
വാഷിംഗ്ടൺ : അമേരിക്കയിലെ ഇന്ത്യൻ പ്രൊഫഷണലുകൾക്കും വിദ്യാർത്ഥികൾക്കും കനത്ത പ്രഹരമേൽപ്പിക്കുന്ന പുതിയ കുടിയേറ്റ ബില്ലുമായി റിപ്പബ്ലിക്കൻ പാർട്ടി. അലബാമയിൽ നിന്നുള്ള സെനറ്റർ ടോമി ട്യൂബർവില്ലെ അവതരിപ്പിച്ച 82 പേജുള്ള ‘അസ്സിമിലേഷൻ ആക്ട്’ പ്രകാരം എച്ച്-1ബി വിസകൾക്കും വിദേശ വിദ്യാർത്ഥികളുടെ തൊഴിൽ അനുമതിക്കും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് നീക്കം. നിലവിലുള്ള കുടുംബാംഗങ്ങളെ ആസ്പദമാക്കിയുള്ള കുടിയേറ്റ രീതിക്ക് പകരം കടുത്ത നിബന്ധനകളുള്ള 'മെറിറ്റ്' അധിഷ്ഠിത സംവിധാനം കൊണ്ടുവരികയാണ് ലക്ഷ്യം.
പുതിയ ബിൽ പ്രകാരം പ്രതിവർഷം നൽകുന്ന എച്ച്-1ബി വിസകളുടെ എണ്ണം 50,000 ആയി കുറയ്ക്കും. കൂടാതെ, വിദേശ തൊഴിലാളികൾക്ക് ആ മേഖലയിലെ ശരാശരി ശമ്പളത്തിന്റെ ഇരട്ടി (200 ശതമാനം) എങ്കിലും വേതനം നൽകണമെന്ന് തൊഴിലുടമകളോട് നിഷ്കർഷിക്കുന്നു. വിസ കാലാവധി ഒരു തവണത്തേക്ക് മാത്രമായി (മൂന്ന് വർഷം) പരിമിതപ്പെടുത്തുകയും കാലാവധി കഴിഞ്ഞാൽ ഗ്രീൻ കാർഡിനായി അപേക്ഷിക്കുന്നതിന് മുൻപ് നിർബന്ധമായും രണ്ട് വർഷം സ്വന്തം രാജ്യത്ത് പോയി താമസിക്കണമെന്ന് വ്യവസ്ഥ ചെയ്യുകയും ചെയ്യുന്നു. ഇത് ഗ്രീൻ കാർഡ് പ്രതീക്ഷിക്കുന്ന ആയിരക്കണക്കിന് ഇന്ത്യൻ ഐടി പ്രൊഫഷണലുകളെ നേരിട്ട് ബാധിക്കും.
വിദേശ വിദ്യാർത്ഥികൾക്ക് പഠനശേഷം അമേരിക്കയിൽ ജോലി ചെയ്യാൻ അനുമതി നൽകുന്ന ഒപ്‌ഷണൽ പ്രാക്ടിക്കൽ ട്രെയിനിംഗ് (ഒപിടി) പൂർണ്ണമായും നിർത്തലാക്കാനും ബില്ലിൽ ശുപാർശയുണ്ട്. അമേരിക്കൻ പൗരത്വം നേടുന്നതിനുള്ള താമസ പരിധി 5 വർഷത്തിൽ നിന്ന് 10 വർഷമായി ഉയർത്തുകയും ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യത്തിന് ഉയർന്ന നിലവാരം (ബി2-ലെവൽ) നിർബന്ധമാക്കുകയും ചെയ്യും. 'അമേരിക്കയെ സ്നേഹിക്കുന്നവരും ഇവിടുത്തെ സംസ്‌കാരത്തോട് ചേർന്നുനിൽക്കുന്നവരും മാത്രം ഇവിടെ എത്തിയാൽ മതി' എന്ന നിലപാടാണ് ബിൽ അവതരിപ്പിച്ചുകൊണ്ട് ട്യൂബർവില്ലെ സ്വീകരിച്ചത്.
കുടുംബാംഗങ്ങളെ സ്പോൺസർ ചെയ്യുന്നതിലും കടുത്ത നിയന്ത്രണങ്ങളാണ് വരുന്നത്. പൗരന്മാരുടെ പങ്കാളിക്കും 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും മാത്രമേ ഇനി സ്ഥിര താമസത്തിന് അനുമതി ലഭിക്കൂ. മാതാപിതാക്കൾക്ക് ജോലി ചെയ്യാനോ ആനുകൂല്യങ്ങൾ ലഭിക്കാനോ കഴിയാത്ത വിധം അഞ്ച് വർഷത്തെ പരിമിത വിസ മാത്രമേ നൽകുകയുള്ളൂ. അഭയാർത്ഥി നിയമങ്ങളിലും വിസ നിയമങ്ങൾ ലംഘിച്ച് താമസിക്കുന്നവർക്കെതിരെയുള്ള നടപടികളിലും ബിൽ കർശനമായ മാറ്റങ്ങൾ വിഭാവനം ചെയ്യുന്നു. 2026-ലെ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അമേരിക്കൻ രാഷ്ട്രീയത്തിൽ ഈ കുടിയേറ്റ പരിഷ്കാരങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെക്കും.