
ബെയ്‌ജിംഗിൽ ചൈനീസ് പ്രസിഡന്റ് ഷി ജിങ്‌പിങ്ങുമായി പ്രസിഡന്റ് ട്രംപ് നടത്തിയ ഉച്ചകോടിയിൽ ദൃഢമായ നേട്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നു വിദഗ്ദ്ധർ. കൗൺസിൽ ഓൺ ഫോറിൻ റിലേഷൻസിലെ ( സി എഫ് ആർ) ചൈനാ വിദഗ്ദ്ധർ പറയുന്നത് ഉച്ചകോടിക്ക് പ്രതീകാത്മക മഹത്വം മാത്രമേ ഉണ്ടായുള്ളൂ എന്നാണ്.
കഴിഞ്ഞ വർഷം ട്രംപിന്റെ താരിഫുകൾ വ്യാപാര രംഗത്ത് ഉണ്ടാക്കിയ സംഘർഷം ഈ സന്ദർശനം മൂലം തത്കാലത്തേക്കു ലഘൂകരിച്ചുവെന്നു അവർ കാണുന്നു. എന്നാൽ തായ്‌വാൻ, ഇറാൻ, സാങ്കേതിക രംഗത്തെ നിയന്ത്രണങ്ങൾ, താരിഫ്, റെയർ ഏർത് മിനറലുകൾ എന്നിങ്ങനെയുള്ള വിഷയങ്ങളിൽ കൂടുതൽ അഗാധമായ തർക്കങ്ങളൊന്നും പരിഹരിക്കപ്പെട്ടില്ല.
വിശാലമായ ചർച്ചകൾ
ബെയ്‌ജിംഗിൽ നിന്ന് അലാസ്കയിലേക്കു തിരിച്ചു പറക്കുമ്പോൾ മാധ്യമങ്ങളോടു ട്രംപ് പറഞ്ഞത് തായ്‌വാൻ, ഇറാൻ, എ ഐ, വ്യാപാരം, ആണവ നിരായുധീകരണം തുടങ്ങിയ വിഷയങ്ങളിൽ ഷിയുമായി 'വിശാലമായ ചർച്ചകൾ' നടത്തിയെന്നാണ്. "വളരെ ചരിത്ര പ്രധാനമായ" ചർച്ചകൾ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
ഇറാൻ അണ്വായുധം ഉണ്ടാക്കാൻ പാടില്ലെന്ന കാര്യത്തിൽ യോജിപ്പുണ്ടായി. എന്നാൽ തായ്‌വാന്റെ സ്വാതന്ത്ര്യത്തിനുള്ള യുഎസ് പിന്തുണയെ ഷി എതിർത്തുവെന്നു ട്രംപ് സമ്മതിച്ചു. "ഞങ്ങൾ അക്കാര്യം വിശദമായി സംസാരിച്ചു. തായ്‌വാനു വേണ്ടി യുദ്ധം ഉണ്ടായാൽ അത് ഭീകര യുദ്ധമാവുമെന്നു ഷി പറഞ്ഞു."
തായ്‌വാനു പ്രതിരോധം തീർക്കുമോ എന്നു ഷി ചോദിച്ചതായും ട്രംപ് വെളിപ്പെടുത്തി. "അതേപ്പറ്റി പറയാൻ കഴിയില്ലെന്നു ഞാൻ പറഞ്ഞു."
തായ്‌വാനു ആയുധം നൽകുന്ന കാര്യത്തിൽ വൈകാതെ തീരുമാനം എടുക്കുമെന്ന് ട്രംപ് വ്യക്തമാക്കി.
വ്യാപാരം പരാമർശിച്ച ട്രംപ് പറഞ്ഞത് ചൈന 200 വിമാനങ്ങൾ ബോയിങ്ങിൽ നിന്നു വാങ്ങുമെന്നാണ്. "750 വരെ പോകാൻ സാധ്യതയുണ്ട്. അതുമായി ബന്ധപ്പെട്ടു വിമാന എൻജിനുകൾ ജനറൽ ഇലെക്ട്രിക്കിൽ നിന്നു വാങ്ങും."
യുഎസ്, റഷ്യ, ചൈന ഉൾപ്പെട്ട അണ്വായുധങ്ങൾ കുറയ്ക്കുന്നത് ആലോചിച്ചെന്നും ട്രംപ് വെളിപ്പെടുത്തി.
സി എഫ് ആർ സീനിയർ ഫെലോ റൂഷ് ദോഷി പറഞ്ഞു: "ചൈനയുടെ ലക്‌ഷ്യം കുറച്ചു സമയം നേടി തന്ത്രപരമായ മേൽക്കൈ നേടുക എന്നതാണ്. അവർ അതിൽ നേട്ടമുണ്ടാക്കി എന്നാണ് എനിക്കു തോന്നുന്നത്."
സി എഫ് ആർ ഫെലോ സോങ്‌യുവാൻ സോ ലിയു പറഞ്ഞു: “അമേരിക്കൻ ഉത്പന്നങ്ങൾ വാങ്ങാമെന്ന ചൈനയുടെ വാഗ്‌ദാനം വിശ്വസിക്കേണ്ട. തായ്‌വാൻ ആണ് ചൈനയുടെ പ്രധാന വിഷയം."
തായ്‌വാനു ആയുധം നൽകുന്നതിനെ പറ്റി ആ രാജ്യത്തെ പ്രസിഡന്റുമായി സംസാരിക്കുമെന്നു ട്രംപ് പറഞ്ഞത് പുതിയ അനിശ്ചിതത്വം സൃഷ്ടിച്ചെന്നു സി എഫ് ആർ ഫെലോ ഡേവിഡ് സാക്ക്സ് പറഞ്ഞു. "1979ൽ ബെയ്‌ജിങ്ങുമായി നയതന്ത്ര ബന്ധം സ്ഥാപിച്ച ശേഷം ഒരു യുഎസ് പ്രസിഡന്റും ഇന്നു വരെ തായ്‌വാൻ പ്രസിഡന്റുമായി സംസാരിച്ചിട്ടില്ല."
Experts do not see solid gains in Beijing for US