്ച ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. വീട്ടിലേക്ക് എത്തുന്നതിന് ഒന്നരകിലോമീറ്റര്‍ അകലെവച്ചാണ് അപകടം. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

സ്‌ഫോടനത്തിനു പിന്നാലെ റിജിന്റെ ദേഹത്ത് തീപിടിച്ചു. ഈ സമയം റിജിന്‍ സമീപത്തുള്ള തോട്ടിലേക്ക് ചാടി തീ അണച്ചു. എന്നാല്‍ ഇതിനകം തീയും പുകയും ഉയര്‍ന്നതോടെ സോന കാറിലുണ്ടായിരുന്ന കാര്യം ആരും അറിഞ്ഞിരുന്നില്ല. രണ്ട് മണിയോടെ തീ അണച്ചപ്പോഴാണ് സോന കാറിന്റെ പിന്‍സീറ്റിലിരിക്കുന്നത് സമീപവാസികളുടെ ശ്രദ്ധയില്‍പെട്ടത്. ഈ സമയവും സോനയ്ക്ക് നേരിയ ജീവനുണ്ടായിരുന്നുവെന്ന് ഇവര്‍ പറയുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണമടഞ്ഞിരുന്നു. പുകശ്വസിച്ച് അബോധാവസ്ഥയിലായതിനാലാണ് രക്ഷപ്പെടാന്‍ കഴിയാതെ പോയതെന്ന് കരുതുന്നു. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക