
ഇന്ത്യയും യു എ ഇയും ഊർജ സുരക്ഷ, പ്രതിരോധ പങ്കാളിത്ത, വ്യാപാര മേഖലകളിൽ ബില്യൺ കണക്കിനു ഡോളറിന്റെ സഹകരണം വെള്ളിയാഴ്ച്ച പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അബുദാബിയിലെ രണ്ടര മണിക്കൂർ മാത്രം നീണ്ട സന്ദർശനത്തിലാണ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ചേർന്നു കരാറുകൾ പ്രഖ്യാപിച്ചത്.
യു എ ഇ ഇന്ത്യയ്ക്കു എൽ പി ജി ലഭ്യമാക്കും. അതിനായി ഇന്ത്യൻ ഓയിൽ കോർപറേഷനും അബുദാബി നാഷണൽ ഓയിൽ കമ്പനിയും തമ്മിൽ ദീർഘകാല കരാറായി. യുദ്ധം മൂലം ഖത്തറിൽ നിന്നുള്ള എൽ പി ജി വരാത്തതിനാൽ ഇന്ത്യ പ്രതിസന്ധി നേരിടുന്ന സമയത്താണിത്.
യു എ ഇ ഇന്ത്യയിൽ $5 ബില്യൺ നിക്ഷേപിക്കുമെന്നും അറിയിപ്പുണ്ടായി. അതിൽ $3 ബില്യൺ എമിറേറ്റ്സ് ന്യൂ ഡെവലപ്മെന്റ് ബാങ്ക് ഇന്ത്യയിലെ ആർ ബി എൽ ബാങ്കിൽ നിക്ഷേപിക്കുന്നതാണ്. ഒരു ബില്യൺ ഡോളർ അബുദാബി വികസന അതോറിട്ടി ഇന്ത്യയുടെ നാഷണൽ ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് ഇൻവെൻസ്റ്റ്മെന്റ് ഫണ്ടിൽ നിക്ഷേപിക്കും.
യു എ ഇയുടെ ഇന്റർനാഷണൽ ഹോൾഡിംഗ് കമ്പനി ഇന്ത്യയുടെ സമ്മാൻ ക്യാപിറ്റലിൽ വാഗ്‌ദാനം ചെയ്ത നിക്ഷേപം $1 ബില്യൺ ആണ്.
കൊച്ചിൻ ഷിപ്‌യാർഡും ദുബായ് ഡ്രൈഡോക്‌സും തമ്മിൽ ഒപ്പു വച്ച ധാരണാപത്രം അനുസരിച്ചു ഗുജറാത്തിലെ വാദിനാറിൽ കപ്പൽ റിപ്പയർ സമുച്ചയം നിർമിക്കും.
PM Modi, UAE Prez oversee signing of new pacts