Image

ശത്രുക്കൾക്കു മാത്രമേ ഹോർമുസ് അടച്ചിട്ടുള്ളുവെന്നു അറാഗ്ചി; അണ്വായുധത്തിൽ താത്പര്യമില്ല (പിപിഎം)

Published on 15 May, 2026
 ശത്രുക്കൾക്കു മാത്രമേ ഹോർമുസ് അടച്ചിട്ടുള്ളുവെന്നു അറാഗ്ചി; അണ്വായുധത്തിൽ താത്പര്യമില്ല (പിപിഎം)

ഇറാനെതിരെ യുദ്ധം ചെയ്യുന്ന രാജ്യങ്ങൾക്കു മാത്രമേ ഹോർമുസ് കടലിടുക്ക് അടച്ചിട്ടുള്ളൂ എന്നു വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി ഡൽഹിയിൽ വ്യക്തമാക്കി. ഇന്ത്യയുമായുള്ള ബന്ധങ്ങൾക്ക്‌ ഇറാൻ ഉയർന്ന മൂല്യം നൽകുന്നുവെന്ന് ബ്രിക്‌സ് വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിനു ശേഷം മാധ്യമങ്ങളോടു അറാഗ്ചി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ എന്നിവരുമായി സംസാരിച്ചെന്നും അദ്ദേഹം വെളിപ്പെടുത്തി. "പേർഷ്യൻ ഗൾഫിൽ ഇരു രാജ്യങ്ങൾക്കും പൊതുവായ താല്പര്യങ്ങൾ ഉണ്ട്."

ഹോർമുസിലെ സ്ഥിതിവിശേഷം വളരെ സങ്കീർണമാണെന്നു അദ്ദേഹം പറഞ്ഞു. "കപ്പലുകൾ സുരക്ഷിതമായി കടന്നു പോകാൻ ഞങ്ങൾ സഹായിക്കുന്നുണ്ട്. ഇന്ത്യൻ കപ്പലുകളെയും സഹായിച്ചു. കപ്പലുകൾ സുരക്ഷിതമായി കടന്നു പോകണം എന്നതാണ് ഇറാന്റെ നയം."

ഹോർമുസ് തുറക്കണമെന്നു പ്രസിഡന്റ് ട്രംപും ചൈനീസ് നേതാവ് ഷി ജിൻപിങ്ങും ബെയ്‌ജിംഗിൽ ആവശ്യപ്പെട്ടതിനെ കുറിച്ചു ചോദിച്ചപ്പോൾ അറാഗ്ചി പറഞ്ഞു: "ഹോർമുസ് പൂർണമായി തുറക്കണം എന്നതു തന്നെയാണ് ഞങ്ങളുടെ ആവശ്യം. ഞങ്ങളോട് യുദ്ധം ചെയ്യുന്ന രാജ്യങ്ങൾ ഒഴികെ എല്ലാവരുടെയും കപ്പലുകൾ സുരക്ഷിതമായി കടന്നു പോകണം."

അണ്വായുധത്തിൽ താല്പര്യമില്ല

ഇറാന് അണ്വായുധം ഉണ്ടാക്കാൻ താത്പര്യമില്ലെന്ന് അറാഗ്ചി വ്യക്തമാക്കി. 2015ൽ ആണവ കരാർ ഒപ്പുവച്ചപ്പോൾ അതു വ്യക്തമാക്കിയതാണ്.  

അണുശക്തി സമാധാനപരമായ ആവശ്യങ്ങൾക്കാണ്‌ ഇറാൻ ഉപയോഗിക്കുന്നതെന്ന് അദ്ദേഹം എടുത്തു പറഞ്ഞു.

2015 കരാർ അനുസരിച്ചു യു എൻ ഇൻസ്‌പെക്ടർമാർ ഇറാനിൽ കർശന പരിശോധന നടത്തിയിട്ടുണ്ട്. എന്നാൽ ഒബാമ ഭരണകാലത്തു ഒപ്പുവച്ച കരാറിനു ന്യൂനതകൾ ഉണ്ടെന്നു വാദിച്ചു പ്രസിഡന്റ് ട്രംപ് 2018ൽ അതിൽ നിന്ന് ഏകപക്ഷീയമായി പിന്മാറി.


Hormuz open to all except hostile countries: Iran

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക