Image

ഇന്ത്യയും യുഎഇ-യും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പുതിയ ഉയരങ്ങളിലേക്ക്

Published on 15 May, 2026
ഇന്ത്യയും യുഎഇ-യും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പുതിയ ഉയരങ്ങളിലേക്ക്

 അബുദാബി : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും അബുദാബിയിൽ നടത്തിയ കൂടിക്കാഴ്ചയിൽ ഊർജ്ജം, സാമ്പത്തികം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ നിർണ്ണായകമായ പുതിയ കരാറുകൾ ഒപ്പിട്ടു. ഇന്ത്യയുടെ തന്ത്രപ്രധാനമായ പെട്രോളിയം ശേഖരത്തിൽ യുഎഇയുടെ പങ്കാളിത്തം 30 മില്യൺ ബാരലായി ഉയർത്താനും ഇന്ത്യയിൽ  തന്ത്രപ്രധാനമായ ഗ്യാസ് ശേഖരം സംയുക്തമായി സ്ഥാപിക്കാനും ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായി. ഇന്ത്യൻ ഓയിൽ കോർപ്പറേഷനും അബുദാബി നാഷണൽ ഓയിൽ കമ്പനിയും തമ്മിൽ ദീർഘകാല എൽപിജി വിതരണത്തിനുള്ള കരാറിലും ഒപ്പുവെച്ചു.
 

ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിലുള്ള വിശ്വാസം അടിവരയിട്ടു കൊണ്ട് 5 ബില്യൺ ഡോളറിന്റെ (ഏകദേശം 41,000 കോടി രൂപ) പുതിയ നിക്ഷേപ പദ്ധതികളും യുഎഇ പ്രഖ്യാപിച്ചു. ഇതിൽ ആർബിഎ ബാങ്കിൽ എമിറേറ്റ്‌സ് ന്യൂ ഡെവലപ്‌മെന്റ് ബാങ്ക് നടത്തുന്ന 3 ബില്യൺ ഡോളറിന്റെ നിക്ഷേപവും ഇൻഫ്രാസ്ട്രക്ചർ പദ്ധതികൾക്കായി അബുദാബി ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി നൽകുന്ന ഒരു ബില്യൺ ഡോളറും ഉൾപ്പെടുന്നു. കൂടാതെ, സമാൻ ക്യാപിറ്റലിൽ ഇന്റർനാഷണൽ ഹോൾഡിംഗ് കമ്പനിയും ഒരു ബില്യൺ ഡോളർ നിക്ഷേപിക്കും.

കപ്പൽ നിർമ്മാണ-അറ്റകുറ്റപ്പണി രംഗത്തും നിർണ്ണായക ചുവടുവെപ്പുകൾ ഈ സന്ദർശനത്തിലുണ്ടായി. ഗുജറാത്തിലെ വാഡിനാറിൽ ഷിപ്പ് റിപ്പയർ ക്ലസ്റ്റർ സ്ഥാപിക്കുന്നതിനായി കൊച്ചിൻ ഷിപ്പ്‌യാർഡും ദുബായിലെ ഡ്രൈഡോക്സ് വേൾഡും തമ്മിൽ ധാരണാപത്രം ഒപ്പിട്ടു. ഇന്ത്യൻ നാവിക തൊഴിലാളികൾക്ക് ആഗോളതലത്തിൽ തൊഴിൽ നൈപുണ്യം ഉറപ്പാക്കുന്നതിനുള്ള പരിശീലന പദ്ധതികളും ഇതിന്റെ ഭാഗമായി നടപ്പിലാക്കും. സാങ്കേതിക രംഗത്ത് ഇന്ത്യയിലെ സി-ഡാക്കും യുഎഇയിലെ ജി-42 ഉം ചേർന്ന് '8 എക്സാഫ്ലോപ്പ്' ശേഷിയുള്ള സൂപ്പർ കമ്പ്യൂട്ട് ക്ലസ്റ്റർ സ്ഥാപിക്കാനും തീരുമാനിച്ചു.

വ്യാപാര രംഗം സുഗമമാക്കുന്നതിനായി 'മൈത്രി' (MAITRI) എന്ന ഡിജിറ്റൽ സംവിധാനം ഉപയോഗിച്ചുള്ള വിർച്വൽ ട്രേഡ് കോറിഡോർ പ്രവർത്തനക്ഷമമാക്കിയതിനെ ഇരുനേതാക്കളും സ്വാഗതം ചെയ്തു. ഇത് ഇരുരാജ്യങ്ങൾക്കുമിടയിലുള്ള ചരക്ക് നീക്കത്തിന്റെ സമയവും ചെലവും ഗണ്യമായി കുറയ്ക്കാൻ സഹായിക്കും. ഊർജ്ജം, പ്രതിരോധം, വിദ്യാഭ്യാസം, സംസ്‌കാരം തുടങ്ങിയ മേഖലകളിലെ സമഗ്ര തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താനും ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം പുതിയ റെക്കോർഡുകൾ ഭേദിക്കുമെന്നും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക